അന്താരാഷ്ട്ര വിനോദസഞ്ചാര ഭൂപടത്തിൽ പതിറ്റാണ്ടുകൾക്കു മുമ്പേ ഇടം നേടിയ കോവളം തീരനവീകരണത്തിന് 93 കോടി രൂപ അനുവദിച്ചുകൊണ്ടുള്ള മന്ത്രിസഭാ തീരുമാനം സ്വാഗതാർഹമാണ്. കുറെ വർഷങ്ങളായി ഏറെ അവഗണിക്കപ്പെട്ട നിലയിലായിരുന്നു വിശ്വവിഖ്യാതമായ ഈ സഞ്ചാരകേന്ദ്രം. ദൗർഭാഗ്യവശാൽ പല രീതിയിലുള്ള അവഗണന കാരണം തീരം കോലംകെട്ടതോടെ സഞ്ചാരികൾ പ്രായേണ അകന്നുകൊണ്ടിരിക്കുന്ന കാഴ്ചയാണ് കുറെക്കാലമായി കാണുന്നത്. എന്നിരുന്നാലും പഴയ പെരുമയുടെ നിഴലിൽ കോവളത്തേക്ക് ആണ്ടുതോറും എത്തുന്ന സഞ്ചാരികൾക്ക് വലിയ കുറവൊന്നും വന്നിട്ടില്ല.
കോവളത്തിന്റെ പഴയ പ്രതാപം വീണ്ടെടുക്കാനുള്ള നവീകരണ പദ്ധതിയാണ് ടൂറിസം വകുപ്പിന്റെ പരിഗണനയിലുള്ളത്. രണ്ടു ഘട്ടമായിട്ടാകും നവീകരണം. ബീച്ച് നവീകരണം, പാർക്ക് നവീകരണം, ഭൂമി വികസനം, കോവളത്തേക്കും സമീപപ്രദേശങ്ങളിലേക്കുമുള്ള യാത്രാസൗകര്യ വികസനം, കൂടുതൽ ഭൂമി ഏറ്റെടുത്ത് സഞ്ചാരകേന്ദ്ര വിസ്‌തൃതി വർദ്ധിപ്പിക്കൽ എന്നിവയാണ് ആദ്യഘട്ടത്തിലെ പരിപാടികൾ. രണ്ടാം ഘട്ടത്തിൽ പ്രധാനമായും അടിമലത്തുറയുടെ വികസനമാണ്. സമീപത്തുള്ള തെങ്ങിൻതോട്ടങ്ങൾ ഉൾപ്പെടുത്തി സൗന്ദര്യവത്‌കരണവും രണ്ടാംഘട്ട വികസന പദ്ധതിയിലെ പ്രധാന ഇനമാണ്. പദ്ധതികൾ പൂർത്തിയാവുമ്പോൾ കോവളത്തിന് പഴയ പ്രതാപം വീണ്ടെടുക്കാനാവുമെന്ന പ്രതീക്ഷയാണ് ടൂറിസം വകുപ്പിനുള്ളത്. കോവളം വികസനവുമായി ബന്ധപ്പെട്ട് മുമ്പും നിരവധി പദ്ധതികൾ ആവിഷ്കരിക്കുകയും ധാരാളം പണം ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളായിരുന്നില്ല പലതും. അതുകൊണ്ടുതന്നെ ഉദ്ദേശിച്ചഫലം ലഭിച്ചതുമില്ല. കൊവിഡ് മഹാമാരിയും കൂടക്കൂടെയുണ്ടാകുന്ന കടൽക്ഷോഭവും കോവളത്തെ വിനോദസഞ്ചാരത്തിന് ഇടക്കാലത്ത് വളരെയേറെ മങ്ങലേൽപ്പിച്ചിരുന്നു
അറുന്നൂറ് കിലോമീറ്ററോളം നീണ്ടുകിടക്കുന്ന കടൽത്തീരം പ്രകൃതി കേരളത്തിനു നല്‌കിയ അനുഗ്രഹമാണ്. ഭാവനയും പണവുമുണ്ടായിരുന്നെങ്കിൽ ലോകോത്തരങ്ങളായ എത്രയോ കടൽത്തീര വിനോദകേന്ദ്രങ്ങൾ വളർത്തിയെടുക്കാൻ കഴിയുമായിരുന്നു. പരിഷ്‌കൃത രാജ്യങ്ങൾ മാത്രമല്ല വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന കൊച്ചുരാജ്യങ്ങൾ ബീച്ച് ടൂറിസം മേഖലയിൽ നടപ്പാക്കുന്ന വമ്പൻ പദ്ധതികൾ കേരളത്തിനും മാതൃകയാക്കാവുന്നതാണ്. ഈ മേഖലയിൽ എത്ര പണം മുടക്കാനും രാജ്യത്തും വിദേശത്തും ആളുകളുണ്ട്. അവരെ ഇങ്ങോട്ട് ആകർഷിക്കാൻ സാമർത്ഥ്യം കാണിക്കുന്നില്ലെന്നതാണ് സംസ്ഥാനം നേരിടുന്ന പ്രതിസന്ധി. ഈ മേഖല വൻതോതിലുള്ള അടിസ്ഥാന സൗകര്യ വികസനം ആവശ്യപ്പെടുന്നുണ്ട്. ഭാരിച്ച ചെലവ് വരുന്നതാണ് ഇതുമായി ബന്ധപ്പെട്ട വികസന പദ്ധതികൾ. സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ടുഴലുന്ന സർക്കാർ മാത്രം വിചാരിച്ചാൽ നടപ്പാക്കാവുന്ന കാര്യമല്ലിത്. വൻതോതിലുള്ള സ്വകാര്യ നിക്ഷേപമാണ് ഈ മേഖലയിൽ ആവശ്യം. അതു സാദ്ധ്യമാക്കും വിധം സർക്കാരിന്റെ നയസമീപനങ്ങളിൽ മാറ്റങ്ങളും വരേണ്ടതുണ്ട്. എന്തിനെയും എതിർക്കുന്ന ജനങ്ങളുടെ മനോഭാവവും മാറണം.
സംസ്ഥാനത്തിന്റെ വരുമാനത്തിൽ ടൂറിസം മേഖലയുടെ പങ്ക് വളരെ വലുതാണ്. വിനോദസഞ്ചാരം അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന മേഖലയാണിപ്പോൾ. വർഷത്തിൽ എല്ലാ ദിവസവും സുഗമമായി സഞ്ചരിക്കാൻ കഴിയുന്ന ഇടമെന്ന നിലയിൽ കേരളത്തിന് ഈ രംഗത്ത് അത്യപൂർവമായ സ്ഥാനമാണുള്ളത്. വിനോദസഞ്ചാര കേന്ദ്രങ്ങൾക്കൊപ്പം പെരുമയേറിയ തീർത്ഥാടനകേന്ദ്രങ്ങളും ലക്ഷക്കണക്കിനു അന്യസംസ്ഥാനക്കാരെ ഇങ്ങോട്ട് ആകർഷിക്കുന്നു. ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിനൊപ്പം പ്രമുഖ തീർത്ഥാടനകേന്ദ്രങ്ങളുടെ വികസനവും ഏറ്റെടുക്കേണ്ടതുണ്ട്. വിനോസഞ്ചാര മേഖല ഏറ്റവും കൂടുതൽ ആശ്രയിക്കാവുന്ന വരുമാന സ്രോതസായി മാറ്റാൻ കഴിഞ്ഞാൽ തൊഴിലില്ലായ്മയ്ക്ക് മികച്ച പരിഹാരമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |