എല്ലാ വലിയ ദുരന്തങ്ങളെയും മനുഷ്യസമൂഹം ഇച്ഛാശക്തികൊണ്ടും കർമ്മശക്തികൊണ്ടും അതിജീവിച്ചിട്ടുണ്ട്. ചരിത്രത്തിലുടനീളം ഇത്തരം ഏടുകൾ കാണാനാകും. ജനങ്ങളും സർക്കാരും ഒന്നിച്ചുനിൽക്കുമ്പോൾ ഈ അതിജീവനം ഒരു പുതിയ പുലരിയുടെ ഉദയമായി മാറുകയും ചെയ്യും. വയനാട്ടിലെ മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ വീടുകളും ഭൂമിയും നഷ്ടപ്പെട്ടവർക്കായി സംസ്ഥാന സർക്കാർ നിർമ്മിക്കുന്ന മാതൃകാ ടൗൺഷിപ്പിന്റെ തറക്കല്ലിടൽ മുഖ്യമന്ത്രി പിണറായി വിജയൻ കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർവഹിച്ചിരിക്കുകയാണ്. സംസ്ഥാന സർക്കാർ നാലാം വാർഷികത്തിനു തയ്യാറെടുക്കുന്ന വേളയിൽ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി ഈ ഉദ്യമം തുടങ്ങാനായതിൽ സർക്കാരിന് അഭിമാനിക്കാം.
ടൗൺഷിപ്പ് നിർമ്മിക്കുന്നത് കേരളത്തിന്റെ സ്വന്തം പ്രയത്നവും വിഭവവും കൊണ്ടാണെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുള്ളത്. കേന്ദ്ര സർക്കാരിനോട് പാക്കേജ് ആവശ്യപ്പെട്ടെങ്കിലും കടമായാണ് തന്നതെന്ന് അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. കേരളത്തിലെ ഉദാരമതികളായ മനുഷ്യരുടെയും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും മലയാളികളായ പ്രവാസികളുടെയും നിർലോപമായ സഹകരണം ഈ പദ്ധതി പൂർത്തീകരണത്തിന് തീർച്ചയായും ഉണ്ടാകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 725 കോടി രൂപ നിർമ്മാണത്തിന് വിനിയോഗിക്കാനാണ് തീരുമാനം. എൽസ്റ്റൺ എസ്റ്റേറ്റിലെ ടൗൺഷിപ്പിൽ 402 കുടുംബങ്ങൾക്കാണ് 1000 ചതുരശ്ര അടിയിൽ വീടുകൾ നിർമ്മിക്കുന്നത്. ഏഴു സെന്റിലാണ് ഒരു വീട്. ഒരു ക്ളസ്റ്ററിൽ 20 വീടുകൾ. ഭാവിയിൽ ഇരുനില നിർമ്മിക്കാനാവശ്യമായ അടിത്തറയാണ് വീടുകൾക്ക് ഒരുക്കുന്നത് എന്നതും അഭിനന്ദനീയമാണ്.
വൈദ്യുതി, കുടിവെള്ളം, ആരോഗ്യകേന്ദ്രം, പൊതുമാർക്കറ്റ്, കളിസ്ഥലം, കമ്മ്യൂണിറ്റി സെന്റർ തുടങ്ങിയ സൗകര്യങ്ങളും ടൗൺഷിപ്പിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സഹകരണ സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല. ദുരന്തം സംഭവിച്ച് ഒൻപതു മാസത്തിനുള്ളിൽ ഒരു ടൗൺഷിപ്പിന്റെ നിർമ്മാണം ആരംഭിക്കാൻ കഴിഞ്ഞത് വലിയ കാര്യം തന്നെയാണ്. ഉരുൾപൊട്ടലിൽ ഇല്ലാതായ രണ്ടു ഗ്രാമങ്ങൾ മറ്റൊരിടത്ത് പുനർജ്ജനിക്കുന്നത് പുതിയ പ്രതീക്ഷകൾക്കു കൂടിയാണ് തുടക്കമിടുന്നത്. ഒരുരാത്രികൊണ്ട് ഉറ്റവരെയും അതുവരെ കഷ്ടപ്പെട്ട് സ്വരൂപിച്ച സർവ്വതും നഷ്ടപ്പെട്ടവരെ ചേർത്തുപിടിക്കാൻ ഇവിടെ ജാഗരൂകമായ ഒരു സമൂഹമുണ്ട് എന്ന സന്ദേശം കൂടിയാണ് ഈ പുതിയ ടൗൺഷിപ്പ് നൽകുന്നത്. ഇവിടെ ജീവിക്കാൻ തയ്യാറെടുക്കുന്നവരുടെ മുന്നിൽ അവസരങ്ങളുടെ സാദ്ധ്യതകൾ സൃഷ്ടിക്കാൻ സമൂഹത്തിലെ കഴിവുള്ളവർ തുടർന്നും പല രീതിയിൽ സഹായഹസ്തങ്ങൾ നൽകേണ്ടത് ആവശ്യമാണ്.
സർക്കാർ മാത്രമല്ല, സ്വകാര്യ മേഖലയും ഇതിനായി മുന്നോട്ടുവരണം. ദുരന്തം അതിജിവിച്ചവരിൽ യോഗ്യതയുള്ളവർക്ക് ജോലികൾ നൽകാനും സ്വകാര്യ സ്ഥാപനങ്ങൾ മുൻഗണന നൽകേണ്ടതാണ്. ദുരന്തം രണ്ട് ഗ്രാമങ്ങളെ തുടച്ചുനീക്കിയതിനൊപ്പം വയനാട് ജില്ലയെയാകെ പല രീതിയിലും തളർത്തുകയുണ്ടായി. ടൂറിസം രംഗത്തിനേറ്റ തിരിച്ചടി ഇതിൽ ഒന്നുമാത്രം. ഇതെല്ലാം തിരിച്ചുപിടിക്കാൻ ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികൾ ആവശ്യമാണ്. കേന്ദ്ര സർക്കാരും ഇതിന്റെ ഭാഗമായി മാറേണ്ടതാണ്. ദുരന്തബാധിതരുടെ, ദേശസാത്‌കൃത ബാങ്കുകളിലെ കടബാദ്ധ്യത എഴുതിത്തള്ളാൻ കേന്ദ്രത്തിന്റെ നിർണായക ഇടപെടൽ ഉണ്ടാകേണ്ട സന്ദർഭം കൂടിയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |