ഏതു നിമിഷവും ഒരു യുദ്ധത്തിലേക്ക് പരിണമിക്കുമോ എന്ന് കടുത്ത ആശങ്കയുണർത്തി, കഴിഞ്ഞ നാലു ദിവസമായി തുടർന്നുവന്ന ഇന്ത്യ- പാക് സംഘർഷ സാഹചര്യത്തിനാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനികതല ചർച്ചകളുടെ ശുഭ ഫലമായുള്ള വെടിനിറുത്തൽ ധാരണയോടെ അറുതിയാകുമെന്ന് കരുതിയത്. വെടിനിറുത്തൽ ഇന്നലെ വൈകിട്ട് അഞ്ചു മണിക്കു തന്നെ നിലവിൽ വന്നെങ്കിലും രാത്രി വൈകി അത് പാകിസ്ഥാൻ ലംഘിക്കുന്ന കാഴ്ചയാണ് കണ്ടത്. രണ്ട് ആണവരാജ്യങ്ങൾക്കിടയിലുള്ള സംഘർഷം ഒഴിവാക്കാൻ ഇരുരാജ്യങ്ങളുമായും അമേരിക്കയും സൗദി അറേബ്യയും ദീർഘമായ ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുന്നതിനിടെ, ഇന്ത്യയുടെ കനത്ത തിരിച്ചടികളിലും ശക്തിയേറിയ പ്രഹരത്തിലും പകച്ചുപോയ പാകിസ്ഥാൻ തന്നെ വെടിനിറുത്തൽ സന്നദ്ധത ഇന്ത്യയെ നേരിട്ട് അറിയിച്ചുവെന്നത് രാഷ്ട്രീയമായും സൈനികമായും ശക്തമായ രാജ്യമെന്ന നിലയിൽ ആഗോളതലത്തിൽ ഇന്ത്യയുടെ കരുത്തും സ്ഥാനവും യശസും ഉറപ്പിക്കുന്നതാണ്.
ഇന്നലെ വൈകിട്ട് മൂന്നരയോടെ പാകിസ്ഥാന്റെ മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ ആണ് ഇന്ത്യയുടെ ഡി.ജി.എം.ഒയെ വിളിച്ച് വെടിനിറുത്തൽ സന്നദ്ധത അറിയിച്ചത്. പഹൽഗാം ഭീകരാക്രമണത്തിനു ശേഷം കഴിഞ്ഞ പതിനേഴു ദിവസമായി സംഘർഷത്തിന്റെയും പ്രകോപനങ്ങളുടെയും സാഹചര്യങ്ങളിലെല്ലാം തികഞ്ഞ സംയമനത്തോടെയും മാന്യതയോടെയും നിയന്ത്രിതമായ രീതിയിൽ മാത്രം തിരിച്ചടി നൽകിക്കൊണ്ടിരുന്ന ഇന്ത്യ, പാകിസ്ഥാന്റെ അഭ്യർത്ഥന അംഗീകരിക്കുകയായിരുന്നു. അതിന്റെ ഔദ്യോഗിക സ്ഥിരീകരണം വിദേശകാര്യ സെക്രട്ടറിയും സൈനിക മേധാവികളും പിന്നാലെതന്നെ നൽകുകയും ചെയ്തു. വെടിനിറുത്തലിനു ശേഷമുള്ള സൈനികതല തുടർ ചർച്ചകൾ ഇരുരാജ്യങ്ങൾക്കും സ്വീകാര്യമായ വേദിയിൽ തിങ്കളാഴ്ച നടക്കും. ഒപ്പം വിദേശകാര്യ മന്ത്രാലയങ്ങൾ തമ്മിലുള്ള ചർച്ചയുമുണ്ടാകും. എന്നാൽ സമാധാനത്തിലേക്കെന്ന തോന്നൽ സൃഷ്ടിച്ചെങ്കിലും കാര്യങ്ങൾ വഴുതിമാറുന്ന നിലയാണ് ഇന്നലെ രാത്രി വൈകി പാകിസ്ഥാൻ നടത്തിയ ആക്രമണം. അതിർത്തിയിലെ പാക് പ്രകോപനം സ്ഥിരീകരിച്ച ഇന്ത്യൻ വിദേശകാര്യമന്ത്രാലയം, സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഏത് ആക്രമണത്തെയും ശക്തമായി നമ്മൾ തിരിച്ചടിക്കുമെന്നതിൽ ആർക്കും സംശയം ഉണ്ടാവുകയില്ല. പാക് സേനയ്ക്ക് ഉചിതമായ നിർദ്ദേശം നൽകാൻ ഭരണ നേതൃത്വത്തോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരു മൂന്നാംകക്ഷിയുടെ നേരിട്ടുള്ള ഇടപെടൽ കൂടാതെ, ഇന്ത്യയുടെയും പാകിസ്ഥാന്റെയും സൈനികതല ചർച്ചയിലാണ് വെടിനിറുത്തൽ തീരുമാനമായതെങ്കിലും സമാധാന ചർച്ചകളിൽ യു.എസും സൗദി അറേബ്യയും വഹിച്ച പങ്ക് ചെറുതല്ല. യു.എസ് സ്റ്രേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്നലെ പാക് സൈനിക മേധാവിയെ ഫോണിൽ വിളിച്ച് ദീർഘമായി സംസാരിച്ചിരുന്നു. അതിനുശേഷം അദ്ദേഹം ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിനെ വിളിച്ച് പാകിസ്ഥാന്റെ നിലപാട് വിശദീകരിച്ചു. ഒപ്പം സൗദിയുടെ ഇടപെടലുമുണ്ടായി. ഇതിനെല്ലാം ശേഷമായിരുന്നു ഇരുരാജ്യങ്ങളുടെയും മിലിട്ടറി ഓപ്പറേഷൻസ് മേധാവികൾ തമ്മിലുള്ള ടെലിഫോൺ ചർച്ച. ഇന്ത്യയ്ക്ക് സ്വീകാര്യമായ വിധത്തിൽ, തങ്ങൾ വെടിനിറുത്തലിന് സന്നദ്ധമാണെന്ന് നേരിട്ട് വിളിച്ചറിയിക്കുക എന്ന ഉപാധി അമേരിക്കയും സൗദിയും പാകിസ്ഥാന് കൈമാറിയിരിക്കാനാണ് സാദ്ധ്യത. ഇന്ത്യയ്ക്കെതിരെ പാകിസ്ഥാൻ നടത്തിയ നീചമായ നുണപ്രചാരങ്ങളും വ്യാജ വർത്തമാനങ്ങളുമൊന്നും വെടിനിറുത്തൽ സന്നദ്ധത സ്വീകരിക്കാൻ ഇന്ത്യയ്ക്ക് തടസമായില്ല. അതിൽ പുലർത്തിയ മാന്യത അന്താരാഷ്ട്രതലത്തിൽ ചർച്ചചെയ്യപ്പെടുക തന്നെ ചെയ്യും.
പഹൽഗാം ഭീകരാക്രമണത്തിനു ശേഷമുള്ള ഓരോ ദിവസവും ശക്തമായ ഒരു തിരിച്ചടിക്കുള്ള തയ്യാറെടുപ്പിലായിരുന്നു നമ്മൾ. 'ഓപ്പറേഷൻ സിന്ദൂർ" എന്ന തികച്ചും വൈകാരികവും എന്നാൽ കൃത്യമായ ആസൂത്രണവും പ്രകടമാക്കിയ സൈനിക നടപടിക്കു പിന്നിൽ ഇന്ത്യയിലെ ഉത്തരവാദിത്വബോധമുള്ള സർക്കാരിന്റെ ഇച്ഛാശക്തി വ്യക്തമായിരുന്നു. ഇന്ത്യയോട് തീക്കളിയുമായി വന്നാൽ ഉറപ്പായും തിരിച്ചടിച്ചിരിക്കും എന്ന് രാജ്യത്തെ ജനങ്ങൾ ചിന്തിച്ചതുതന്നെ കേന്ദ്ര സർക്കാരിലുള്ള വിശ്വാസത്താലായിരുന്നു. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും അദ്ദേഹം നേതൃത്വം നൽകുന്ന ടീമും വിജയം കാണുകതന്നെ ചെയ്തു. പ്രധാനമന്ത്രിയുടെ ഓഫീസ് ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിച്ചുവെന്നു മാത്രമല്ല, നേരം പുലരുംവരെയുള്ള ഓരോ സൈനിക നടപടിയും മോദി നേരിട്ടു നിരീക്ഷിക്കുകയും ചെയ്തു. പ്രതിപക്ഷവും സർക്കാരിന്റെ എല്ലാ തീരുമാനങ്ങളെയും പിന്തുണയ്ക്കുകയും ഭീകരരെ തുടച്ചുനീക്കുന്നതിൽ രാജ്യം ഒറ്റക്കെട്ടാണെന്ന സന്ദേശം നൽകുകയും ചെയ്തു. ഇന്ത്യയുടെ സേനാ വിഭാഗങ്ങളും രാജ്യത്തിന്റെ സുരക്ഷ തങ്ങളുടെ കൈകളിൽ ഭദ്രമാണെന്ന് തെളിയിച്ചു. ഇതെല്ലാം ഓരോ ഇന്ത്യക്കാരിലും അഭിമാനബോധം ഉണർത്തുന്ന കാര്യങ്ങളായിരുന്നു.
അമേരിക്കയും സൗദി അറേബ്യയും ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ഇന്ത്യ പുലർത്തുന്ന ശക്തമായ സൗഹൃദബന്ധം പഹൽഗാം ഭീകരാക്രമണത്തിനു ശേഷമുള്ള സംഘർഷ സാഹചര്യം അവസാനിപ്പിക്കുന്നതിലും സഹായകമായി എന്നു പറയണം. ഇക്കഴിഞ്ഞ ഏപ്രിൽ 22ന് കാശ്മീരിലെ പഹൽഗാമിൽ പാക് ഭീകരർ നടത്തിയ നിഷ്ഠുരമായ ആക്രമണത്തിൽ 26 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ടതിനു ശേഷവും ധൃതിപിടിച്ചൊരു ആക്രമണത്തിന് ഇന്ത്യ മുതിർന്നിരുന്നില്ല. 'ഓപ്പറേഷൻ സിന്ദൂർ" എന്നു പേരിട്ട് മേയ് ഏഴിനു നടപ്പാക്കിയ സൈനിക ദൗത്യമാകട്ടെ, പാക് അധീന കാശ്മീരിലെയും പാക് അതിർത്തി മേഖലകളിലെയും ഭീകര താവളങ്ങളെ മാത്രം ലക്ഷ്യമിട്ടായിരുന്നു. തുടർദിവസങ്ങളിൽ തുടർച്ചയായ പാക് പ്രകോപനമുണ്ടായിട്ടു പോലും, ഭീകര ക്യാമ്പുകൾക്കു നേരെയും ഇന്ത്യയ്ക്കു നേരെ മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ട ലോഞ്ച് പാഡുകൾക്കു നേരെയും മാത്രമായിരുന്നു നമ്മുടെ പ്രഹരം. ജമ്മു കാശ്മീർ, പഞ്ചാബ് സംസ്ഥാനങ്ങളുടെ അതിർത്തിയിൽ ജനവാസകേന്ദ്രങ്ങളിലേക്ക് പാക് സേന നടത്തിയ ഷെല്ലാക്രമണത്തിൽ രണ്ട് സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ മരണമടഞ്ഞിരുന്നു. സംയമനത്തിന്റെ നെല്ലിപ്പലകയിൽ നിന്നാണ് ഇന്ത്യ പ്രതിരോധവും പരിധിവിടാത്ത പ്രഹരവും നടത്തിയതെന്ന് അർത്ഥം. എന്നാൽ വെടിനിറുത്തൽ പ്രഖ്യാപനത്തിനു ശേഷവും അത് ലംഘിച്ചുകൊണ്ടുള്ള പാക് പ്രകോപനങ്ങൾ പാകിസ്ഥാന്റെ വിനാശത്തിനായിരിക്കും വഴിയൊരുക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |