SignIn
Kerala Kaumudi Online
Friday, 26 April 2024 11.27 PM IST

സി.പി.എം- ബി.ജെ.പി 'ഇടനിലക്കാരൻ' പ്രതിപക്ഷത്തെ രാഷ്ട്രീയം പഠിപ്പിക്കേണ്ട

photo

കേന്ദ്രമന്ത്രി വി. മുരളീധരന്റെ ലേഖനത്തിനുള്ള മറുപടി -

സി.പി.എം സംസ്ഥാന ഘടകത്തിനും ബി.ജെ.പി ദേശീയനേതൃത്വത്തിനും ഇടയിലുള്ള 'ഒത്തുതീർപ്പ്' രാഷ്ട്രീയത്തിലെ ഇടനിലക്കാരായാണ് സംസ്ഥാന ബി.ജെ.പി നേതാക്കൾ പ്രവർത്തിക്കുന്നത്. കേന്ദ്രമന്ത്രി വി. മുരളീധരന്റെ നേതൃത്വത്തിലാണ് സി.പി.എം നേതാക്കളുമായി ചേർന്ന് 'സഹകരണാത്മക സംഘ'മായി പ്രവർത്തിക്കുന്നത്. കോൺഗ്രസ്‌മുക്ത ഭാരതമെന്ന ബി.ജെ.പിയുടെ പ്രഖ്യാപിതലക്ഷ്യത്തിന്റെ ഭാഗമായ ഒത്തുതീർപ്പ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ നാം കണ്ടു. താമരക്കുമ്പിളിൽ വിരിഞ്ഞ സി.പി.എം തുടർഭരണത്തിന്റെ ദുരന്തഫലമാണ് കേരളം ഇന്ന് അനുഭവിക്കുന്നതും.

മുഖ്യമന്ത്രി ഉൾപ്പെടെ സി.പി.എം നേതാക്കൾ ആരോപണവിധേയരായ സ്വർണക്കടത്ത് കേസിലും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർക്കെതിരെ ഉയർന്ന കൊടകര കുഴൽപ്പണകേസിലും വി. മുരളീധരൻ ഇടനിലക്കാരനായി തിളങ്ങി! അങ്ങനെയുള്ള ഒരാൾ യു.ഡി.എഫിനെ പ്രതിപക്ഷ രാഷ്ട്രീയപ്രവർത്തനം പഠിപ്പിക്കാൻ വരുന്നത് അപഹാസ്യമാണ്.


നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് ആരോപണങ്ങൾ ഉയർന്നപ്പോൾ കേന്ദ്ര ഏജൻസികളെ അന്വേഷണത്തിന് ക്ഷണിച്ച് 2020 ജൂലായ് എട്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് കത്തയച്ചിരുന്നു. കത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തുമെന്ന ഘട്ടത്തിൽ, 2020 ഡിസംബർ ഏഴിന് ഫെഡറൽ തത്വങ്ങൾ ഓർമ്മപ്പെടുത്തി മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് മറ്റൊരു കത്തുകൂടി അയച്ചു. ഈ കത്തോടെ അന്വേഷണങ്ങളെല്ലാം നിലച്ചു. മുഖ്യമന്ത്രിയുടെ കത്തിൽ തുടങ്ങിയ അന്വേഷണം അദ്ദേഹത്തിന്റെതന്നെ മറ്റൊരു കത്തിൽ അവസാനിച്ചു. തെളിവുകളുണ്ടായിട്ടും മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാൻ വിളിക്കാൻപോലും കേന്ദ്ര ഏജൻസികൾ തയാറാകാത്തത് ബി.ജെ.പി സി.പി.എം ഒത്തുതീർപ്പ് സംഘത്തിന്റെ ഇടപെടൽ അടിവരയിടുന്നു.

സുപ്രീം കോടതിയിലുള്ള ലാവലിൻ കേസ് 33 തവണ മാറ്റിവയ്പ്പിച്ച് പിണറായി വിജയനെ രക്ഷിക്കാൻ ഇടപെടുന്നതും ഇതേ 'ഒത്തുതീർപ്പ് സംഘ'മല്ലാതെ മാറ്റാരാണ്? സ്വർണക്കടത്ത് കേസിന്റെ അന്വേഷണം തുടങ്ങിയപ്പോൾത്തന്നെ സ്വർണം കടത്തിയത് ഡിപ്ലോമാറ്റിക് ചാനൽ വഴിയല്ലെന്ന് പറഞ്ഞ് പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചത് വിദേശകാര്യ സഹമന്ത്രിയായ വി. മുരളീധരനാണ്. ഇതും മുഖ്യമന്ത്രിക്ക് സുരക്ഷാ കവചമൊരുക്കാനുള്ള തന്ത്രമായേ കാണാനാകൂ.

കിഫ്ബി മസാല ബോണ്ടുകൾ ഇറക്കാനുള്ള തീരുമാനം ഭരണഘടനയുടെ അനുച്ഛേദം 293ന് എതിരാണെന്ന് ആദ്യം പറഞ്ഞതും കേരളത്തിലെ പ്രതിപക്ഷവും യു.ഡി.എഫുമാണ്. ഉയർന്ന പലിശയും മസാല ബോണ്ട് എസ്.എൻ.സി ലാവലിലുമായി ബന്ധമുള്ള സി.ഡി.പി.ക്യൂ എന്ന കമ്പനിക്ക് വിറ്റതും പൊതുജനമദ്ധ്യത്തിൽ തുറന്നുകാട്ടിയത് യു.ഡി.എഫാണ്. അപ്പോഴൊക്കെ വി. മുരളീധരൻ എവിടെയായിരുന്നു? പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങൾ മാത്രമാണ് സി.എ.ജിയും കണ്ടെത്തിയത്. സംസ്ഥാന സർക്കാരിന്റെ ഭരണഘടനാവിരുദ്ധമായ നടപടിയെ, വിദേശവിനിമയ നടപടിക്രമങ്ങളിലെ തെറ്റായിമാത്രം വ്യാഖ്യാനിച്ച് സി.പി.എം നേതാക്കളെ രക്ഷിക്കാൻ കേന്ദ്രസർക്കാർ നടത്തിയ നീക്കത്തെയാണ് യു.ഡി.എഫ് എതിർത്തത്.

ബി.ജെ.പി- സി.പി.എം സംഘത്തിന് സമാനമായ അവിശുദ്ധ കൂട്ടുകെട്ടാണ് ഗവർണറും മുഖ്യമന്ത്രിയും തമ്മിലുണ്ടായിരുന്നതും. സർവകലാശാലകളിൽ സി.പി.എം നടത്തിയ പിൻവാതിൽ നിയമനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും ഗവർണറും കൂട്ടുനിന്നു. കണ്ണൂർ സർവകലാശാലയിൽ ആർ.എസ്.എസ് നേതാക്കളുടെ പുസ്തകങ്ങൾ പഠിപ്പിക്കാൻ തീരുമാനമെടുത്ത വി.സിക്ക് ചട്ടവിരുദ്ധ പുനർനിയമനം നൽകിയതും സർക്കാരും ഗവർണറും ഒന്നിച്ചാണ്. തന്റെ ജില്ലക്കാരനായ വി.സിക്ക് പുനർനിയമനം നൽകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുനർനിയമനം നൽകിയതെന്ന് ഗവർണർതന്നെ വെളിപ്പെടുത്തിയിട്ടുമുണ്ട്. ഇപ്പോൾ സി.പി.എമ്മും ഗവർണറും തമ്മിലുള്ളത് വ്യാജഏറ്റുമുട്ടൽ മാത്രമാണ്.

വി.സി നിയമനങ്ങളെല്ലാം ചട്ടങ്ങൾക്ക് അനുസൃതമാണെന്ന സർവകലാശാലയുടെ അതേനിലപാടാണ് സുപ്രീം കോടതിയിൽ ഗവർണറും സ്വീകരിച്ചത്. വി.സിമാരുടെ നിയമനം തെറ്റാണെന്ന് സുപ്രീം കോടതി നിലപാടെടുത്തതോടെ പരാജയപ്പെട്ടത് സർക്കാരും ഗവർണറുമാണ്. പ്രതിപക്ഷനിലപാടാണ് കോടതിയും അംഗീകരിച്ചത്. സർവകലാശാലകളിൽ സർക്കാരും ഗവർണറും ചേർന്ന് നടപ്പാക്കിയ അനധികൃത നിയമനങ്ങളും ചട്ടവിരുദ്ധമായ നടപടികളുമാണ് ഉന്നതവിദ്യാഭ്യാസ മേഖലയിൽ പ്രതിസന്ധിയുണ്ടാക്കിയത്. സർക്കാരും ഗവർണറും തമ്മിലുള്ള ധാരണ തെറ്റിയപ്പോഴാണ് ചാൻസലറെ മാറ്റാനുള്ള നിയമനിർമ്മാണവുമായി സർക്കാർ മുന്നോട്ടുവന്നത്.

സർവകലാശാലകളെ സംഘിവത്കരിക്കാനും കമ്മ്യൂണിസ്റ്റ് വത്ക്കരിക്കാനും യു.ഡി.എഫ് അനുവദിക്കില്ല. അതുകൊണ്ടാണ് വിരമിച്ച സുപ്രീംകോടതി ജഡ്ജി അല്ലെങ്കിൽ മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ ചാൻസലറാക്കണമെന്ന ഭേദഗതി പ്രതിപക്ഷം മുന്നോട്ടുവച്ചത്. ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റുമ്പോൾ ആ സ്ഥാനത്തേക്ക് അതുപോലെ പ്രധാനപ്പെട്ട ആളുകളാണ് വരേണ്ടത്. ഈ ഭേദഗതി സർവകലാശാലകളുടെ സ്വയംഭരണാവകാശം ഉറപ്പുവരുത്തുന്നതാണ്. സർക്കാർ- ഗവർണർ പോരിലും വിഷയാധിഷ്ഠിതമായിരുന്നു പ്രതിപക്ഷനിലപാട്.

പ്രളയത്തിൽ വീടുകളും ജീവനോപാധികളും നഷ്ടമായവരെ സഹായിക്കാൻ എന്റെ മണ്ഡലമായ പറവൂരിൽ വിജയകരമായി നടപ്പാക്കിയ 'പുനർജനി പദ്ധതി'ക്കെതിരെയും വി. മുരളീധരൻ ദുരാരോപണം ഉന്നയിച്ചിട്ടുണ്ട്. പറവൂരിൽ 265 വീടുകളാണ് നിർമ്മിച്ചുനൽകിയത്. തൊഴിൽ ഉപകരണങ്ങളും കുട്ടികൾക്ക് പഠനോപകരങ്ങളും നൽകി. പദ്ധതിയുമായി ബന്ധപ്പെട്ട് നേരത്തെയും സി.പി.എമ്മും ബി.ജെ.പിയും ആരോപണം ഉന്നയിച്ചതാണ്. ആഭ്യന്തരവകുപ്പും സ്പീക്കറും ആരോപണം പരിശോധിച്ചു. നിയമവിരുദ്ധമായി ഒന്നും കണ്ടെത്താനായില്ല. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും തള്ളിക്കളഞ്ഞതാണ്. ഇതൊന്നും മുരളീധരന് അറിയാത്തതല്ല. കേന്ദ്രമന്ത്രി എന്നതിലുപരി 'സി.പി.എം- ബി.ജെ.പി ഇടനിലക്കാരൻ' എന്ന നിലയിലാണ് ജനങ്ങൾ വി.മുരളീധരനെ വിലയിരുത്തുന്നത്. അതിൽനിന്നും ശ്രദ്ധതിരിക്കാനുള്ള കൗശലമാണ് എനിക്കെതിരായ നുണക്കഥ.

എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെതിരെ അനധികൃത സ്വത്ത് സമ്പാദനവും കള്ളപ്പണം വെളുപ്പിലും സംബന്ധിച്ച ആരോപണങ്ങൾ ഉയർന്നപ്പോഴും മുരളീധരൻ ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ പുലർത്തിയ മൗനം സംശയകരമാണ്. കോൺഗ്രസ് നേതാക്കൾക്കെതിരെ ബി.ജെ.പി രാഷ്ട്രീയ ആയുധമാക്കാറുള്ള ഇ.ഡി ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ എവിടെയായിരുന്നു? ആരാണ് കേരളത്തിലെ സി.പി.എം നേതാക്കൾക്കെതിരായ പരാതികൾ അന്വേഷിക്കുന്നതിൽ നിന്നും കേന്ദ്ര ഏജൻസികളെ വിലക്കുന്നത്? ഇക്കാര്യത്തിൽ സി.പി.എം നേതാക്കളുടെ ഇടനില ക്വട്ടേഷൻ ഏറ്റെടുത്തിരിക്കുന്ന കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിനും അവരുടെ കേന്ദ്രനേതാവിനും മറുപടി നൽകാൻ ബാദ്ധ്യതയുണ്ട്. ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. കേന്ദ്ര, സംസ്ഥാന ഏജൻസികൾ അന്വേഷിച്ചാലും കേസ് അട്ടിമറിക്കപ്പെടുമെന്ന് പ്രതിപക്ഷം സംശയിക്കുന്നു.

വി. മുരളീധരൻ എനിക്കെതിരായ ലേഖനത്തിൽ പറയുന്നത് പോലെ 'നിലപാടുകളിൽ വ്യക്തതയുള്ള, പ്രതിസന്ധിഘട്ടത്തിൽ ജനങ്ങൾക്കൊപ്പം നിൽക്കുന്ന രാഷ്ട്രീയ പാർട്ടികളാണ് കാലഘട്ടത്തിന്റെ ആവശ്യം.' സി.പി.എം- ബിജെ.പി സഹകരണ സംഘത്തിന് ആ ആവശ്യം നിറവേറ്റാനുള്ള ആർജവമില്ല. അവിടെയാണ് കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും രാഷ്ട്രീയപ്രസക്തി. കേരളത്തിലെ ജനങ്ങൾ അത് തിരിച്ചറിയുമെന്ന് ഉറപ്പാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BJP AND CONGRESS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.