SignIn
Kerala Kaumudi Online
Thursday, 19 September 2024 3.42 AM IST

ബഫർസോൺ ; ആകാശത്തോളം ആശങ്ക

Increase Font Size Decrease Font Size Print Page

photo

സംരക്ഷിതവനങ്ങളുടെ ഒരു കിലോമീറ്റർ പരിധി പരിസ്ഥിതിലോല മേഖലയാക്കണമെന്ന (ബഫർസോൺ) സുപ്രീംകോടതി ഉത്തരവ് കേരളത്തിൽ മറ്റൊരു വിവാദത്തിനും പ്രതിഷേധങ്ങൾക്കും വഴിവച്ചിരിക്കുകയാണ്. മലയോരമേഖലയിലെ ജനവാസ പ്രദേശങ്ങളിലുള്ള കുടിയേറ്റ കർഷകരാണ് ഇവിടെ സമരവുമായി രംഗത്തിറങ്ങിയിട്ടുള്ളത്. ഏതാനും വർഷം മുമ്പ് പശ്ചിമഘട്ട സംരക്ഷണത്തിനായി മാധവ്ഗാഡ്ഗിൽ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കാൻ ശ്രമിച്ചപ്പോഴും മലയോരമേഖല ശക്തമായ പ്രതിഷേധത്തിനും സമരങ്ങൾക്കും വേദിയായിരുന്നു. അന്ന് സമരക്കാർക്ക് എല്ലാ പിന്തുണയും നൽകിയ സി.പി.എമ്മാണ് ഇപ്പോൾ ഭരണപക്ഷത്തെന്നതാണ് രസകരമായ വസ്തുത. ഇക്കഴിഞ്ഞ ജൂൺ മൂന്നിനുണ്ടായ സുപ്രീംകോടതി നിർദ്ദേശത്തെ തുടർന്നാണ് കേരളത്തിലെ 22 സംരക്ഷിത വനപ്രദേശങ്ങൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ ബഫർസോണിൽ ഉൾപ്പെടുന്ന ജനവാസമേഖലകളും മറ്റും കൃത്യമായി നിർണയിക്കാൻ സംസ്ഥാന റിമോട്ട് സെൻസിംഗ് ആന്റ് എൻവയോൺമെന്റ് സെന്ററിനെ (കെ.എസ്.ആർ.ഇ.സി) ചുമതലപ്പെടുത്തിയത്. എന്നാൽ കൃത്യത ഉറപ്പാക്കാനും ജനവാസ ഇടങ്ങൾ നിർണയിക്കാനുമായി ഉപഗ്രഹ സർവേയിലൂടെ കെ.എസ്.ആർ.ഇ.സി തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ട് സർക്കാർ വെബ്സൈറ്റിലൂടെ പുറത്തുവന്നതോടെയാണ് പ്രതിഷേധവുമായി മലയോര കർഷകരും സംഘടനകളും രംഗത്തിറങ്ങിയിട്ടുള്ളത്. അവർക്ക് പിന്തുണയുമായി യു.ഡി.എഫും എത്തിക്കഴിഞ്ഞു. റിപ്പോർട്ട് അശാസ്ത്രീയവും അപൂർണവുമെന്നാണ് ഇവർ ആരോപിക്കുന്നത്. റിപ്പോർട്ടിനൊപ്പം പ്രസിദ്ധീകരിച്ച ഭൂപടവും വ്യാപകമായ ആശയക്കുഴപ്പത്തിനിടയാക്കി. കാലങ്ങളായി വന്യമൃഗങ്ങളോടും മണ്ണിനോടും പടവെട്ടി വിയർപ്പിൽ പടുത്തുയർത്തിയ ഭവനവും വസ്തുവും കാർഷിക സമൃദ്ധിയുമൊക്കെ നഷ്ടപ്പെടുമോ എന്ന കർഷകരുടെ ആശങ്ക അകറ്റേണ്ടത് ഭരണാധികാരികളുടെ ബാദ്ധ്യത തന്നെയാണ്.

പരിസ്ഥിതിക്ക്

പ്രാധാന്യം നൽകാതെ

കേരളത്തിന്റെ പരിസ്ഥിതിയും വനങ്ങളുടേയും വന്യജീവികളുടേയും സംരക്ഷണവും സംബന്ധിച്ച് കാലങ്ങളായി സർക്കാരുകൾ സ്വീകരിക്കുന്ന ഏറ്റവും നിരുത്തരവാദപരമായ നിലപാടിന്റെയും വിഷയം അശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിന്റെയും ഏറ്റവും ഒടുവിലത്തെ ദൃഷ്ടാന്തമാണ് ബഫർസോണുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദവും പ്രതിഷേധവും. കേരളത്തിലെ കാലാവസ്ഥയിലുണ്ടായ പ്രകടമായ മാറ്റവും അടിയ്ക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കവും ഉരുൾപൊട്ടലുമെല്ലാം ഈ അനാസ്ഥയുടെ ഭാഗമായുണ്ടാകുന്ന പ്രകൃതികോപങ്ങളാണെന്നത് ശാസ്ത്രലോകം വളരെക്കാലമായി പറയുന്നതാണ്. കാട് കൈയ്യേറി വെട്ടിത്തെളിച്ച് മനുഷ്യർ കാടകത്തേക്ക് കയറുമ്പോൾ വന്യമൃഗങ്ങൾ ഭക്ഷണം തേടി കാടുവിട്ട് നാടിറങ്ങേണ്ടി വരുന്നതും ഇന്ന് സർവസാധാരണമായിരിക്കുന്നു. ബഫർസോൺ വിഷയവുമായി ബന്ധപ്പെട്ട് ഇപ്പോൾ തട്ടിക്കൂട്ടിയുണ്ടാക്കിയ ഉപഗ്രഹ സർവേയും നൽകുന്ന സൂചന മറ്റൊന്നല്ല. ഈ വിഷയത്തിൽ വ്യക്തത വരുത്താൻ ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ അഞ്ചംഗ വിദഗ്ധ സമിതിയെ സെപ്തംബർ 30 ന് സർക്കാർ നിയോഗിച്ചിരുന്നു. നേരിട്ടുള്ള സ്ഥലപരിശോധന നടത്താതെ ഗൂഗിളിന്റെ സഹായത്തോടെയാണ് വീടുകളും വിദ്യാഭ്യാസ, വാണിജ്യസ്ഥാപനങ്ങളും മറ്റും നിർണയിച്ചതെന്ന് വേണം കരുതാൻ. എന്നാൽ ഉപഗ്രഹ സർവേ റിപ്പോർട്ട് അന്തിമമല്ലെന്നും ഇത് സുപ്രീംകോടതിയിൽ സമർപ്പിക്കില്ലെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുള്ളത്. തോട്ടത്തിൽ രാധാകൃഷ്ണൻ ചെയർമാനായ വിദഗ്ധ സമിതിയുടെ സ്ഥലപരിശോധനാ റിപ്പോർട്ട് ലഭിച്ച ശേഷമേ സുപ്രീംകോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുകയുള്ളൂ എന്നും സർക്കാർ പറയുന്നു. 115 പഞ്ചായത്തുകളാണ് പ്രധാനമായും ബഫർസോൺ ആശങ്കയിലുള്ളത്.

സംരക്ഷിത വനമേഖലയ്ക്ക് ചുറ്റുമുള്ള ഒരുകിലോമീറ്റർ ബഫർസോൺ സംബന്ധിച്ച ആശങ്കയും പ്രതിസന്ധിയും പരിഹരിക്കാൻ 115 പഞ്ചായത്തുകളിലും ഹെൽപ് ഡെസ്‌കുകളും ആരംഭിച്ചിട്ടുണ്ട്. സംരക്ഷിതമേഖലയ്ക്ക് ചുറ്റും ഒരുകിലോമീറ്റർ പരിസ്ഥിതിലോല മേഖലയാക്കണമെന്ന സുപ്രീംകോടതി ഉത്തരവ് ജനവാസമേഖലയെ ബാധിക്കുമെന്നാണ് മലയോരവാസികളുടെആശങ്ക. ജനവാസമേഖലയെ ഒഴിവാക്കി പരിസ്ഥിതി സംവേദകമേഖല നിശ്ചയിക്കണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. ഈ വിവരം സുപ്രീംകോടതിയെ അറിയിച്ച് അനുകൂലവിധി സമ്പാദിക്കാനും കേരളം ശ്രമിക്കുന്നുണ്ട്. 2001 ൽ എ.ബി വാജ്പേയി പ്രധാനമന്ത്രിയും പ്രഫുൽ പട്ടേൽ വനം, പരിസ്ഥിതി മന്ത്രിയുമായിരുന്നപ്പോഴാണ് സംരക്ഷിതവനങ്ങളുടെ 10 കിലോമീറ്റർ പരിസ്ഥിതിലോല മേഖലയാക്കണമെന്ന നിർദ്ദേശം ആദ്യമായുണ്ടായത്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അനങ്ങാതിരുന്നതിനെ തുടർന്ന് 2006 ൽ സുപ്രീം കോടതി അന്ത്യശാസനം നൽകി. 2011 ൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം മാർഗരേഖ പുറത്തിറക്കി. മുൻപ് പലതവണ സുപ്രീംകോടതി അന്ത്യശാസനം നൽകിയെങ്കിലും അത് അവഗണിക്കപ്പെടുകയായിരുന്നു. തുടർന്നാണ് ഇപ്പോഴത്തെ വിധിയുണ്ടായത്. കേരളത്തിൽ ഒരു സംരക്ഷിത വനത്തിന്റെയും ലോലമേഖല പ്രഖ്യാപിക്കാത്തതിനാൽ 2011 മുതൽ 10 കിലോമീറ്റർ ലോലമേഖലയായി നിലനിൽക്കുകയാണ്. പരിസ്ഥിതിലോല മേഖല സംബന്ധിച്ച് ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ ജനവാസമേഖലകളെ സംബന്ധിച്ച് ഉയരുന്ന ആശങ്കയിൽ അനുഭാവപൂർവമായ സമീപനമാണെന്നാണ് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കുന്നത്. ഇതിൽ കേന്ദ്രത്തിന് പിടിവാശിയില്ലെന്നും പരമാവധി സംസ്ഥാനങ്ങൾക്ക് അനൂകൂലമായ നിലപാട് സുപ്രീം കോടതിയിൽ നിന്ന് നേടാനുള്ള ഇടപെടലുണ്ടാകുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു. ഉന്നതാധികാരസമിതി വഴിയോ കേന്ദ്രം നേരിട്ടോ സുപ്രീം കോടതിയെ സമീപിക്കും. ഉത്തരവ് പ്രായോഗികമായി നടപ്പാക്കുന്നതിൽ വലിയ വെല്ലുവിളിയുണ്ടെന്നാണ് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും വിലയിരുത്തൽ.

വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും ഒരു കിലോമീറ്റർ ദൂരത്തിൽ പരിസ്ഥിതിലോല മേഖലയാക്കണമെന്നും ഇവിടങ്ങളിലെ ഖനന, നിർമ്മാണ പ്രവർത്തനങ്ങൾ നിയന്ത്രിക്കണമെന്നുമാണ് ജൂൺ മൂന്നിന് സുപ്രീംകോടതി ഉത്തരവിട്ടത്. ഈ മേഖലകളിലെ കെട്ടിടങ്ങളുടേയും നിർമ്മാണ പ്രവർത്തനങ്ങളുടേയും റിപ്പോർട്ട് മൂന്ന് മാസത്തിനകം സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. കേരളത്തിൽ വന്യജീവിസങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളുമായി 24 കേന്ദ്രങ്ങളാണുളളത്. ഇവയുടെ ഓരോ കിലോമീറ്റർ ദൂരത്തിൽ ഖനനത്തിനും വൻതോതിലുളള നിർമ്മാണങ്ങൾക്കും മില്ലുകൾ ഉൾപ്പെടെ മലിനീകരണമുണ്ടാക്കുന്ന പ്രവർത്തനങ്ങൾക്കുമാകും നിയന്ത്രണം വരിക. നേരത്തെ ജനവാസമേഖലകളെ പൂർണമായി ഒഴിവാക്കിയായിരുന്നു കേരളം പരിസ്ഥിതിലോല മേഖല നിർണയിച്ചിരുന്നത്. കോടതി ഉത്തരവോടെ കേരളം ഇതുവരെ സ്വീകരിച്ച ഇത്തരം നടപടികളെല്ലാം റദ്ദാകും.


യുനെസ്‌കോയുടെ

എം.എ.ബി പദ്ധതി

'യുനെസ്കോ' അംഗീകരിച്ച എം.എ.ബി പദ്ധതി (Man And Biosphere) യിൽ മനുഷ്യനും ജൈവമണ്ഡലവും തമ്മിലുള്ള പരസ്പര ബന്ധത്തെ ശാസ്ത്രീയമായി എങ്ങനെ ഊട്ടിയുറപ്പിക്കാമെന്ന് വ്യക്തമായി നിർദ്ദേശിക്കുന്നുണ്ട്. മലയോര, വനമേഖലകളിൽ ജീവിക്കുന്ന വന്യജീവികളുടെ സ്വൈരജീവിതത്തിന് തടസമുണ്ടാക്കാതെയും മനുഷ്യരുടെ ജീവിതത്തിന് പ്രാധാന്യം നൽകിയുമുള്ള നിർദ്ദേശങ്ങളാണ് പദ്ധതിയിലൂടെ യുനസ്കോ വ്യക്തമാക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിന് ലോകം മുഴുവൻ അംഗീകരിച്ച ഇത്തരം പദ്ധതികളൊന്നും കണക്കിലെടുക്കാതെ താത്‌കാലിക നേട്ടങ്ങൾക്കുള്ള ലൊട്ടുലൊടുക്ക് പദ്ധതികളാണ് കേരളത്തിൽ കാലങ്ങളായി നടപ്പാക്കിവരുന്നത്. ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളാണ് ഇതിന് പ്രധാനമായും വേണ്ടത്. ഇത്തരം പദ്ധതികൾ നടപ്പാക്കാൻ നിയോഗിക്കുന്ന സമിതികളിൽ വിദഗ്ദ്ധരെ ഉൾപ്പെടുത്തുന്നതിനു പകരം രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ കുത്തിനിറയ്ക്കുന്നു എന്നതാണ് കേരളം നേരിടുന്ന ഏറ്റവും വലിയ ദുര്യോഗമെന്ന് വയനാട് കൽപ്പറ്റയിലെ എം.എസ് സ്വാമിനാഥൻ ഫൗണ്ടേഷൻ മുൻ എക്സിക്യൂട്ടീവ് ഡയറക്ടറും ടാക്സോണമിസ്റ്റുമായ ഡോ. എൻ. അനിൽകുമാർ പറഞ്ഞു. പുറംരാജ്യങ്ങളിൽ വനമേഖലയിലെ ബഫർസോണുകളുടെ സന്തുലിതാവസ്ഥ നിലനിറുത്താനായി പുതിയ ആവാസവ്യവസ്ഥയെ സൃഷ്ടിച്ച് ആ മേഖലയുടെ ജൈവവൈവിദ്ധ്യം നിലനിറുത്താൻ വ്യക്തമായ നടപടികളുണ്ടാകും. നിർഭാഗ്യവശാൽ കേരളത്തിൽ അത്തരം പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകാൻ സംസ്ഥാന വനംവകുപ്പോ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടോ (കെ.എഫ്.ആർ.ഐ) മെനക്കെടുന്നില്ലെന്നത് നിർഭാഗ്യകരമാണെന്നും ഡോ.അനിൽകുമാർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUFFER ZONE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.