SignIn
Kerala Kaumudi Online
Thursday, 19 September 2024 3.28 AM IST

വർഗീയത നിറയുന്ന ദേശീയ രാഷ്ട്രീയം

Increase Font Size Decrease Font Size Print Page

photo

ശതകോടീശ്വരന്മാരുടെ നിയന്ത്രണത്തിലാവുകയാണ് ഇന്ത്യയുടെ സമ്പദ് ഘടന. കോർപ്പറേറ്റുകളുടെ പറുദീസയായി ഇന്ത്യ മാറുന്ന ചിത്രമാണ് സാമ്പത്തികരംഗത്ത് പ്രകടമാകുന്നത്. വളർന്നുവരുന്ന പുതിയ അടിത്തറയ്ക്ക് അനുയോജ്യമായ രാഷ്ട്രീയ അടിത്തറ സൃഷ്ടിക്കാനുള്ള തീവ്രശ്രമങ്ങളാണ് വിശ്വഹിന്ദു പരിഷത്ത് ആഗോളവ്യാപകമായി സംഘടിപ്പിക്കുന്നത്. മതേതരത്വവും ജനാധിപത്യവും മാത്രമല്ല ഇന്ത്യയുടെ ഭരണഘടനയുടെ നിലനില്പുപോലും അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണ്.
''മനുസ്മൃതി'' മുന്നോട്ടുവയ്ക്കുന്ന തരത്തിൽ ഇന്ത്യ പുന:സൃഷ്ടിക്കപ്പെടണമെന്നും; ഹിന്ദുക്കൾക്ക് ലോകവ്യാപകമായി അംഗീകാരമുള്ള ഒരു രാഷ്ട്രം എന്ന സങ്കല്പം യാഥാർത്ഥ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ആവർത്തിച്ചു പ്രഖ്യാപിച്ചുകൊണ്ട് വിശ്വഹിന്ദുപരിഷത്ത് ഈ അടുത്ത നാളുകളിൽ ഓൺലെെൻ വഴി ആഗോള സെമിനാർ സംഘടിപ്പിച്ചു. സെപ്തംബർ 10, 11, 12 എന്നീ തീയതികളിൽ നടന്ന സമ്മേളനത്തിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചും, പ്രഭാഷണങ്ങൾ നടത്തിയും ലോകത്തെമ്പാടുമുള്ള 50 യൂണിവേഴ്സിറ്റികളിലെ പ്രമുഖ പണ്ഡിതന്മാർ പങ്കാളികളായി. ''ഹിന്ദുമതം ആഗോളവ്യാപകമായി നേരിടുന്ന വെല്ലുവിളികൾ'' എന്ന വിഷയമാണ് ചർച്ച ചെയ്യപ്പെട്ടത്. എല്ലാ എതിർപ്പുകളെയും അവഗണിച്ചുകൊണ്ട് സമ്മേളനത്തിന്റെ തുടക്കത്തിൽ പ്രമുഖ രാഷ്ട്രീയ ചിന്തകനും മാദ്ധ്യമപ്രവർത്തകനുമായ ക്രിസ്റ്റഫ് ജാഫലറ്റ്, സിനിമാ സംവിധായകനായ ആനന്ദ പട്‌വർദ്ധൻ, കവയിത്രിയും എഴുത്തുകാരിയുമായ മീനാ കന്ദസ്വാമി എന്നിവർ പങ്കെടുത്തു. ''എന്താണ് ആഗോള ഹിന്ദുത്വം'' എന്ന വിഷയത്തെക്കുറിച്ച് അവർ പ്രകടിപ്പിച്ച ആശയം ശ്രദ്ധേയമായിരുന്നു. ''ഇന്ത്യയിൽ ഒരു വംശീയ ലോബി'' സൃഷ്ടിക്കുക, അതുവഴി ഇന്ത്യയെ മറ്റൊരു ഇസ്രയേൽ രാജ്യത്തിന്റെ മാതൃകയിലെത്തിക്കുക എന്നതാണ് ഈ ആഗോള ഹിന്ദുത്വ വാദത്തിന്റെ പിന്നിലുള്ള ഉദ്ദേശം എന്നവർ വ്യക്തമാക്കി.
'ഹിന്ദുത്വ' മെന്നാൽ ബ്രാഹ്മണ ആധിപത്യം ഉറപ്പിക്കുക, ഇതര മതവിഭാഗങ്ങളെ പ്രത്യേകിച്ച് പിന്നാക്ക-പട്ടികജാതി പട്ടികവർഗങ്ങളെയും സ്ത്രീ സമൂഹത്തെയും അടിച്ചമർത്തുക.
സാമൂഹ്യശാസ്ത്രജ്ഞനായ ജീൻഡ്രേയുടെ അഭിപ്രായത്തിൽ 'ഹിന്ദുത്വ' വാദഗതി സമൂഹത്തിലെ സവർണ വിഭാഗത്തിനുള്ള രക്ഷാകവചം മാത്രമാണ്. സവർണവിഭാഗത്തിന്റെ അധീശത്വം നിലനിറുത്താനായി കണ്ടെത്തിയ പുതിയ മാർഗമാണ് 'ഹിന്ദുത്വ' വാദം.
മുൻ സർക്കാരിന്റെ കാലത്ത് ഇന്ത്യയിൽ വർദ്ധിച്ചുവന്ന ദാരിദ്ര്യവും തൊഴിലില്ലായ്മയും കൂടുതൽ രൂക്ഷമാക്കുക എന്ന ലക്ഷ്യത്തിലാണ് നരേന്ദ്രമോദി സർക്കാർ നീങ്ങുന്നതെന്ന അഭിപ്രായവും സമ്മേളനത്തിൽ ഉന്നയിക്കപ്പെട്ടു. 2014 മുതൽ 2019 വരെയുള്ള കാലയളവിൽ ഇന്ത്യയിലെ ജനങ്ങൾ കടുത്ത ദുരന്തങ്ങളെയാണ് നേരിട്ടത്. എന്നിട്ടും ബി.ജെ.പി. വീണ്ടും അധികാരത്തിൽ വരാൻ കാരണം സർക്കാർ വോട്ടുബാങ്കിനെ ലക്ഷ്യമാക്കി ചില ജനകീയപദ്ധതികൾ ആവിഷ്‌കരിച്ചതാണ്. അതോടൊപ്പം ഇന്ത്യയുടെ ദേശീയതയുടെ വികാരം ഹിന്ദുക്കളുടെ വികാരമാണെന്ന് പ്രചാരണം സംഘടിപ്പിച്ചു. ഈ മോഹവലയത്തിൽ സാധാരണജനങ്ങൾ മുന്നോട്ടുപോയി.
'ഹിന്ദുത്വ' വാദത്തിന് ഹിന്ദുമതവുമായി ഒരു ബന്ധവുമില്ല. ബ്രാഹ്മണാധിപത്യത്തിലുള്ള ഒരു രാഷ്ട്രീയ പാർട്ടി എന്നതിന്റെ മറ്റൊരു പേരാണ് ഹിന്ദുത്വവാദം. അവരുടെ ലക്ഷ്യം ഇന്ത്യയെന്ന രാഷ്ട്രത്തെ മതേതര രാഷ്ട്രത്തിന്റെ പാതയിൽനിന്ന് ഒരു മതരാഷ്ട്രമായി, ഹിന്ദു റിപ്പബ്ലിക്കായി മാറ്റുക എന്നതുമാത്രമാണ്. ഈവിധമുള്ള ആശയക്കുഴപ്പങ്ങളിലൂടെ ജനങ്ങളെ പരസ്പരം തമ്മിലടിപ്പിക്കാനുള്ള എല്ലാ തന്ത്രങ്ങളും ആവിഷ്‌കരിക്കുന്നത് ആർ.എസ്.എസ്. എന്ന സംഘടനയാണ്. നൂറ്റാണ്ടുകാലങ്ങളായി ബ്രാഹ്മണിസത്തിനെതിരായി നീതിയ്ക്കുവേണ്ടി സമരം ചെയ്യുന്ന ദളിത് വിഭാഗങ്ങളെ പൂർണമായും അവഗണിച്ചും അവരുടെ സമരവീര്യത്തെ ദുർബലപ്പെടുത്തിയും ഇവർ പാവങ്ങളെ വഞ്ചിക്കുന്നു.
ഇന്ത്യയിലെ മാദ്ധ്യമലോകം പൂർണമായും സർക്കാരിന്റെ വരുതിയിലാക്കുക എന്ന ലക്ഷ്യത്തോടെ ലോകവ്യാപകമായ വാർത്താവിനിമയ ഏജൻസിയായ ഫേസ്ബുക്ക് കമ്പനിയുമായി കേന്ദ്ര സർക്കാർ കരാറിലേർപ്പെട്ടു. ഒട്ടുമിക്ക വാർത്താപ്രചരണ മാദ്ധ്യമങ്ങളുടെ വേദികളുമായി ബന്ധം സ്ഥാപിച്ചുകഴിഞ്ഞു. ഡിജിറ്റൽ സമ്പ്രദായം,​ ഇന്റർനെറ്റ് തുടങ്ങിയ എല്ലാ അത്യന്താധുനിക സജ്ജീകരണളോടെയും ഹിന്ദുമതത്തിന്റെ വികാരം ആളിക്കത്തിച്ച് ഇന്ത്യൻ ജനതയെ കടുത്ത വിഭാഗീയതയിലേക്ക് നയിക്കാനുള്ള തീവ്രശ്രമങ്ങൾക്കു നടുവിലാണ് ഇന്ത്യ മുന്നോട്ടുപോകുന്നത്. അതിനാൽ രാജ്യം നിതാന്തജാഗ്രത പുലർത്തണമെന്നതിന്റെ സൂചനയാണ് നേരത്തേ സൂചിപ്പിച്ച സെമിനാർ നല്കുന്നത് എന്ന വസ്തുത വിസ്മരിക്കാനാവില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: COMMUNALISM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.