SignIn
Kerala Kaumudi Online
Saturday, 27 April 2024 9.41 AM IST

ആൻഡമാൻ സെക്രട്ടറി പറയുന്നു; കോൺഗ്രസുമായി ഇനി ചേരാനാവില്ല

photo

അനുഭവ വെളിച്ചത്തിൽ കോൺഗ്രസുമായി തിരഞ്ഞെടുപ്പ് സഖ്യത്തിന് ഇനിയില്ലെന്ന രാഷ്ട്രീയനയം വ്യക്തമാക്കി ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിൽ സി.പി.എമ്മിന്റെ സംഘടനാ സെക്രട്ടറിയും മലയാളിയുമായ ഡി. അയ്യപ്പൻ. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ കൂടി പിന്തുണയോടെ വിജയിച്ച കോൺഗ്രസ് എം.പി കുൽദിപ് റായ് ശർമ്മ അഴിമതിയിൽ മുങ്ങി ബി.ജെ.പിയിലേക്ക് ചേരാൻ പോകുന്നുവെന്നാണ് അയ്യപ്പന്റെ ആരോപണം.

പുതിയ രാഷ്ട്രീയ അടവുനയത്തിൽ അന്തിമ തീരുമാനമെടുക്കാനുള്ള ചർച്ചകൾ സി.പി.എമ്മിന്റെ കണ്ണൂർ പാർട്ടി കോൺഗ്രസിൽ പുരോഗമിക്കവേ, ഇടവേളയിൽ കേരളകൗമുദിയുമായി നടത്തിയ ഹ്രസ്വ സംഭാഷണത്തിൽ അയ്യപ്പൻ നിലപാട് വ്യക്തമാക്കി.

ആൻഡമാനിൽ 12 വർഷം ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറിയായിരുന്ന അയ്യപ്പൻ ഒന്നരലക്ഷം രൂപ ശമ്പളം കൈപ്പറ്റിയിരുന്ന സർക്കാർ ഉദ്യോഗസ്ഥനാണ്. പക്ഷേ, സംഘടന അപചയം നേരിടുന്ന നിർണായകസന്ധിയിൽ സി.പി.എം ആൻഡമാനിൽ പാർട്ടിയെ ഉണർത്തിയെടുക്കാനുള്ള ചുമതല അയ്യപ്പനെ ഏല്പിച്ചിരിക്കുന്നു. അങ്ങനെ ജോലി ഉപേക്ഷിച്ചു. പാർട്ടി സമ്മേളനം ഏകകണ്ഠമായി അയ്യപ്പനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു.

ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷനിലും പിന്നീട് സി.ഐ.ടി.യുവിലും കാട്ടിയ സംഘാടകമികവാണ് മുതുകുളം സ്വദേശിയായ അയ്യപ്പനിലേക്ക് പാർട്ടി സംഘടനാ സെക്രട്ടറിയുടെ ചുമതലയെത്തിച്ചത്. ഇക്കഴിഞ്ഞ പാർട്ടി സമ്മേളനത്തിൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അയ്യപ്പൻ ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിന്റെ ഏക പ്രതിനിധിയായാണ് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നത്.

"കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ 1400 വോട്ടിനാണ് കോൺഗ്രസ് എം.പി വിജയിച്ചത്. അദ്ദേഹമിപ്പോൾ കേന്ദ്രത്തിന്റെ ജനവിരുദ്ധഭരണത്തെ എതിർക്കുന്നില്ല. ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധസമീപനത്തിനെതിരെ അവിടത്തെ എൻ.സി.പി എം.പി ഫൈസൽ മുത്തു ശക്തമായി പോരാടുമ്പോൾ ഇവിടത്തെ എം.പി ജനവിരുദ്ധനയങ്ങളോട് സന്ധി ചെയ്യുന്നു"- അയ്യപ്പൻ പറയുന്നു.

അഞ്ഞൂറിൽപ്പരം ദ്വീപുകളുള്ള ആൻഡമാനിൽ 34 ദ്വീപുകളിലാണ് ജനവാസം. 1947ലെ വിഭജനകാലത്ത് കിഴക്കൻ പാക്കിസ്ഥാനിൽ നിന്ന് കുടിയേറിയെത്തിയ ബംഗാളികളാണ് ജനതയിൽ ഭൂരിപക്ഷം. മലയാളികളും നല്ലൊരു ശതമാനമുണ്ട്. നാല് ലക്ഷത്തിന് മുകളിൽ വരും നിലവിലെ ജനസംഖ്യ. സംസ്ഥാനങ്ങളിലെ പോലെ ദ്വീപസമൂഹത്തിലും ജനായത്ത ഭരണത്തിനായി വാദിക്കുന്നുണ്ടെങ്കിലും പ്രയോജനമില്ലെന്ന് അയ്യപ്പൻ.

നാലുവർഷമായി ഡി.കെ. ജോഷി എന്നയാളാണ് ലഫ്റ്റനന്റ് ഗവർണർ. ജനങ്ങളുമായി ഒരു ബന്ധവുമില്ല. ചീഫ്സെക്രട്ടറി മറ്റൊരു ഏകാധിപതി. ഉദ്യോഗസ്ഥരെ മാനസികമായി പീഡിപ്പിക്കുന്നു. ജനദ്രോഹനയങ്ങൾ ഒന്നിന് പിറകേ ഒന്നായി വരുമ്പോഴും എം.പി മിണ്ടുന്നേയില്ല. ജനകീയ വിഷയങ്ങളേറ്റെടുക്കാൻ കോൺഗ്രസും മടിക്കുന്നു.

തൊണ്ണൂറുകളുടെ ആദ്യത്തിൽ സി.പി.എം ആൻഡമാനിൽ ശക്തിയുള്ള പാർട്ടിയായിരുന്നു. പ്രദേശ് കൗൺസിലിലെ അഞ്ച് അംഗങ്ങളിൽ രണ്ടുപേർ സി.പി.എമ്മായിരുന്നു. കോൺഗ്രസും സി.പി.എമ്മുമായിരുന്നു അന്നത്തെ മുഖ്യ പാർട്ടികൾ. തൊണ്ണൂറുകളുടെ പകുതിയായപ്പോൾ സി.പി.എമ്മിന്റെ ശക്തി ക്ഷയിച്ചു. ആ സ്ഥാനത്തേക്ക് ബി.ജെ.പി കയറിവന്നു.

പാർട്ടിക്കകത്തെ ചില ആഭ്യന്തരപ്രശ്നങ്ങളും വിനയായിട്ടുണ്ട്.

1990ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും സി.പി.എമ്മും നേരിട്ടേറ്റുമുട്ടി. കോൺഗ്രസ് സ്ഥാനാർത്ഥി ആറായിരത്തിൽപ്പരം വോട്ടിന് ജയിച്ചു. തപൻകുമാർ ദുബാരി ആയിരുന്നു സി.പി.എമ്മിന്റെ സ്ഥാനാർത്ഥി. പരാജയത്തിന് കാരണം നിക്കോബാർ ദ്വീപുകളിലെ ക്രിസ്ത്യൻ ആദിവാസി വോട്ടുബാങ്കാണ്. അത് പൂർണമായും കോൺഗ്രസിന്റേതാണ്.

തൊണ്ണൂറുകളുടെ പകുതിയോടെ ശക്തി ക്ഷയിച്ച സി.പി.എം വർഷങ്ങളായി പ്രക്ഷോഭരംഗത്തൊക്കെ നിർജീവമായിരുന്നു. അഖിലേന്ത്യാ നേതൃത്വം ഇതിനെ ഗൗരവമായെടുത്താണ് പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള ഭാരിച്ച ഉത്തരവാദിത്വം തന്നെയേല്പിച്ചിരിക്കുന്നത്. പുതിയ സംസ്ഥാന കമ്മിറ്റിയിൽ 15 അംഗങ്ങളുണ്ട്. ഏഴംഗ സെക്രട്ടേറിയറ്റ്.

പെട്രോളിയം വിലവർദ്ധനവിനെതിരെ നടന്ന പ്രക്ഷോഭപരിപാടി സജീവമാക്കി. രണ്ട് ദിവസത്തെ പൊതുപണിമുടക്കിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും അതോടനുബന്ധിച്ചുള്ള പ്രചരണ പരിപാടികളെല്ലാം നല്ല നിലയിൽ നടത്തി.

കോൺഗ്രസിനും ബി.ജെ.പിക്കുമെതിരെ ദ്വീപസമൂഹത്തിൽ വലിയ തോതിലുള്ള ജനവികാരമുയരുന്നുണ്ട്. അവരുടെ പരാതി സി.പി.എം അവിടെ സജീവമാകാത്തതിലാണ്. അത് മനസിലാക്കിയാണിപ്പോൾ പാർട്ടി ഇടപെട്ട് തുടങ്ങുന്നത്.

മുതുകുളത്ത് നിന്ന് ചെറുപ്പത്തിലേ ആൻഡമാനിലേക്ക് പോയ അയ്യപ്പൻ ഇപ്പോൾ നാല് പതിറ്റാണ്ടായി ദ്വീപസമൂഹത്തിലാണ്. വിദ്യാർത്ഥികാലത്ത് കേരളത്തിൽ എസ്.എഫ്.ഐയിൽ പ്രവർത്തിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പിൽ ഇക്കുറി വിജയിച്ചുവന്ന കോൺഗ്രസ് അംഗങ്ങളെയെല്ലാം ബി.ജെ.പി പണമെറിഞ്ഞ് വീഴ്ത്തിക്കഴിഞ്ഞെന്നാണ് അയ്യപ്പൻ പറയുന്നത്. രണ്ട് പാർട്ടികളിലും രാഷ്ട്രീയ അഴിമതി ശക്തം. തിരഞ്ഞെടുപ്പ് കാലത്ത് കോടികളാണ് ബി.ജെ.പി ഒഴുക്കുന്നത്. കോൺഗ്രസ്-ഡി.എം.കെ സഖ്യം ഇക്കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയിട്ടും മുനിസിപ്പൽ ചെയർമാൻ സ്ഥാനം ബി.ജെ.പി കൊണ്ടുപോയി.

തിരഞ്ഞെടുപ്പിൽ സി.പി.എം തനിച്ച് മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. 45 ശതമാനം പേരാണ് ആകെ ദ്വീപസമൂഹത്തിൽ വോട്ട് ചെയ്യാനെത്തിയത്. 55 ശതമാനം പേരും മനംമടുത്ത് വോട്ട് ചെയ്യാനെത്തിയില്ല. ഒരു മാറ്റം ആഗ്രഹിക്കുന്നവരാണ് ദ്വീപ് ജനത. സി.പി.എമ്മിന് കരുത്ത് പോരെന്ന് കരുതിയിട്ടാവാം അവർ വോട്ട് ചെയ്യാത്തത്. കരുത്തോടെ ബദൽനയങ്ങളുമായെത്തുമ്പോൾ തീർച്ചയായും പിന്തുണ ലഭിക്കുമെന്നാണ് അയ്യപ്പൻ പറയുന്നത്.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ദ്വീപിലെ ഒരേയൊരു പാർലമെന്റ് സീറ്റിലേക്ക് മത്സരിക്കുന്നതിനെപ്പറ്റി ആലോചിക്കാനിരിക്കുന്നതേയുള്ളൂ. അതിന് മുമ്പ് ആദ്യം സംഘടനാശക്തി ഉയർത്തണം- ആൻഡമാൻ സി.പി.എം സെക്രട്ടറി മുഖ്യദൗത്യം വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CPM, ANDAMAN, D AYYAPPAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.