SignIn
Kerala Kaumudi Online
Thursday, 26 September 2024 4.31 AM IST

വേനലിൽ കൃഷിക്ക് കവചമൊരുക്കാം

Increase Font Size Decrease Font Size Print Page

photo

ജനുവരി-ഫെബ്രുവരി മാസങ്ങളിൽ 33 ശതമാനം കുറവ് മഴ ലഭിച്ചശേഷം വീണ്ടും മാർച്ച് ഒന്നു മുതൽ പതിനഞ്ചു വരെ 54 ശതമാനം കുറച്ചു മാത്രം ലഭിച്ച മഴയും യൂ.വി. ഇൻഡക്സ് 12 ആകുമെന്ന പ്രവചനവും കേരളത്തിലെ കൃഷിയെ, പ്രത്യേകിച്ച് ചേന, കാച്ചിൽ തുടങ്ങിയ കിഴങ്ങു വിളകളുടെ നടീൽ കാലമായതിനാൽ സാരമായി ബാധിക്കും. പല സ്ഥലങ്ങളിലും കൂടിയ താപനില ശരാശരിയെക്കാൾ 2.7 ഡിഗ്രിയും കുറഞ്ഞ താപനില 2.1 ഡിഗ്രിയുമായി ഉയർന്നത് വിളകൾ മുളയ്ക്കുന്നതിനെയും പച്ചക്കറികൾ പൂക്കുന്നതിനെയും കായ്ക്കുന്നതിനെയും ദോഷകരമായി ബാധിക്കും. പുറമേ കീടരോഗ വർദ്ധനയും ഉണ്ടാക്കുന്നു.

അന്തരീക്ഷ താപനിലയെക്കാൾ മണ്ണിന്റെ താപനില രണ്ടു മുതൽ അഞ്ചു ഡിഗ്രി വരെ ഉയർന്നാണ് നിൽക്കുന്നത്. മണ്ണിന്റെ ഉയർന്ന താപനില വേരുകളുടെ വളർച്ചയെ തടയുക മാത്രമല്ല മണ്ണിൽ നിന്നും പോഷകങ്ങൾ വലിച്ചെടുക്കുന്നതിനെയും ബാധിക്കും. കൂടാതെ പച്ചക്കറികളും മറ്റു വിളകളും വേഗം പൂവിടുകയും അവയുടെ കാലദൈർഘ്യം ചുരുക്കി അതുവഴി ഉത്‌പാദനം കുറയ്‌ക്കും.

ലഭ്യമായ ഈർപ്പം നിലനിറുത്താനും മണ്ണിന്റെ താപനില കുറയ്ക്കാനും പുതയിടീൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്നു. സംസ്ഥാനത്ത് 97.4 ലക്ഷം ടൺ വിള അവശിഷ്ടങ്ങൾ ഒരു വർഷം ലഭ്യമാണെന്നാണ് കണക്ക്. ഇതിനെ സൂക്ഷ്മാണുക്കളെ ഉപയോഗിച്ച് കമ്പോസ്റ്റാക്കിയാൽ 1160 മുതൽ 1940 ലക്ഷം കിലോ വരെ നൈട്രജൻ, 97.4 മുതൽ 389.6 ലക്ഷം കിലോ വരെ ഫോസ്ഫറസ്, 681.2 മുതൽ 2 922 ലക്ഷം കിലോ വരെ പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങൾ ലഭ്യമാക്കാം. സംസ്ഥാനത്ത് ഒരുവർഷം ഉപയോഗിക്കുന്ന രാസവള നൈട്രജനായ 792.7 ലക്ഷം കിലോയേക്കാൾ കൂടുതൽ നൈട്രജനും ഇതിലൂടെ ലഭ്യമാക്കാം. മാത്രമല്ല മണ്ണിന്റെ ജൈവാംശം വർഷങ്ങളോളം നിലനിർത്താനും അതുവഴി അന്തരീക്ഷ കാർബൺ ഡയോക്‌സൈഡിനെ മണ്ണിലേക്ക് ആഗിരണം ചെയ്ത് കാലാവസ്ഥാ വ്യതിയാനം കുറയ്ക്കാനും സഹായിക്കും. ഇത് കൂടുതൽ വെള്ളം മണ്ണിൽ പിടിച്ചുനിറുത്തുകയും മണ്ണിന്റെ താപനില കൂടാതെ നിലനിറുത്താനും സഹായിക്കും.

ന്യൂഡൽഹിയിലെ ഇന്ത്യൻ കാർഷിക ഗവേഷണ സ്ഥാപനം മാർക്കറ്റിലെത്തിച്ച 'പൂസ ഡീകംപോസർ' - pusa decomposer - എന്ന സൂക്ഷ്മജീവി ഉത്‌പന്നം വിളഅവശിഷ്ടം ഇരുപത് ദിവസം കൊണ്ട് കമ്പോസ്റ്റാക്കാൻ സഹായിക്കും.

ശരാശരി 3000 മില്ലി മീറ്റർ മഴ ലഭിക്കുന്ന സംസ്ഥാനത്ത് ഓരോ സെന്റിലും ദിനം പ്രതി ശരാശരി 320 ലിറ്റർ വെള്ളം മണ്ണിലേക്ക് റീചാർജ് ചെയ്യാനുള്ള സാദ്ധ്യതയാണ് രണ്ടാമത്തെ കാര്യം. വിവിധ ജലസംരക്ഷണ മാർഗങ്ങൾ തദ്ദേശീയാടിസ്ഥാനത്തിൽ ജനകീയ പ്രസ്ഥാനമാക്കി മാറ്റണം. കാട്ടാക്കട മണ്ഡലത്തിലെ ജലസമൃദ്ധി പദ്ധതി ഉത്തമ ഉദാഹരണമാണ്.

വരണ്ട കാലാവസ്ഥയിൽ ഒരു കാരണവശാലും രാസവളങ്ങളും കീടനാശിനികളും നൽകാൻ പാടില്ല. ചൂടാറിയ വൈകുന്നേരങ്ങളിൽ സൾഫേറ്റ് ഓഫ് പൊട്ടാഷ് ഒരു ലിറ്ററിൽ അഞ്ച് ഗ്രാം എന്ന തോതിൽ കലക്കിയ ലായനി ഇലകളിൽ സ്‌പ്രേ ചെയ്യുന്നത് വരൾച്ചാ പ്രതിരോധത്തിന് ശുപാർശ ചെയ്യുന്നു.



ലേഖകൻ സി. ടി. സി. ആർ.ഐ. പ്രിൻസിപ്പൽ സയന്റിസ്‌റ്റും ക്രോപ്പ് പ്രൊഡക്ഷൻ വിഭാഗം മേധാവിയുമാണ്

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: FARMING
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.