ആറ് അക്കമുള്ള ആൽഫ ന്യൂമറിക്ക് നമ്പർ പതിച്ച സ്വർണാഭരണങ്ങൾ മാത്രമേ 2023 ഏപ്രിൽ ഒന്നു മുതൽ പാടുള്ളൂ എന്ന് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. നിലവിലുണ്ടായിരുന്ന നാല് മുദ്രകൾ പതിച്ച ആഭരണങ്ങൾ വിൽക്കാൻ പാടില്ലെന്നാണ് പുതിയ നിയമം. നമ്മുടെ രാജ്യത്ത് ഹാൾ മാർക്കിംഗ് സംവിധാന രീതിയിലേക്ക് മാറാനുള്ള പദ്ധതി 2000 ലാണ് ബ്യൂറോ ഓഫ് ഇൻഡ്യൻ സ്റ്റാൻഡേർസ്(BIS) അവതരിപ്പിക്കുന്നത്. എന്നാൽ പല കാരണങ്ങളാൽ നീണ്ടുപോയി. 2021 ജൂൺ 23 മുതൽ ഹാൾ മാർക്കിംഗ് ഇൻഡ്യയിലെ 766 ജില്ലകളിൽ 256 ജില്ലകളിൽ മാത്രമാണ് നടപ്പാക്കിയത്. പല സംസ്ഥാനങ്ങളിലും ഇപ്പോഴും ഹാൾ മാർക്കിംഗ് സെന്ററുകൾ ഇല്ലെന്ന് മാത്രമല്ല 339 ജില്ലകളിൽ മാത്രമാണ് എച്ച്.യു.ഐ.ഡി നിർബന്ധമുള്ളത്. അഞ്ച് ലക്ഷത്തിലധികം ജുവലറികളും ആയിരക്കണക്കിന് സ്വർണാഭരണ നിർമ്മാതാക്കളുമുള്ള രാജ്യത്ത് ഹാൾമാർക്കിംഗ് നിർബന്ധമാക്കുമ്പോൾ 65000 ജുവലറികൾ മാത്രമായിരുന്നു ബിസ് ലൈസൻസ് എടുത്തിരുന്നത്. 940 ഹാൾമാർക്കിംഗ് സെന്റർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ 1.52 ലക്ഷം വ്യാപാരികൾ മാത്രമാണ് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ ലൈസൻസ് എടുത്തിട്ടുള്ളത്. 1358 ഹാൾ മാർക്കിംഗ് സെന്ററുകൾ പ്രവർത്തിക്കുന്നു. ഹാൾമാർക്ക് സെന്ററുള്ള ജില്ലകളിൽ മാത്രമാണ് എച്ച്.യു.ഐ .ഡി നിർബന്ധമുള്ളത്. ഹാൾമാർക്കിംഗ് സെന്ററില്ലാത്ത ജില്ലകളിൽ ഏത് കാരറ്റ് സ്വർണം വിൽക്കുന്നതിനും തടസമില്ലന്ന രണ്ടുതരം നിയമം രാജ്യത്ത് നിലനിൽക്കുന്നു. ഉദാഹരണമായി കോട്ടയം ജില്ലയിലെ പാലായിൽ HUID നിർബന്ധമുള്ളപ്പോൾ തൊട്ടടുത്ത ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ നിർബന്ധമില്ല. ഇത് വലിയ വിവേചനമാണ്.
ബ്യൂറോ ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ ഹാൾമാർക്കിംഗ് നിർബന്ധമാക്കുമ്പോൾ സ്വർണാഭരണങ്ങളിൽ നാല് മുദ്രകളാണ് പതിപ്പിച്ചിരുന്നത്. അതായത് ബിസ് ലോഗോ, സ്വർണ്ണത്തിന്റെ പരിശുദ്ധി, ജ്വല്ലറിയുടെ ലോഗോ, ഹാൾമാർക്കിങ് സെന്ററിന്റെ ലോഗോ, ഇത്രയുമായിരുന്നു സ്വർണത്തിൽ രേഖപ്പെടുത്തേണ്ടിയിരുന്നത്. 2021 ജൂലായ് മുതൽ നിർബന്ധമാക്കിയപ്പോൾ എച്ച് .യു .ഐ .ഡി ആറക്ക ആൽഫ ന്യൂമറിക് നമ്പറും ബിസ് ലോഗോയും പരിശുദ്ധിയും മാത്രമാണ് രേഖപ്പെടുത്തേണ്ടത്. ഈ രണ്ടുതരം ലോഗോ പതിച്ച ആഭരണങ്ങളും വിൽക്കുന്നതിന് ഇതുവരെ തടസങ്ങളില്ലായിരുന്നു.
ഏപ്രിൽ ഒന്നു മുതൽ രാജ്യത്തെ സ്വർണവ്യാപാരശാലകളിലെ നാല് മുദ്രകളിലുള്ള ഹാൾമാർക്ക് ചെയ്ത ആഭരണങ്ങൾ വിൽക്കാൻ പാടില്ലെന്നുള്ള നിയമം സ്വർണവ്യാപാര മേഖലയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്.
നാലു മുദ്രകൾ പതിപ്പിച്ച സ്വർണാഭരണങ്ങൾ പകുതിയിലധികം ഇപ്പോഴും സ്വർണ്ണ വ്യാപാരശാലകളിലുണ്ട്. ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ കണക്കനുസരിച്ച് ഒരു മാസം 90 ലക്ഷം സ്വർണാഭരണങ്ങളാണ് എച്ച്.യു.ഐ.ഡി ചെയ്യുന്നത്. അങ്ങനെയാണെങ്കിൽ കഴിഞ്ഞ ഇരുപത് മാസത്തിനുള്ളിൽ 18 കോടി ആഭരണങ്ങളിൽ HUID പതിച്ചിരിക്കണം. ഇതിന്റെ എത്രയോ മടങ്ങ് സ്വർണാഭരണമാണ് നാല് മുദ്രകൾ പതിച്ച ഹാൾമാർക്ക് ചെയ്ത് കടകളിൽ ഇപ്പോഴും സ്റ്റോക്കിൽ ഉള്ളത്. ഒരു ആഭരണം ഹാൾമാർക്ക് ചെയ്യണമെങ്കിൽ 45 രൂപയും ജി.എസ്.ടിയും നൽകണം. സ്റ്റോക്കിലുള്ള ആഭരണങ്ങൾ നാല് മുദ്രകൾ മായ്ച്ച് കളഞ്ഞ് എച്ച്.യു.ഐ.ഡി മുദ്ര പതിക്കണമെങ്കിൽ വീണ്ടും ഒരാഭരണത്തിന് 45 രൂപയും ജി.എസ്.ടി.യും നൽകേണ്ടിവരും. ഫലത്തിൽ ഇത് ഹാൾമാർക്കിംഗ് സെന്ററുകൾക്ക് മാത്രമേ ഗുണം ചെയ്യൂ. നാല് മുദ്രകളുള്ള സ്വർണാഭരണങ്ങൾ വിറ്റഴിക്കാനുള്ള സാവകാശം അനുവദിക്കാതെ HUID പതിച്ച ആഭരണങ്ങൾ മാത്രമേ ഏപ്രിൽ ഒന്ന് മുതൽ വിൽക്കാൻ പാടുള്ളൂ എന്ന സമീപനം സ്വർണവ്യാപാര മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കും. വ്യാപാരികളുടെ സ്റ്റോക്കിലുള്ള നാല് മുദ്രകൾ പതിച്ച ആഭരണങ്ങൾ തീരുന്നതുവരെ വിൽക്കാൻ അനുവദിക്കുകയോ അല്ലെങ്കിൽ ഒരു വർഷം നീട്ടി നൽകുകയോ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. നമ്മുടെ രാജ്യത്തെ സ്വർണാഭരണ വിപണിയുടെ നാലിലൊന്ന് വിഹിതമാണ് കേരളത്തിലുള്ളത്. ഹാൾമാർക്കിംഗ് വരുന്നതിനു മുമ്പ് തന്നെ കേരളത്തിലെ സ്വർണാഭരണങ്ങൾ ഏറ്റവും പരിശുദ്ധിയോടെ തന്നെയായിരുന്നു വിൽക്കപ്പെട്ടിരുന്നത്. അതിനുശേഷം ഹാൾമാർക്ക് വന്നപ്പോഴും കേരളത്തിലാണ് ഏറ്റവും കൂടുതൽ ജ്വല്ലറികൾ ലൈസൻസ് എടുത്തിട്ടുള്ളത്. വ്യാപാര സ്ഥാപനങ്ങളിൽ ഇപ്പോഴുള്ള സ്റ്റോക്ക് നാല് മാർക്കിംഗ് മുദ്രയുള്ളതായാലും പുതിയ എച്ച്.യു.ഐ.ഡി മുദ്രയുള്ളതായാലും, ആഭരണങ്ങളെല്ലാം ആദായനികുതി വകുപ്പിന്റെയും ജി.എസ്.ടി.യുടെയും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെയും കണക്കിലുള്ളത് തന്നെയാണ്. വ്യാപാര സ്ഥാപനങ്ങളിലെ സ്റ്റോക്കിലും, കണക്കിലുള്ളതുമായ സ്വർണാഭരണങ്ങൾ പുതിയ ഹാൾമാർക്ക് എച്ച്.യു.ഐ.ഡി ചെയ്തു മാറുന്നതിനുള്ള വളരെ ന്യായമായ സാവകാശം മാത്രമാണ് വ്യാപാരികൾ ആവശ്യപ്പെടുന്നത്.
(ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷററാണ് ലേഖകൻ )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |