വനസഞ്ചാര സാഹിത്യകാരനും 'വനസ്മരണകൾ', 'വനയക്ഷിയുടെ ബലിമൃഗങ്ങൾ' എന്നീ കൃതികളുടെ കർത്താവുമായ എൻ.പരമേശ്വരൻ അന്തരിച്ചിട്ട് ഇന്ന് 52 വർഷം
വനസഞ്ചാര സാഹിത്യത്തിൽ ശോഭ മങ്ങാത്ത പേരാണ് കെ. സി. എന്ന എൻ. പരമേശ്വരന്റേത്. മൂന്നര പതിറ്റാണ്ട് ഫോറസ്റ്റ് ഗാർഡായും റെയ്ഞ്ചറായും സേവനമനുഷ്ഠിച്ച അദ്ദേഹത്തിന്റെ വനസഞ്ചാര രചനകളിൽ പ്രകൃതിയുടെ ഗന്ധം നിറയുന്നു.
ഔദ്യോഗിക കാലയളവിൽ കൊല്ലം- കുളത്തൂപ്പുഴ - തെന്മല - ആര്യങ്കാവ് - റാന്നി തുടങ്ങിയ സ്ഥലങ്ങളിൽ ജോലിചെയ്തു വരവേ, അദ്ദേഹം ഉൾവനത്തിൽ കണ്ട കാഴ്ചകളും അനുഭവങ്ങളുമാണ് 'വനസ്മരണകൾ', 'വനയക്ഷിയുടെ ബലിമൃഗങ്ങൾ" എന്നീ കൃതികളുടെ ജീവൻ. കാട്ടുജീവികളുടെ ആവാസകേന്ദ്രങ്ങളിലും വനത്തിലും കണ്ട കാഴ്ചകൾ അദ്ദേഹം മികച്ച രചനകളാക്കി അന്നത്തെ പ്രസിദ്ധീകരണങ്ങൾക്ക് നൽകുകയും പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.
വനംകൊള്ള അവസാനിപ്പിക്കാൻ വനപാലകരുമായി ചേർന്ന് കെ.സി. നടത്തിയ സത്യസന്ധവും സമഗ്രവുമായ അന്വേഷണങ്ങളും വനസംരക്ഷണത്തിന് അക്ഷീണം നടത്തിയ പ്രവർത്തനങ്ങളും അദ്ദേഹത്തിന്റെ കൃതികളിൽ നിന്ന് കണ്ടെത്താം. ഈ കൃതികൾ ഇ.എം.എസ്, പനമ്പള്ളി ഗോവിന്ദമേനോൻ, പ്രൊഫ: ജോസഫ് മുണ്ടശ്ശേരി എന്നിവർ മന്ത്രിസഭയിലുണ്ടായിരുന്ന കാലത്ത് ഉപപാഠപുസ്തകമായി പ്രസിദ്ധീകരിച്ച് കുട്ടികൾക്ക് നൽകിയിരുന്നു. ഇന്ന് 75 വയസോളം പ്രായമുള്ളവർ അവരുടെ ചെറുപ്പത്തിൽ വനസ്മരണകൾ പഠിച്ചിരുന്നു. അവരിൽ പലരും ആ പുസ്തകം ഇപ്പോഴും സൂക്ഷിച്ചുവച്ചിരിക്കുന്നു എന്ന് മുൻപ് ഈ ലേഖകൻ കേരളകൗമുദിയിലെഴുതിയ ലേഖനങ്ങൾ വായിച്ച ശേഷം അറിയിച്ചു. രാഷ്ട്രീയ - ട്രേഡ് യൂണിയൻ, സാമൂഹിക - സാംസ്കാരിക രംഗത്തും സജീവ സാന്നിദ്ധ്യമായിരുന്ന എൻ. പരമേശ്വരൻ കൊല്ലം തട്ടാശ്ശേരി കുടുംബത്തിലാണ് ജനിച്ചത്. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം 1076 കർക്കടകം 16 ന് 1091 ൽ തിരുവിതാംകൂർ സർക്കാർ സർവീസിൽ പ്രവേശിച്ചു. 1126 ൽ സർവീസിൽ നിന്ന് വിരമിച്ച അദ്ദേഹം 1969 സെപ്തംബർ 13 ന് അന്തരിച്ചു.
കാനനസൗന്ദര്യം അപ്പാടെ ഒപ്പിയെടുത്ത് സഹൃദയന്റെ സരളമധുരമായ ഭാഷയിൽ അവതരിപ്പിച്ചിട്ടുള്ള ജീവൻ തുടിക്കുന്ന ലേഖനങ്ങളുടെ സമാഹാരമാണ് കെ.സിയുടെ വനസ്മരണകൾ, വനയക്ഷിയുടെ ബലിമൃഗങ്ങൾ എന്നീ കൃതികൾ. എല്ലാ ലേഖനങ്ങളും വനമദ്ധ്യങ്ങളിലെ നിഗൂഢ രഹസ്യങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു. തനിമയാർന്ന ഭാഷാശൈലിയിലെ വിവരണങ്ങളിലൂടെ നമ്മെ വനനിഗൂഢതകളിലേക്കും കാനന സൗന്ദര്യത്തിലേക്കും ആവാഹിച്ച് കൊണ്ടുപോകുന്നതിൽ കെ.സി തികച്ചും വിജയിച്ചിരിക്കുന്നു.
വീണ്ടും അവ പാഠപുസ്തകമാക്കി വിദ്യാർത്ഥികൾക്ക് വനങ്ങളെക്കുറിച്ച് കൂടുതൽ അറിവ് പകരുന്നതിനും അതിലൂടെ അവരിൽ പ്രകൃതി സ്നേഹം വളർത്തുന്നതിനും സർക്കാർ ഇപെടൽ ഉണ്ടാവുമെന്നും മുൻ വനംവകുപ്പ് മന്ത്രി അഡ്വ: കെ.രാജു തുടങ്ങിവച്ച പദ്ധതികൾക്ക് സർക്കാർ മുൻഗണന നൽകുമെന്നും പ്രത്യാശിക്കുന്നു.
വനസ്മരണകളുടെ ഒരു ഇംഗ്ലീഷ് തർജ്ജമ തയ്യാറായി വരികയാണ്.
കൊല്ലം കെ.സി സ്മാരക സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് നാലുമണിക്ക് കൊല്ലം, കൊച്ചുപിലാംമൂട് കെ.സി. സ്മാരക സാംസ്കാരിക കേന്ദ്രത്തിൽ കെ.സി. അനുസ്മരണവും സ്മരണിക പ്രകാശനവും നടക്കുന്നു.
(ലേഖകൻ കെ.സി.സ്മാരക സാംസ്കാരിക കേന്ദ്രം സെക്രട്ടറിയും ടൂറിസം വകുപ്പ് മുൻ
അസി. ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസറുമാണ്. ഫോൺ: 9846041267 )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |