SignIn
Kerala Kaumudi Online
Thursday, 19 September 2024 4.03 AM IST

കേരളം വളർച്ചയും തളർച്ചയും

Increase Font Size Decrease Font Size Print Page

photo

വിവിധമേഖലകളിൽ അഖിലേന്ത്യാതലത്തിൽ ഒന്നാംസ്ഥാനത്ത് നിൽക്കുമ്പോഴും കേരളം ചില ആന്തരികദൗർബല്യങ്ങൾ അനുഭവിക്കുന്നുണ്ട്. അവ പരിഹരിച്ചു മാത്രമേ കേരളമാതൃകയിലുള്ള വികസനം പുതിയ നേട്ടങ്ങളിലേക്ക് വളരൂ. വിദ്യാഭ്യാസം,ആരോഗ്യം, ഭക്ഷ്യസുരക്ഷ,ആയുർദൈർഘ്യം, സാംസ്കാരികപ്രബുദ്ധത, പാർപ്പിടലഭ്യത, ക്രമസമാധാനം എന്നിവയിലൊക്കെ കേരളം മെച്ചപ്പെട്ട അവസ്ഥയിലാണ്. എന്നാൽ പരിസ്ഥിതി, കാലാവസ്ഥാ മാറ്റത്തെ പരിഗണിക്കൽ, എതിരഭിപ്രായങ്ങളെ മാനിക്കൽ തുടങ്ങിയ പലതിലും നമുക്ക് ചില ദൗർബല്യങ്ങളുണ്ട്.

തുടർച്ചയായി മൂന്നോ നാലോ ദിവസം മഴപെയ്താൽ കേരളത്തിന്റെ പല പ്രദേശങ്ങളും ജീവിക്കാൻ കൊള്ളാത്തതായിത്തീരും. കേരളത്തിന്റെ സ്വാഭാവികപരിസ്ഥിതിയെ പരിഗണിക്കാതെ മുന്നോട്ടുപോയ വികസനതന്ത്രമാണ് ഇതിനുകാരണം. വികസനമെന്നാൽ വലിയ ഭൗതികപശ്ചാത്തല സൗകര്യങ്ങൾ ഒരുക്കലാണെന്ന പൊതുബോധം നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് വലിയമഴയോ വെള്ളപ്പൊക്കമോ ഉണ്ടാവാൻ സാദ്ധ്യതയുള്ള ഇടങ്ങളിൽപ്പോലും അവയൊന്നും പരിഗണിക്കാതെ കെട്ടിടങ്ങൾ, റോഡുകൾ, തുറമുഖങ്ങൾ, തീവണ്ടിപ്പാളങ്ങൾ എന്നിവയൊക്കെ നിർമ്മിക്കാൻ നമുക്ക് മടിയില്ല. ഇത് ഒറ്റനോട്ടത്തിൽ വികസനഛായ ഉളവാക്കുമെങ്കിലും ഉള്ളിലേക്കുകടന്നാൽ പലതരം പ്രതിസന്ധികൾ വെളിപ്പെടും.

മറ്റൊരുദാഹരണം, നമ്മുടെ പൊതുവിദ്യാഭ്യാസ രംഗമാണ്. വലിയ പുരോഗതിയിലാണ് ആ മേഖല. കൂടുതൽ കുട്ടികൾ അവിടേക്ക് വരുന്നുണ്ട്. വിദ്യാലയങ്ങളുടെ പശ്ചാത്തലസൗകര്യങ്ങൾ പഴയതിനേക്കാൾ എത്രയോ വർദ്ധിച്ചിരിക്കുന്നു ! എന്നാലും വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ നാമാഗ്രഹിക്കുന്നവിധമോ ഇന്നത്തെ ലോകസാഹചര്യത്തിന് യോജിച്ച വിധമോ മെച്ചപ്പെടുന്നില്ല. പഠനമാദ്ധ്യമം മാതൃഭാഷയാവാത്തത് പ്രാഥമികതലം മുതൽ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

ഒരേ ക്ലാസിൽ ഒരേ അദ്ധ്യാപിക രണ്ടു മാദ്ധ്യമങ്ങളിൽ ഒരേസമയം പഠിപ്പിക്കാൻ നിർബന്ധിതയാകുന്ന നിരവധി ക്ലാസ് മുറികളുണ്ട്. ഇത് എല്ലാ കുട്ടികളെയും പരീക്ഷയിൽ വിജയിപ്പിക്കുമെങ്കിലും വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ കുറയ്‌ക്കുന്നു. ഉന്നതവിദ്യാഭ്യാസമേഖല പൊതുവിൽ എല്ലാവർക്കും പ്രാപ്യമാണ്. പക്ഷേ വിദേശരാജ്യങ്ങളിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ നമ്മുടെ സർവകലാശാലകളിൽ നിന്ന് പുതിയ ശാസ്ത്രസാങ്കേതിക മേഖലയിലോ മറ്റു വിഷയങ്ങളിലെ ഗവേഷണരംഗങ്ങളിലോ ലോകോത്തരമായ ഫലങ്ങൾ ഉണ്ടാകുന്നില്ല. പഠനത്തിനായി രാജ്യം വിട്ടുപോകാൻ സമർത്ഥരായ കുട്ടികൾ ആഗ്രഹിക്കുന്നു.

വലിയ നേട്ടങ്ങൾക്ക് കാരണമായ രാഷ്ട്രീയതീരുമാനങ്ങളും നയങ്ങളും തുടർച്ചയില്ലാതെ നിൽക്കുന്നു. അതിലൊന്ന് ഭൂപരിഷ്കരണമാണ്. കേരളത്തിലെ ദരിദ്രജനതയുടെ ജീവിതനിലവാരത്തിൽ വിസ്മയകരമായ കുതിച്ചുചാട്ടത്തിന് കാരണമായ ഭരണനടപടിയായിരുന്നു ഭൂപരിഷ്കരണം. എന്നാലത് കാർഷികമേഖലയിലെ ഉത്പാദനവർദ്ധനവിന് കാരണമായില്ല. ഭൂപരിഷ്കരണം ഒന്നാമതായി ലക്ഷ്യം വയ്ക്കേണ്ടിയിരുന്നത് ഉത്പാദന വളർച്ചയായിരുന്നു. അതുകൊണ്ട് ഒരു നയമെന്ന നിലയിൽ ഭൂപരിഷ്കരണം ഇനിയുമേറെ മുന്നോട്ടു പോകേണ്ടതുണ്ട്. ഉത്പാദനബന്ധങ്ങളിൽ പുരോഗമനോന്മുഖമായ മാറ്റം തുടരേണ്ടതുണ്ടെന്നർ‍ത്ഥം.

അധികാര വികേന്ദ്രീകരണ രംഗമെടുക്കുക. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വലിയതോതിൽ അധികാരവും സമ്പത്തും നൽകിയ സംസ്ഥാനമാണ് നമ്മുടേത്. എന്നാൽ കാൽനൂറ്റാണ്ടിനുശേഷം പിന്തിരിഞ്ഞു നോക്കിയാൽ അധികാരവികേന്ദ്രീകരണ പ്രക്രിയ 1996-2001 കാലത്തേതിൽ നിന്ന് മുന്നോട്ടല്ല പോയതെന്നു കാണാം. വിമർശനാത്മക ബോധന സമ്പ്രദായത്തിലൂന്നിയതും വിദ്യാർത്ഥികേന്ദ്രീകൃതവും പ്രവർത്തനാധിഷ്ഠിതവുമായ പാഠ്യപദ്ധതി നിർമ്മിച്ചുനടപ്പിലാക്കി. അതും കാൽനൂറ്റാണ്ട് പൂർത്തിയാക്കിയിട്ടുണ്ട്. പക്ഷേ തുടക്കത്തിലെ ഗുണപരമായ സവിശേഷതകൾ നിലനിറുത്താൻ പാഠ്യപദ്ധതിക്കും കഴിഞ്ഞില്ല. ഇപ്പോഴാകട്ടെ ഒരു പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ വക്കിലാണ് കേരളം. ഇതിനുവേണ്ടി ഉണ്ടാക്കിയ ചട്ടക്കൂടിൽ എന്തെല്ലാമുണ്ടാവണം, എന്തെല്ലാം ഉണ്ടാവരുത് എന്നൊക്കെ സർക്കാരിനോട് ആജ്ഞാപിക്കാൻ മതപുരോഹിതർ തയ്യാറാകുന്നു. സർക്കാർ അവർക്ക് വഴങ്ങിക്കൊടുക്കുന്നു എന്ന തോന്നൽ ജനങ്ങൾക്കുമുണ്ട്. വിവിധവിഷയങ്ങളെ സംബന്ധിച്ച് നടക്കുന്ന ചർച്ചകൾ ശ്രദ്ധിക്കുക. ചർച്ചചെയ്യപ്പെടുന്ന വിഷയത്തിന്റെ ഉള്ളിലേക്ക് കടന്ന് ശരിതെറ്റുകളും ന്യായാന്യായങ്ങളും പരിശോധിക്കാൻ തയ്യാറാവുന്നില്ല.

വന്യമൃഗാക്രമണവും ദേശീയോദ്യാനങ്ങളുടെ കരുതൽമേഖലയും സംബന്ധിച്ച ചർച്ചകളെടുക്കുക. കരുതൽമേഖല എന്തിനാണ്, അതുവന്നാൽ എന്താണ് ഗുണം, അതുകൊണ്ടുള്ള ബുദ്ധിമുട്ടുകൾ എന്തെല്ലാം, ഏതളവിൽ, ആരെ ബാധിക്കും എന്നൊക്കെയാണ് യഥാർത്ഥത്തിൽ ചർച്ച ചെയ്യേണ്ടിയിരുന്നത്. അതിനുപകരം കരുതൽമേഖല ആദ്യം കൊണ്ടുവന്നതാര്, അത് കൂടുതൽ വിസ്തൃതമാക്കിയതാര്, ആരാണത് കുറയ്ക്കാൻ ശ്രമിച്ചത്, ഇങ്ങനെയൊക്കെയുള്ള ചർച്ചകളാണുണ്ടായത്. ആശയപരവും വികസനപരവുമായ ചർച്ചകൾക്ക് പകരം കക്ഷിരാഷ്ട്രീയ വിവാദങ്ങളാണ് നടന്നത്. മനുഷ്യ-വന്യമൃഗസംഘർഷങ്ങളുടെ കാര്യത്തിലും ഇതേ സമാനത കാണാം. ഒരുഭാഗത്ത് പരിസ്ഥിതി പ്രവർത്തകരും മറുഭാഗത്ത് വികസനവാദികളും എന്ന നിലയ്ക്ക് ഭിന്നിക്കുകയാണുണ്ടായത്. വികസനത്തിന്റെ പേരിലുള്ള വിഭവചൂഷണവും പരിസ്ഥിതിനാശവുമൊക്കെ നടത്തുന്നത് പരിസ്ഥിതിലോല മേഖലകളിൽ താമസിക്കുന്ന ദരിദ്രതൊഴിലാളികളുടേയും ദരിദ്രകർഷകരുടെയും പേരിലാണ്. അവർക്കാകട്ടെ വികസനം കൊണ്ട് വലിയ ലാഭമൊന്നും ഉണ്ടാകുന്നില്ല. ലാഭമുണ്ടാക്കുന്നത് കാട്ടിലേക്ക് കടന്നുകയറുന്ന വൻകിട വിനോദസഞ്ചാര വ്യവസായികളും ഖനനലോബിയുമൊക്കെയാണ്. ഇങ്ങനെ പ്രശ്നങ്ങളുടെ ആന്തരിക സവിശേഷതകൾ പരിശോധിക്കാൻ തയ്യാറാവാത്തതുകൊണ്ടാണ് കേരളം സംവാദാത്മകമായ ഒരു സമൂഹമല്ലെന്ന് പറയുന്നത്.

ലഹരി ഉപയോഗം, ആത്മഹത്യാനിരക്ക്, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ എന്നിവയൊക്കെ വളരെ കൂടുതലാണ്. ഇത്തരം പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ടുമാത്രമേ കേരളം ഇതുവരെ നേടിയ നേട്ടങ്ങൾ നിലനിറുത്താനും കൂടുതൽ നേട്ടങ്ങൾ നേടിയെടുക്കാനും കഴിയൂ. ഈ ആശയമാണ് ശാസ്ത്രസാഹിത്യപരിഷത്ത് ആരംഭിച്ചിരിക്കുന്ന ജനകീയ ക്യാമ്പയിനിലൂടെ മുന്നോട്ടു വയ്ക്കുന്നത്. അതിന്റെ ഭാഗമായി വിവിധ പ്രാദേശികപഠനങ്ങൾ, സെമിനാറുകൾ, പഠനസമ്മേളനങ്ങൾ എന്നിവ നടക്കുകയുണ്ടായി.അതിന്റെ ഒരു ഘട്ടം അവസാനിക്കുന്നത് ജനുവരി 26ന് കാഞ്ഞങ്ങാട് തുടങ്ങി ഫെബ്രുവരി 28ന് തിരുവനന്തപുരത്ത് സമാപിക്കുന്ന കേരള പദയാത്രയോടെയാണ്. ഓരോ ദിവസവും കേരളത്തിന്റെ സാമൂഹ്യരാഷ്ട്രീയരംഗത്തെ പ്രമുഖർ ക്യാപ്‌ടൻമാരായി വരുന്ന ഈ പദയാത്ര 126 പൊതുസമ്മേളനങ്ങളിലൂടെ കടന്നുപോയാണ് പൂർത്തിയാകുന്നത്. ഇതോടൊപ്പം ലിംഗനീതി, ശാസ്ത്രബോധം എന്നീ വിഷയങ്ങൾ ചർച്ചചെയ്യുന്ന ഒരു കലാജാഥയും സംഘടിപ്പിച്ചിട്ടുണ്ട്. പദയാത്ര ജെ.കെ ചന്ദ്രു ഉദ്ഘാടനം ചെയ്യും. സമാപനസമ്മേളനത്തിൽ പി സായിനാഥ് മുഖ്യപ്രഭാഷണം നടത്തും. ക്യാമ്പയിനും പദയാത്രയും വിജയിപ്പിക്കാൻ എല്ലാവരുടെയും സഹായം അഭ്യർത്ഥിക്കുന്നു.

(ലേഖകൻ കേരള ശാസ്ത്രസാഹിത്യപരിഷത്ത് ജനറൽ സെക്രട്ടറിയാണ് )

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KERALAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.