SignIn
Kerala Kaumudi Online
Thursday, 19 September 2024 12.43 AM IST

സ്വകാര്യ, കല്‌പിത സർവകലാശാലകൾ മുഖ്യമന്ത്രിക്ക് തുറന്ന കത്ത്

Increase Font Size Decrease Font Size Print Page

photo

ഇക്കഴിഞ്ഞ ഇടതുമുന്നണി യോഗത്തിൽ സ്വകാര്യ, കല്‌പിത സർവകലാശാലകൾ ആരംഭിക്കാൻ സ്വകാര്യ ഏജൻസികൾക്ക് അനുമതി നൽകാമെന്ന് തീരുമാനമടുത്തിരിക്കുകയാണല്ലോ. ഇത് മുൻകാലങ്ങളിലെ പോലെ സർക്കാരിന്റെ വെറുമൊരു ചുവട് മാറ്റമായി കാണാനാകില്ല. കമ്മ്യൂണിസ്റ്റ് സഹയാത്രികരും ഇടതു
സാംസ്‌കാരിക നായകരും പിണറായി സർക്കാരിന്റെ ഈ നയംമാറ്റത്തിലേക്ക് ഒരെത്തിനോട്ടം നടത്തുന്നത് നന്നായിരിക്കും. രാജ്യത്തിന്റെ സാഹചര്യങ്ങൾക്കും പരിസ്ഥിതിക്കും അനുസൃതമല്ലാത്ത വിദേശ മാതൃകകളെ കൂട്ടുപിടിച്ച് കെട്ടിപ്പടുത്ത ഒരു പ്രസ്ഥാനത്തിന്റെ തദ്ദേശീയമായ സാഹചര്യങ്ങൾക്ക് അനുസൃതമായ നയംമാറ്റത്തിലേക്കുള്ള ചുവട് വയ്പ്പായി ഇതിനെ കണക്കാക്കാമോ എന്നതാണ് ചോദ്യം.

ഓരോ വർഷവും ഉന്നതവിദ്യാഭ്യാസത്തിനായി വിദേശ സർവകലാശാലകളെ ആശ്രയിക്കുന്ന നമ്മുടെ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുകയാണ്. വിദേശമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം പതിമൂന്ന് ലക്ഷം വിദ്യാർത്ഥികളാണ് പഠനത്തിനായി ഇന്ത്യയിൽനിന്നും വിദേശത്തേക്ക് പറക്കുന്നത്. അതിൽ നല്ലൊരു ശതമാനം കേരളത്തിൽനിന്നുള്ള വിദ്യാർത്ഥികളാണ്. വലിയ തുകയാണ് ഇവരുടെ പഠനത്തിനായി ഓരോ രക്ഷാകർത്താവും കണ്ടെത്തേണ്ടിവരിക. അവരുടെമേൽ വലിയ സാമ്പത്തികഭാരമാണിത് അടിച്ചേൽപ്പിക്കുന്നത്. കേരളത്തിലെ ലക്ഷോപലക്ഷം വിദ്യാർത്ഥികളെ വലിയ കടക്കാരാക്കി ഇവിടെനിന്നും പുറംതള്ളിയത് സി.പി.എം കാലാകാലങ്ങളിൽ പിന്തുടർന്നുവന്ന പിന്തിരിപ്പൻ നയങ്ങളുടെ ഭാഗമാണ്. ഇപ്പോഴെങ്കിലും ആ നയം തിരുത്താൻ അവർക്കുണ്ടായ വീണ്ടുവിചാരം സ്വാഗതാർഹമാണ്.

1985 ൽ കരുണാകരൻ സർക്കാരിന്റെ കാലം മുതൽ വിദ്യാഭ്യാസ പരിഷ്‌കാരങ്ങൾക്ക് തുടക്കമിട്ടിരുന്നു. ഇതിനായി ആ സർക്കാർ നിയോഗിച്ച മാൽക്കം.എസ്. ആദിശേഷയ്യ കമ്മിഷന്റെ നിഗമനങ്ങളെ പാടെ തള്ളിക്കളയണമെന്നായിരുന്നു അന്നത്തെ സി.പി.എമ്മിന്റേയും ഡി.വൈ.എഫ്‌.ഐയുടേയും എസ്.എഫ് ഐയുടേയും പ്രധാന ആവശ്യം. ഈ കമ്മിഷനാണ് തിരഞ്ഞെടുക്കപ്പെട്ട ഏതാനും കോളേജുകൾക്ക് സ്വയംഭരണാവകാശം നൽകണമെന്നും മറ്റു സംസ്ഥാനങ്ങൾക്ക് സമാനമായി പ്രീഡിഗ്രി കോളേജുകളിൽനിന്നും ഡി ലിങ്ക് ചെയ്യണമെന്നും ആദ്യമായി ആവശ്യപ്പെട്ടത്. സ്വയംഭരണ കോളേജുകൾ എന്നത് പൊതുവിദ്യാഭ്യാസത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്നതാണെന്നും നമുക്കത് സങ്കല്‌പിക്കാൻ പോലുമാവില്ലെന്നുമായിരുന്നു അന്നത്തെ കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികളുടെ പരിഹാസം.

പ്രീഡിഗ്രി ബോർഡിനെതിരെ 1986 ലാണ് കേരളംകണ്ട ഏറ്റവും വലിയ വിദ്യാർത്ഥി, അദ്ധ്യാപക സമരം നടന്നത്. ആശ്ചര്യമെന്ന് പറയട്ടെ, തുടർന്ന് അധികാരത്തിൽവന്ന നായനാർ സർക്കാർ കോളേജിൽ പ്രീഡിഗ്രി നിലനിറുത്തിക്കൊണ്ട് പ്ലസ് ടു സ്‌കൂളുകൾ ആരംഭിക്കുന്നതിന് 1991 ൽത്തന്നെ തുടക്കം കുറിച്ചു. കൂടാതെ 1996 മുതൽ 2001 വരെ അധികാരത്തിലിരുന്ന നായനാർ സർക്കാർ പ്രീ ഡിഗ്രി പൂർണമായും സർവകലാശാലകളിൽ നിന്നും ഡി ലിങ്ക് ചെയ്യുകയും പ്ലസ് ടു സ്‌കൂളുകൾ വ്യാപകമായി ആരംഭിക്കുകയും ചെയ്തു. സർക്കാരിന്റെ ഈ നടപടികൾക്ക് പിന്നിൽ വൻ കോഴ ഇടപാട് നടന്നതായി ആരോപണം ഉയർന്നത് ചരിത്രം.

പ്രൊഫഷണൽ വിദ്യാഭ്യാസത്തിന് കേരളത്തിന് വേണ്ടത്ര സൗകര്യമില്ലെന്ന കാര്യം പരിഗണിച്ച് 94 -96 കാലഘട്ടത്തിൽ എ.കെ ആന്റണി നേതൃത്വം നൽകിയ യു.ഡി.എഫ് സർക്കാർ സ്വാശ്രയ മേഖലയിൽ എൻജിനീയറിംഗ്‌ മെഡിക്കൽ കോളേജുകൾ ആരംഭിക്കാൻ തീരുമാനിച്ചു. സി.പി.എം ഈ നീക്കത്തിനെതിരെ സൃഷ്ടിച്ച പ്രതിരോധവും തുടർന്നുണ്ടായ കൂത്തുപറമ്പ് വെടിവെയ്പ്പും മലയാളികളുടെ മനസിൽ പച്ചപിടിച്ച് നിൽപ്പുണ്ട് ഇന്നും. അഞ്ച് വിലപ്പെട്ട ജീവൻ അപഹരിച്ച ഈ സമരത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് ശ്രീ. പുഷ്പൻ. 2014 ൽ ഉമ്മൻചാണ്ടി സർക്കാർ സ്വയംഭരണ കോളേജ് തുടങ്ങാനുള്ള നടപടി ആരംഭിക്കുകയും അതനുസരിച്ച് സർക്കാർ കോളേജായ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ പരിശോധനയ്‌ക്കെത്തിയ യു.ജി.സി സംഘത്തെ എസ്.എഫ്‌.ഐ ക്രിമിനലുകളും കമ്മ്യൂണിസ്റ്റ് അദ്ധ്യാപക സംഘടനയിലെ ചട്ടമ്പികളും ചേർന്ന് വിരട്ടിയോടിച്ചത് മലയാളികളാരും മറന്നിട്ടില്ല. അന്ന് താങ്കളും താങ്കളുടെ പാർട്ടിയിലെ ബുദ്ധിജീവികളും ഉയർത്തിയ പ്രധാനവാദം സ്വയംഭരണം നൽകിയാൽ വിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ നഷ്ടപ്പെടുമെന്നും വിദ്യാർത്ഥികളിൽ നിന്നും അമിത ഫീസ് ഈടാക്കേണ്ടി വരുമെന്നുമായിരുന്നു.

കേരളത്തിൽ വിദേശസർവകലാശാലകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കോവളത്ത് നടത്തിയ ഗ്ലോബൽ മീറ്റിങ്ങിൽ പങ്കെടുക്കാനെത്തിയ ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ അന്നത്തെ വൈസ് ചെയർമാൻ ശ്രീ. ടി.പി. ശ്രീനിവാസന്റെ കരണത്തടിച്ച് നിലത്തിട്ട എസ്.എഫ്‌.ഐക്കാരുടെ തോന്ന്യാസം മലയാളികൾക്ക് മറക്കാനാവില്ല. 2016ൽ അധികാരത്തിൽവന്ന ഒന്നാം പിണറായി സർക്കാർ മറവിരോഗം ബാധിച്ചതുപോലെ സ്വയംഭരണ കോളേജുകൾ എൻജിനീയറിംഗ് മേഖലയിൽ ഉൾപ്പെടെ കൂടുതലായി അനുവദിച്ചതും മലയാളികൾ മറന്നിട്ടില്ല. 94 ൽ ഇ.ടി മുഹമ്മദ് ബഷീർ വിദ്യാഭ്യാസമന്ത്രിയായിരിക്കുമ്പോൾ ഓപ്പൺ സർവകലാശാലകളെക്കുറിച്ച് സ്‌പെഷൽ ഓഫീസറെവച്ച് നടത്തിയ പഠനത്തെയും എതിർത്ത് തോൽപ്പിച്ച് അട്ടിമറിച്ചത് ഇതേയാളുകളായിരുന്നു. സമൂഹത്തിൽ രണ്ടുതരം ബിരുദം നൽകുന്നത് വിദ്യാർത്ഥി സമൂഹത്തിന് ഗുണകരമല്ലെന്നും നിലവിലുള്ള സർവകലാശാലകളെ ഇത് സാമ്പത്തികമായി തകർത്തുകളയുമെന്നുമാണ് ഈ എതിർപ്പിന് ഉപോൽബലകമായി ഇടതുപക്ഷം ഉയർത്തിയ വാദം. അത് അങ്ങ് മറന്ന് കാണാൻ ഇടയില്ലല്ലോ.

വിദ്യാഭ്യാസമേഖലയെക്കുറിച്ച് പറയുമ്പോൾ ഡോ. ജെ.വി. വിളനിലത്തെ ഓർക്കാതിരിക്കുന്നത് ശരിയല്ല. അദ്ദേഹം കേരള വിസി ആയിരിക്കുമ്പോൾ 1995 ൽ കേരള യൂണിവേഴ്സിറ്റിയിൽ നടപ്പാക്കിയ കെഡ്രിറ്റ് ആന്റ് സെമസ്റ്റർ സിസ്റ്റത്തെ പല്ലും നഖവും ഉപയോഗിച്ച് എതിർത്തതും നിങ്ങളുടെ കുട്ടിസഖാക്കളായിരുന്നു. അന്ന് പൊതുസമൂഹത്തിന് മുന്നിൽ നിങ്ങളുയർത്തിയ വാദം ഇത് അമേരിക്കൻ വിദ്യാഭ്യാസ മാതൃകയാണെന്നതാണ്. എന്നാൽ അതിനെ ശക്തിയുക്തം പ്രതിരോധിച്ച് അദ്ദേഹം അത് നടപ്പിലാക്കി. ഇതേ സമ്പ്രദായം പിൽക്കാലത്ത് കേരളത്തിലെ മുഴുവൻ കോളേജുകളിലും നടപ്പാക്കുന്നതിൽ താങ്കൾക്കോ താങ്കളുടെ പാർട്ടിക്കോ സാംസ്‌കാരിക നായകർക്കോ, ബുദ്ധിജീവികൾക്കോ യാതൊരു സങ്കോചവുമുള്ളതായി കണ്ടില്ല.

സ്വജനപക്ഷപാതവും പിൻവാതിൽ നിയമനവും നടത്തി സർവകലാശാലകളെ ഈജിയൻ തൊഴുത്താക്കിയ ഉന്നതവിദ്യാഭ്യാസ മേഖലയിലെ സകലപ്രശ്നങ്ങൾക്കും കാരണം ഗവർണറാണെന്ന തിരിച്ചറിവിൽ ഗവർണറെ ചാൻസിലർ സ്ഥാനത്തുനിന്നും മാറ്റുന്ന നിങ്ങൾ മുൻകാല ചരിത്രമറിയാവുന്നവർ ഇനിയൊരിക്കൽ ഗവർണർ തന്നെ ചാൻസിലറായി വേണമെന്ന് ആവശ്യപ്പെടുമെന്ന് വിശ്വസിച്ചാൽ അവരെ കുറ്റം പറയാൻ താങ്കൾക്കാവുമോ.

കഴിഞ്ഞ 65 വർഷങ്ങൾക്കിടയിൽ നിങ്ങൾ തിരുത്തിയ തെറ്റുകളുടെ ശേഖരം പരിശോധിച്ചാൽ അത് കൊടുമുടിയേക്കാൾ ഉയരത്തിലാണെന്ന് കാണാം. അറിഞ്ഞുകൊണ്ട് തെറ്റ് ചെയ്യുകയും പിന്നീടത് തിരുത്തുകയും ചെയ്യുന്ന തെറ്റുതിരുത്തൽ പാർട്ടിയായി നിങ്ങളുടെ പാർട്ടി അധഃപതിച്ചു. നിങ്ങൾ കാട്ടിക്കൂട്ടിയ സമരങ്ങളുടെ പേക്കൂത്ത് കാരണം കേരളത്തിലെ വിദ്യാഭ്യാസമേഖല 50 വർഷം പിന്നോട്ട് പോയതിന് കേരള ജനതയോട് കുറഞ്ഞപക്ഷം മാപ്പുപറയാനെങ്കിലും താങ്കൾ തയ്യാറാകണം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: OPEN LETTER TO CHIEF MINISTER
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.