SignIn
Kerala Kaumudi Online
Saturday, 20 April 2024 6.14 AM IST

എം.എൽ.എമാർ കൂടിയാൽ വികസനം വരില്ലേ?

pta

ആളുകൂടിയാൽ പാമ്പ് ചാകില്ലെന്ന ചൊല്ലുപോലെയാണ് പത്തനംതിട്ട ജില്ലയുടെ വികസനം. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ഇടത് എം.എൽ.എമാർ. സി.പി.എമ്മിന് രണ്ട്, സി.പി.എെ, ജനതാദൾ എസ്, കേരളകോൺഗ്രസ് കക്ഷികൾക്ക് ഒാരോന്ന് വീതം. ആരോഗ്യമന്ത്രി ജില്ലയിലെ എം.എൽ.എയാണ്. ഡെപ്യൂട്ടി സ്പീക്കറും ജില്ലയിൽനിന്നാണ്. പക്ഷേ, ഇടതു സർക്കാരിന്റെ ബഡ്‌ജറ്റുകളിൽ ജില്ലയ്ക്ക് അവഗണന മാത്രം. ഒാരോ ബഡ്‌ജറ്റിന് മുൻപും പത്തനംതിട്ടയിലേക്ക് എന്തൊക്കെയോ പദ്ധതികൾ വരുമെന്ന പ്രതീതിയുണ്ടാകും. മലപോലെ വരുമെന്ന് പറയുന്നത് എലി പോലുമാകില്ല. ഭരണപക്ഷത്ത് ജില്ലയ്‌ക്ക് അഞ്ച് എം.എൽ.എമാർ ഉണ്ടായിട്ട് വല്ല പ്രയോജനവുമുണ്ടോ എന്നാണ് ജനത്തിന്റെ ചോദ്യം. ജനകീയ ബഡ്‌ജറ്റ് എന്ന വിശേഷണത്തോടെ ഇത്തവണ അവതരിപ്പിച്ച ബഡ്‌ജറ്റ് തീവെട്ടിക്കൊള്ളയായി മാറി.

ആരോഗ്യമന്ത്രിയുടെ നാട്ടിൽ കാര്യമായ ഒരു ആരോഗ്യപദ്ധതി പോലുമില്ല. പത്തനംതിട്ട ജനറൽ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റിയാക്കുമെന്ന് മന്ത്രി പലതവണ പറഞ്ഞു,​ ഒന്നും നടന്നില്ല. ബഡ്ജറ്റിൽ നയാപൈസ നീക്കിവച്ചില്ല. കോഴഞ്ചേരി ജില്ലാ ആശുപത്രിക്കും സഹായങ്ങളില്ല. മറ്റ് ആശുപത്രികളുടെ കാര്യം പറയേണ്ടതില്ല.

മന്ത്രിയുടെ മണ്ഡലത്തിലെ കോഴഞ്ചേരി പാലം ഇരുകര തൊടാതെ കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. 2018ൽ തുടങ്ങിയ പാലം നിർമാണം രണ്ടുവർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന പ്രഖ്യാപനം പാഴ് വാക്കായി. ബിൽ തുക അനുവദിക്കാഞ്ഞതിനാലും

നിർമാണസാമഗ്രികളുടെ വില വർദ്ധനയ്‌ക്ക് അനുസരിച്ച് കരാർതുക കൂട്ടാത്തതിനാലും കരാറുകാരൻ പണി ഉപേക്ഷിച്ചു പോയി. പുതിയ കരാർ ക്ഷണിച്ചപ്പോൾ നേരത്തേ വിവാദത്തിൽപ്പെട്ട ഊരാളുങ്കൽ സാെസൈറ്റി കരാർ ഏറ്റെടുത്തിരിക്കുകയാണ്.

ഓരോ ബഡ്‌ജറ്റ് അവതരിപ്പിച്ചു കഴിയുമ്പോഴേക്കും തങ്ങളുടെ മണ്ഡലത്തിന് കിട്ടിയ നേട്ടങ്ങളുടെ പട്ടികയുമായി എം.എൽ.എമാർ വാർത്താക്കുറിപ്പിറക്കും. ജില്ലയ്ക്ക് എടുത്തു പറയത്തക്ക പ്രത്യേക പദ്ധതികൾ ഒന്നുമുണ്ടാകില്ല. തങ്ങളുടെ മണ്ഡലത്തിലെ ചെറിയ പദ്ധതികളെ പെരുപ്പിച്ച് നേട്ടങ്ങളായി കൊട്ടിഘോഷിക്കുകയാണ്.

വിദ്യാഭ്യാസം, കായിക ഇനങ്ങളിൽ വളരെ പിന്നിലാണ് ജില്ല . എസ്.എസ്.എൽ.സി, പ്ളസ് ടു ഫലങ്ങളിൽ ഏറെനാളായി ജില്ലാ അടിസ്ഥാനത്തിൽ പന്ത്രണ്ടും പതിമൂന്നും സ്ഥാനങ്ങളിലാണ് പത്തനംതിട്ട. എൻജിനീയറിംഗ് , മെഡിക്കൽ , സിവൽ സർവീസ് പരീക്ഷകളിലെ റാങ്കുകാരിൽ പത്തനംതിട്ടക്കാർ പേരിനു പോലുമില്ല. കായിക ഇനത്തിലും ഇതാണ് സ്ഥിതി. ജില്ലാ സ്റ്റേഡിയം വികസനം കടലാസിലൊതുങ്ങി. സിന്തറ്റിക് ട്രാക്ക് ഉൾപ്പെടെ സ്റ്റേഡിയം വികസനത്തിന് സാദ്ധ്യതകളും സ്ഥലവുമുണ്ടായിട്ടും പ്രയോജനപ്പെടുത്താൻ കഴിയുന്നില്ല. കൊടുമണ്ണിൽ പുതിയ സിന്തറ്റിക് സ്‌റ്റേഡിയം നിർമിച്ചെങ്കിലും ഗ്രാമീണ റോഡിന്റെ തകർച്ചയും ഗതാഗത സൗകര്യക്കുറവും പരിമിതികളായി നിലനിൽക്കുന്നു. ജില്ലയുടെ ഇത്തരം പിന്നാക്കാവസ്ഥയ്ക്ക് ശാശ്വത പരിഹാരം തേടാനും നൂതന പദ്ധതികൾ ബഡ്‌ജറ്റിൽ ഉൾക്കൊള്ളിക്കാനും ജനപ്രതിനിധികൾക്ക് കഴിയുന്നില്ല.

മലയോരജനത വന്യജീവി ആക്രമണത്താൽ പൊറുതി മുട്ടിയിരിക്കുകയാണ്. കാട്ടുപന്നികളും കാട്ടാനകളുമായിരുന്നു കഴിഞ്ഞ കാലങ്ങളിലെ വെല്ലുവിളി. ഇപ്പോൾ പുലിയും കടുവയും ആക്രമിക്കുന്നു. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ തുരത്താൻ പ്രഖ്യാപിച്ച പദ്ധതികൾക്ക് പോരായ്മകളേറെയെന്ന് മാത്രമല്ല, സൂക്ഷിച്ചില്ലെങ്കിൽ കർഷകർ നിയമത്തിന്റെ കുരുക്കിൽ വീഴുകയും ചെയ്യും. വിനാശകാരികളായ കട്ടുപന്നികളെ വെടിവച്ചുകൊല്ലാൻ ലൈസൻസുള്ള തോക്കുടമകളെ അനുവദിക്കുന്നുണ്ട്. എന്നാൽ, ഗർഭിണിയായ കാട്ടുപന്നിയെ കൊല്ലരുത് തുടങ്ങിയ ഉപാധികൾ കർഷകർക്ക് വിനയാകുന്നു. വന്യജീവികൾ ജനവാസ മേഖലയിലേക്ക് കടക്കുന്നത് തടയാൻ ശാസ്ത്രീയ മാർഗങ്ങൾ വിദേശരാജ്യങ്ങൾ സ്വീകരിച്ചിട്ടുണ്ട്. ആ മാതൃക പഠിക്കാനും നമ്മുടെ നാട്ടിൽ പ്രയോഗത്തിലാക്കാനും ബഡ്‌ജറ്റിൽ നിർദേശങ്ങൾ ഉണ്ടാകാറില്ല.

ജില്ല നേരിടുന്ന മറ്റൊരു പ്രശ്നം നദികളിലെ അടിത്തട്ടിൽ അടിഞ്ഞുകൂടിയ മണലാണ്. 2018 ലെ പ്രളയത്തിൽ അടിഞ്ഞുകൂടിയ മണൽ ഇതുവരെ നീക്കം ചെയ്തിട്ടില്ല. ഇനിയൊരു പ്രളയമുണ്ടായാൽ നദികൾ പെട്ടന്ന് കരകവിഞ്ഞൊഴുകുകയും വലിയ ദുരന്തങ്ങൾക്ക് ഇടവരുത്തുകയും ചെയ്യുമെന്ന് പഠനങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. നദികളിലെ മണൽവാരി സംഭരിച്ച് കെട്ടിട നിർമ്മാണങ്ങൾക്ക് ഉപയോഗിക്കാൻ കുറഞ്ഞ വിലയ്ക്ക് വിറ്റഴിക്കുന്ന കലവറ പദ്ധതി സർക്കാർ പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല. പാറമട , ക്രഷർ ലോബികളുടെ സമ്മർദ്ദത്തിന് സർക്കാർ വഴങ്ങിയതോടെ കലവറ കാലിയായി. സർക്കാർ മണൽ വിറ്റാൽ പാറപ്പൊടി വില്‌പന കൂപ്പുകുത്തുമെന്ന് ഭയന്നാണ് പാറമട ലോബികൾ അട്ടിമറി നീക്കം നടത്തുന്നത്.

സംസ്ഥാനത്ത് റബർ ഉത്‌പാദനത്തിൽ രണ്ടാംസ്ഥാനത്തുള്ള പത്തനംതിട്ടയ്ക്ക് ബ‌ഡ്‌ജറ്റിൽ യാതൊരു പരിഗണനയും ലഭിക്കാറില്ല. റാന്നിയിൽ റബർ പാർക്കിനുള്ള നിർദേശത്തിന് ഇരുപത് വർഷത്തെ പഴക്കമുണ്ട്. ബഡ്‌ജറ്റിൽ ഇടംപിടിക്കാതിരുന്നതു കൊണ്ട് ഈ ആശയം ഇപ്പോൾ ഉപേക്ഷിച്ച മട്ടാണ്.

ജില്ലയിലെ അഞ്ച് എം.എൽ.എമാരിൽ നാലും പരിചയ സമ്പന്നരാണ്. മന്ത്രി വീണാജോർജ് രണ്ട് തവണയായി ആറന്മുളയെ പ്രതിനിധീകരിക്കുന്നു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മൂന്ന് ടേമായി അടൂർ മണ്ഡലത്തിന്റെ പ്രതിനിധി. മാത്യു ടി.തോമസ് തിരുവല്ലയിൽ നിന്ന് നാലുതവണ വിജയിച്ചു. കെ.യു ജനീഷ് കുമാർ കോന്നിയെ രണ്ട് തവണയായി പ്രതിനിധീകരിക്കുന്നു. റാന്നിയിൽ പ്രമോദ് നാരായണൻ മാത്രമാണ് പുതുമുഖം. ഭരണപക്ഷത്ത് അഞ്ച് എം.എൽ.എമാരുണ്ടായിട്ടും സ്ഥിതി ഇതാണെങ്കിൽ പത്തനംതിട്ട പിന്നിൽത്തന്നെ തുടരുമെന്ന് വ്യക്തം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.