SignIn
Kerala Kaumudi Online
Friday, 26 April 2024 2.10 PM IST

റെയിൽവെ ഗേറ്റുകളിൽ പാളം തെറ്റുന്ന സ്ത്രീസുരക്ഷ

opinion

സമസ്ത തൊഴിൽ മേഖലകളിലും ഇന്ന് പുരുഷനൊപ്പം സ്ത്രീയുമുണ്ട്. തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തുടർക്കഥയാകുമ്പോഴാണ് സ്‌ത്രീസുരക്ഷയിലെ പാളിച്ചകൾ അനാവരണം ചെയ്യപ്പെടുന്നത്. കൊല്ലം -ചെങ്കോട്ട റെയിൽപാതയിലെ തെങ്കാശിക്ക് സമീപം പാവൂർസത്രം റെയിൽവെ ഗേറ്റിൽ ഡ്യൂട്ടിയിലായിരുന്ന വനിതാ ഗേറ്റ്കീപ്പർ ഫെബ്രുവരി 16 ന് രാത്രി ആക്രമിക്കപ്പെട്ട സംഭവം ഈ പാളിച്ചയിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. മരണത്തെ മുന്നിൽക്കണ്ട യുവതി അജ്ഞാതനായ അക്രമിയിൽനിന്ന് രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടു മാത്രമാണ്. രാത്രി 8. 30 മണിയോടെ ഗേറ്റ് കീപ്പറുടെ മുറിയിലെത്തിയ അക്രമി യുവതിയെ കടന്നുപിടിക്കുകയായിരുന്നു. പ്രതി പുനലൂർ വെഞ്ചേമ്പ് സ്വദേശി എം. അനീഷിനെ (27) രണ്ട് ദിവസത്തിനു ശേഷം തമിഴ്നാട് റെയിൽവെ പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തെങ്കിലും രാത്രി ജോലി ചെയ്യുന്ന വനിതാ ഗേറ്റ് കീപ്പർമാരെ ഈ സംഭവം ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

കൊല്ലം സ്വദേശിനിയായ യുവതിയാണ് ജോലിയ്ക്കിടെ മരണത്തെ മുഖാമുഖം കണ്ടത്.

അറസ്റ്റിലായത്

പെയിന്റിംഗ്

തൊഴിലാളി

വനിതാ ഗേറ്റ് കീപ്പറെ ആക്രമിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് തമിഴ്നാട് റെയിൽവെ പൊലീസ് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിൽ പ്രതിയെ രണ്ട് ദിവസത്തിനുള്ളിൽ തന്നെ കസ്റ്റഡിയിലെടുക്കാനായി. സംഭവം നടന്ന സമയത്ത് പ്രതി ധരിച്ചിരുന്ന ചെരിപ്പും പാന്റ്സുമാണ് ആളെ തിരിച്ചറിയാൻ പൊലീസിനെ സഹായിച്ചത്. കൊല്ലം- തിരുമംഗലം ദേശീയപാതയോരത്താണ് പാവൂർസത്രം റെയിൽവെ ഗേറ്റ്. ഇവിടെ മേൽപ്പാലം പണി നടക്കുന്നുണ്ട്. ഈ ജോലിചെയ്യാനെത്തിയ അന്യസംസ്ഥാന തൊഴിലാളികളെയായിരുന്നു ആദ്യം സംശയിച്ചത്. പീഡനശ്രമം പരാജയപ്പെട്ടതോടെ ഓടിമറയുന്നതിനിടെ അനീഷിന്റെ ഒരു ചെരിപ്പ് റെയിൽവെ ട്രാക്കിനരികിലേക്ക് വീണിരുന്നു. ഈ ചെരിപ്പ് പരിശോധിച്ച പൊലീസ് അതിൽ പെയിന്റ് പറ്റിയതായി കണ്ടതോടെ പെയിന്റിംഗ് ജോലിക്കാരെ കേന്ദ്രീകരിച്ചായി അന്വേഷണം. അന്ന് ധരിച്ചിരുന്ന കാക്കി പാന്റ്സും സമീപത്തെ സിസി ടിവി ദൃശ്യങ്ങളും പ്രതിയിലേക്കെത്താൻ പൊലീസിന് സഹായമായി. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്ത ശേഷം തെങ്കാശി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. 2018 ൽ സ്വദേശമായ പുനലൂരിൽ മറ്റൊരു പീഡനക്കേസിൽ കുന്നിക്കോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് ഇയാൾ. ജാമ്യത്തിലിറങ്ങി പാവൂർ സത്രത്തിലെത്തി പെയിന്റിംഗ് ജോലി ചെയ്തു വരികയായിരുന്നു. കൃത്യത്തിനു ശേഷം കേരളത്തിലേക്ക് കടക്കുന്നതിനിടെ തമിഴ്നാട് അതിർത്തിയായ പുളിയറയിൽ വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഭീതിയിൽ വനിതാ

ഗേറ്റ് കീപ്പർമാർ

പാവൂർ സത്രം റെയിൽവെ വനിതാ ഗേറ്റ് കീപ്പർ ലവൽക്രോസിലെ മുറിയ്ക്കുള്ളിൽ ആക്രമണത്തിനിരയായതോടെ വനിതാ ഗേറ്റ് കീപ്പർമാർ അങ്കലാപ്പിലാണ്. കേരളത്തിൽ നിരവധി ലവൽ ക്രോസുകളിൽ ഇപ്പോൾ രാത്രിഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള വനിതാ ജീവനക്കാർ ഭീതിയുടെ നിഴലിലാണ് ജോലി ചെയ്യുന്നത്. അടുത്തകാലം വരെ പുരുഷ ജീവനക്കാരുടെ കുത്തകയായിരുന്ന ഈ ജോലിയിലേക്കും സ്ത്രീകൾ ധൈര്യപൂർവം കടന്നുവന്നത് വിപ്ളവകരമായ മാറ്റമായാണ് വിശേഷിപ്പിക്കപ്പെട്ടത്. പക്ഷേ പല ലവൽക്രോസുകളും സ്ഥിതി ചെയ്യുന്നത് വിജനമായ സ്ഥലത്താണെന്നത് ഇവരുടെ സുരക്ഷയ്‌ക്ക് മേൽ കരിനിഴൽ വീഴ്‌ത്തുന്നു. രാത്രിയായാൽ പിന്നെ പറയാനുമില്ല. ട്രെയിൻ പോകുമ്പോൾ ലവൽക്രോസിലെ ഗേറ്റടയ്ക്കുകയും തുറക്കുകയും ചെയ്യുന്നതാണ് ഇവരുടെ ജോലി. എട്ട് മണിക്കൂറാണ് ജോലിസമയം. ആഴ്ചയിൽ രണ്ട് ദിവസമുള്ള രാത്രിഡ്യൂട്ടിയാണ് വനിതാ ജീവനക്കാർക്ക് വെല്ലുവിളി ഉയർത്തുന്നത്. തൊട്ടടുത്ത റെയിൽവെ സ്റ്റേഷനുമായി ഹോട്ട്ലൈൻ ബന്ധമുണ്ടെങ്കിലും ട്രെയിൻ കടന്നുപോകുമ്പോൾ മുറിയുടെ പുറത്തിറങ്ങാതെ പറ്റില്ലല്ലോ. സുരക്ഷയുടെ കാര്യത്തിൽ വനിതാ ജീവനക്കാർക്കായി പ്രത്യേകം സൗകര്യങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ല. പലയിടത്തും അടച്ചുറപ്പില്ലാത്ത മുറിയ്ക്ക് പുറത്താണ് ശുചിമുറി.

പല വനിതാ ജീവനക്കാരും രാത്രി ഡ്യൂട്ടി ചെയ്യാനെത്തുന്നത് ഭർത്താവിനെയോ സഹോദരനെയോ മകനെയോ ഒക്കെ ഒപ്പം കൂട്ടിയാണ്. സാമൂഹ്യവിരുദ്ധരുടെയും മദ്യപാനികളുടെയും ശല്യം പലപ്പോഴും ഉണ്ടാകാറുണ്ടെന്ന അനുഭവം പല ഗേറ്റ് കീപ്പർമാരും പങ്കുവയ്ക്കുന്നു. ഗേറ്റടഞ്ഞു കിടക്കുമ്പോൾ ഏറെ നേരം കാത്തുകിടക്കേണ്ടി വന്നാൽ വാഹനങ്ങളുടെ ഡ്രൈവർമാർ എത്തി വാക്കേറ്റം നടത്തുന്നതും ചിലപ്പോൾ അസഭ്യം പറയുന്നതും പതിവാണ്. രാത്രി വൈദ്യുതി ബന്ധം നിലച്ചാൽ സിഗ്നൽ ലൈറ്റിന്റെ വെളിച്ചം മാത്രമായിരിക്കും ഏക ആശ്രയം. ഇത്തരം സാഹചര്യങ്ങളിൽ ആധിയോടെയാണ് ജോലിചെയ്യുന്നതെന്നാണ് ഇവർ പറയുന്നത്. ഗേറ്റിനോടനുബന്ധിച്ചുള്ള മുറികളിൽ സിസി ടിവി ഘടിപ്പിച്ച് തുടങ്ങിയിട്ടുണ്ടെങ്കിലും ചുരുക്കം സ്ഥലങ്ങളിൽ മാത്രമാണ് ഇതുവരെ കാമറ എത്തിയത്. ബിരുദധാരികളെക്കൂടാതെ എം.ബി.എ യും എൽ.എൽ.ബിയും ബി.എസ്.സി നഴ്സിംഗുമൊക്കെ പാസായവർ മാത്രമല്ല, ബിരുദാനന്തര ബിരുദക്കാരായ വനിതകൾ വരെയുണ്ട് ഇന്ന് ഗേറ്റ്കീപ്പർ ജോലി ചെയ്യാൻ. കേന്ദ്ര സർക്കാരിനു കീഴിലുള്ള ജോലിയെന്ന നിലയിലാണ് പലരും ഈ ജോലി തിരഞ്ഞെടുക്കുന്നത്. മുമ്പും ഇതുപോലെ വനിതാ ഗേറ്റ് കീപ്പർമാർക്കെതിരെ രാത്രിയിൽ സുരക്ഷാഭീഷണി ഉയർന്നിട്ടുണ്ടെങ്കിലും പാവൂർസത്രം റെയിൽവെ ഗേറ്റിലുണ്ടായ സംഭവം പോലെ ഗുരുതര സ്വഭാവമുള്ളതായിരുന്നില്ല. ഈ സംഭവത്തെ ഗൗരവമായിക്കണ്ട് വനിതാ ഗേറ്റ്കീപ്പർമാരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് ജീവനക്കാരുടെ യൂണിയനുകൾ റെയിൽവെ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SAFETY OF WOMEN GATEKEEPER
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.