SignIn
Kerala Kaumudi Online
Saturday, 27 April 2024 7.27 AM IST

' പ്രതീക്ഷ സാമ്പത്തിക വളർച്ചയിൽ '

k-n-balagopal

സിമ്പിളാണ് സംസ്ഥാന ധനകാര്യമന്ത്രി കെ.എൻ.ബാലഗോപാൽ. ഡൗൺ ടു ഏർത്ത് എന്ന വിഷേഷണം നന്നായി ഇണങ്ങും. ബഡ്ജറ്റിലെ നികുതിഭാരം ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടായെന്ന വിമർശനത്തെ എല്ലാം നല്ല ലക്ഷ്യത്തിനാണെന്ന് സാധൂകരിക്കുന്നു അദ്ദേഹം. ഇന്നു നടക്കുന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിക്കു തിരിക്കുംമുമ്പ് കേരളകൗമുദിക്കു നൽകിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ:-

ഫയലുകളിൽ ധനവകുപ്പ് ഉടക്കിടുന്നതിനാൽ ഭരണസ്തംഭനത്തിലേക്ക് നീങ്ങുമെന്ന് വകുപ്പ് സെക്രട്ടറിമാർ മുഖ്യമന്ത്രിയെ ആശങ്ക അറിയിച്ചതായി വാർത്തയുണ്ട്. ?

വാർത്തകൾ അടിസ്ഥാനരഹിതമാണ്. അങ്ങനെയൊരു ചർച്ചയ്‌ക്ക് സാദ്ധ്യതയില്ല. യോഗത്തിൽ

ഞാൻ പങ്കെടുത്തില്ല. വകുപ്പുകളുടെ പ്രവർത്തനം വിലയിരുത്തണമല്ലോ. അതാണവിടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്നതെന്നാണ് മനസിലാക്കുന്നത്. ധനവകുപ്പ് ഉടക്കിടുന്നുവെന്നത് ശരിയല്ല. മിക്കപ്രശ്നങ്ങൾക്കും കാരണം ധനപരമായ ബുദ്ധിമുട്ടുകളായിരിക്കില്ല. ഭരണപരവും സാങ്കേതികവും പ്രായോഗികവുമായ പ്രശ്നങ്ങളായിരിക്കും.

ധനവകുപ്പിൽ പോയാൽ പിന്നെ അവിടെക്കിടക്കുമെന്ന്

മന്ത്രിമാർ അടക്കം പറയുന്നുണ്ട്?

അതൊരു കൗശല ചോദ്യമാണ്. അവരാരും അങ്ങനെ അടക്കം പറയില്ല. നമ്മൾ ആവശ്യത്തിന് ചെലവ് ചെയ്യുന്നത് കുറച്ചിട്ടില്ല. വലിയതോതിലുള്ള കട്ടാണ് കേന്ദ്രം വരുത്തിയത്. കടമെടുക്കാൻ സമ്മതിക്കുന്നില്ല. ജി.എസ്.ടി നഷ്ടപരിഹാരം നിറുത്തി. ധനകാര്യ കമ്മിഷൻ നികുതിവിഹിതവും കുറച്ചു.

നെല്ല് സംഭരിച്ചവകയിൽ കർഷകന് പൈസ നൽകാനുണ്ട്. അപ്പോൾത്തന്നെ കൃഷി പഠിക്കാൻ കർഷകരേയും കൂട്ടി ഇസ്രായേലിൽ പോകുന്നു. ഇത് ചെലവ് ചുരുക്കലാണോ?

കൃഷിക്കാർ നൂതന സാങ്കേതികവിദ്യകൾ പരിശീലിക്കുന്നതും പ്രയോഗിക്കുന്നതും നല്ലതാണ്. അതിനാണ് പോയത്.

മുണ്ട് മുറുക്കിയുടുക്കേണ്ട സ്ഥിതിവിശേഷമില്ലേ?

മുണ്ട് മുറുക്കിയുടുക്കണമെന്ന് പറയുന്നത് (ഞാൻ പറഞ്ഞിട്ടില്ല) നിങ്ങൾ ഭക്ഷണം കഴിക്കരുതെന്നോ ഒന്നും ചെലവാക്കരുതെന്നോ അല്ല. ഇതൊക്കെ ന്യായമായി നടക്കണം. എല്ലാം കണ്ണടച്ച് എതിർക്കരുത്. ഗവേഷണത്തിന് ഫണ്ട് ചെയ്യുന്നത് നാടിന്റെ നന്മയ്ക്കാണ്.

എ.ജി.സർട്ടിഫൈ ചെയ്ത ജി.എസ്.ടി കണക്ക് 2017 മുതൽ നൽകിയിട്ടില്ലെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞത് ശരിയാണോ?

നമ്മൾ കണക്കുകൊടുക്കാത്തതല്ല. ഏകീകൃത പ്രക്രിയയാണത്. റിസർവ് ബാങ്കും കേന്ദ്ര-സംസ്ഥാന ജി.എസ്.ടി വകുപ്പും എ.ജിയും ചേർന്നാണ് അതു ചെയ്യുന്നത്.ജി.എസ്.ടി നടപ്പിലാക്കി ആദ്യത്തെ രണ്ടുവർഷങ്ങളിൽ ഈ സംവിധാനം ഫലപ്രദമായിരുന്നില്ല.

നിർമ്മലാ സീതാരാമൻ കള്ളം പറഞ്ഞതാണോ?

കള്ളം പറഞ്ഞെന്നല്ല. ആ ചോദ്യം തന്നെ ശരിയായിരുന്നില്ല. കേരളം ഇന്ധനസെസ് പിരിക്കുന്നത് കേന്ദ്രം കൊടുക്കാനുള്ള കുടിശിക നൽകാത്തതുകൊണ്ടാണോ എന്നായിരുന്നു ചോദ്യം. കുടിശികയത്രയില്ല. 750 കോടിയാണ് ആ ഇനത്തിൽ കിട്ടാനുള്ളത്. താത്‌കാലിക കണക്കുകൾ നൽകുന്നുണ്ട്. ഫൈനൽ സെറ്റിൽമെന്റ് നടക്കുന്നതേയുള്ളൂ. എ.ജി. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനാണ് . അദ്ദേഹമത് ചെയ്തുകൊണ്ടിരിക്കുകയാണ്. കേന്ദ്രം തരാത്തതുകൊണ്ട് സെസ് ഏർപ്പെടുത്തിയെന്ന വളഞ്ഞവഴിയിലായിരുന്നു ചോദ്യം.

കേന്ദ്രം പിടിമുറുക്കുന്നതിനാലാണെന്ന ധ്വനിയില്ലായിരുന്നോ?

കേന്ദ്രം പിടിമുറുക്കുന്നുണ്ട്. ഇരുപത് രൂപ കേന്ദ്രം വാങ്ങുന്നുണ്ട്. അതിൽ നാലുരൂപ ഇങ്ങോട്ടു തന്നാൽപ്പോരെയെന്ന് ചോദിക്കാമല്ലോ. അങ്ങനെയല്ലല്ലോ ചോദിച്ചത്. കേരളത്തിന്റെ താത്‌പര്യം സംരക്ഷിക്കുന്ന വിധത്തിലല്ല യു.ഡി.എഫിന്റെ കാമ്പയിൻ വന്നത്.

മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയെക്കണ്ട് പറഞ്ഞുകൂടെ?

അകത്ത് ഭരണപരമായും പുറത്തു രാഷ്ട്രീയമായും പറയുന്നുണ്ട്.

സാമൂഹികസുരക്ഷാ പെൻഷനുവേണ്ടിയാണ് ഇന്ധനസെസ്. പക്ഷേ സെസ് മൂലം സമസ്‌തമേഖലയിലും വിലക്കയറ്റമുണ്ടാകില്ലേ? ഒരു കൈകൊണ്ട് കൊടുത്തിട്ട് മറുകൈകൊണ്ട് തിരിച്ചെടുക്കുകയാണോ?

ആ വാദം തെറ്റാണ് . 60 ലക്ഷം പേർക്കാണ് സാമൂഹികസുരക്ഷാ പെൻഷൻ കൊടുക്കുന്നത്. പതിനേഴ് പ്രാവശ്യം ബഡ്ജറ്റിൽ പറയാതെ ഉമ്മൻചാണ്ടി സർക്കാർ നികുതി കൂട്ടിയിട്ടുണ്ട്. ഞാൻ വന്നപ്പോൾ ആദ്യം അവതരിപ്പിച്ച അപ് ഡേറ്റഡ് ബഡ്ജറ്റിലോ തുടർന്നുള്ള ബഡ്ജറ്റിലോ നികുതി കൂട്ടിയില്ല. കൊവിഡ് കഴിഞ്ഞുവരുന്നതേ ഉണ്ടായിരുന്നുള്ളൂ. ഒന്നും ചെയ്തില്ല. ഈ ബഡ്ജറ്റിലാണ് ചില പ്രൊപ്പോസൽ വച്ചത്. ഇന്ധനസെസിന്റെ സ്പൈറലിംഗ് ഇഫക്ട് ഒരു പരിധിക്കപ്പുറം വരില്ല. വിലക്കയറ്റമുണ്ടാകില്ല. വിലക്കയറ്റം കേന്ദ്രം സൃഷ്ടിച്ചതാണ്. അവർ പിരിക്കുന്നതിന്റെ പകുതിയെങ്കിലും തരേണ്ടതല്ലേ. സെസ് പിരിക്കുന്നത് എന്തിനുവേണ്ടിയാണോ ആ ലക്ഷ്യത്തിൽനിന്ന് മാറില്ല.

വൈദ്യുതി, വെള്ളം, ഭൂമിയുടെ ന്യായവില, സേവന ഫീസുകൾ അങ്ങനെ എല്ലാം കൂടുന്നു?

കേന്ദ്രം കൂട്ടിക്കൊണ്ടിരിക്കുകയും ഒന്നും തരാതിരിക്കുകയും ചെയ്യുമ്പോൾ കേരളം പൊളിഞ്ഞുവീഴാതെ നോക്കേണ്ട ഉത്തരവാദിത്വം ഞങ്ങൾക്കില്ലേ. ശ്രീലങ്കയിലെ അവസ്ഥയിലേക്ക് പോകണോ. ജനങ്ങൾക്കെല്ലാം മനസിലാകുന്നുണ്ട്. സാധാരണക്കാരുടെ പ്രതികരണം ശ്രദ്ധിച്ചാൽ മനസിലാകും.

പിരിച്ചെടുക്കാനുള്ള കോടികളുടെ കാര്യത്തിൽ

ഗുരുതരവീഴ്ച വന്നെന്ന് എ.ജിതന്നെ പറയുന്നു?

കഴിഞ്ഞ അഞ്ചുവർഷത്തെ കണക്കായാണ് 6000 കോടി പറയുന്നത്. അമ്പതുവർഷത്തെ കണക്കുവച്ച് നോക്കാൻ പറ്റുമോ. പിരിച്ചെടുക്കാൻ പറ്റുന്നതിന് ശ്രമിക്കുന്നുണ്ട്. പലതും കേന്ദ്രത്തിന്റെയും കേരളത്തിന്റെയും പൊതുമേഖലയിലേതാണ്. കെ.എസ്.ആർ.ടി.സിയടക്കമുള്ളവയുണ്ട്. ചിലതൊക്കെ കേസാണ്. ആനംസ്റ്റി വഴി പിരിക്കാൻ നോക്കുന്നുണ്ട്. എന്നാലും വലിയതോതിൽ തിരിച്ചെടുക്കാനാവില്ല. ചിലരൊക്കെ മരിച്ചുപോയി.

ഇന്ധന സെസ് താത്‌കാലികമാണെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു?

അദ്ദേഹം ഗൗരവത്തോടെ പറഞ്ഞതാകാം. ആ നിലയിലൊന്നും ആലോചിച്ചിട്ടില്ല.

ജി.എസ്.ടിയുടെ കാര്യത്തിൽ പരാതി കൊടുക്കാനുള്ള സംവിധാനം പോലുമില്ലെന്നു ആക്ഷേപമുണ്ട്?

കേസ് കൊടുക്കാനുള്ള സംവിധാനമില്ല.ട്രിബ്യൂണൽ പോലുമില്ല. ഈ വിഷയം ജി.എസ്.ടി കൗൺസിൽ

യോഗത്തിൽ ഉന്നയിക്കുന്നുണ്ട്. ജി.എസ്.ടി നഷ്ടപരിഹാരം തുടരണമെന്നും വാദിക്കും.

മദ്യപിക്കുന്നവരോട് വിരോധമാണോ? ഇത്രയും നികുതി വേറെങ്ങുമില്ല?

മറ്റു സംസ്ഥാനങ്ങളുമായി നോക്കിയാൽ വലിയ വ്യത്യാസമില്ല. രണ്ടുവർഷമായി നിയന്ത്രിത വിലതന്നെയാണ്.

വിതരണക്കാർക്കുവേണ്ടിയെന്നു പറഞ്ഞ് അടുത്തിടെ കൂട്ടിയല്ലോ?

കേരളത്തിനകത്ത് ഉത്പ്പാദിപ്പിക്കുന്ന മദ്യത്തിന് അഞ്ചുശതമാനം ടേണോവർ ടാക്സുണ്ട്.പുറത്തുനിന്നു കൊണ്ടുവരുന്നതിന് അതില്ല. അത് കറക്ട് ചെയ്തില്ലെങ്കിൽ കേരളത്തിന്റെ ഉത്പ്പാദനം കുറയും. അത് വലിയ സാമ്പത്തികനഷ്ടം വരുത്തും. അങ്ങനെ അഡ്‌ജസ്റ്റ്

ചെയ്തതാണ്.

മദ്യാപാനികളോട് സഹാനുഭൂതിയില്ല?

സഹാനുഭൂതിയുള്ളതുകൊണ്ടാണ് ഗുണനിലവാരമുള്ള മദ്യം വിപണിയിലെത്തിക്കുന്നത്.

തൊഴിലുറപ്പ് പദ്ധതിക്ക് കേന്ദ്രം സംസ്ഥാന വിഹിതം

കൂടി നൽകണണെന്ന് പറയുന്നു?

പ്രായോഗികമല്ല. കേന്ദ്രം ചെയ്യുന്ന ദ്രോഹങ്ങൾ എത്ര പറഞ്ഞാലും തീരില്ല.

വിഴിഞ്ഞം പോർട്ടിനെ അദാനിയുടെ പ്രശ്നങ്ങൾ ബാധിക്കുമോ?

ഇല്ല. കേരളത്തിന്റെ ഡ്രീം പ്രോജക്ടാണ്. അത് മുന്നോട്ടുപോകും

ഒപ്പിടാനുള്ള ബില്ലുകളുടെ കാര്യത്തിൽ മന്ത്രിമാർ നേരിട്ടുചെന്ന് വിശദീകരിക്കണമെന്നു ഗവർണർ പറയുന്നു?

ഗവർണറുമായി ആശയവിനിമയം എപ്പോഴും നടത്താറുള്ളതല്ലേ. ആശയവിനിമയം നടത്തുന്നതിൽ എന്താണ് തെറ്റ്.

എപ്പോഴും സമ്മാനവുമായി വരുന്ന അമ്മാവന്റെ റോൾ ഇഷ്ടമല്ലെന്നു പറഞ്ഞുകേട്ടു?

അതൊരു സുഹൃത്ത് പറഞ്ഞ കഥയാണ്. കുട്ടികൾക്ക് വല്ലപ്പോഴും സമ്മാനങ്ങളുമായി വരുന്ന

അമ്മാവനേക്കാൾ ഭാവിക്കു ഗുണകരമായ കാര്യങ്ങൾ പ്രവർത്തിക്കുന്ന, യാഥാർത്ഥ്യം തുറന്നു പറയുന്ന അച്ഛനാണ് നല്ലത്.

എന്താണ് പ്രതീക്ഷ?
നമ്മുടെ സാമ്പത്തികരംഗത്തുണ്ടാകുന്ന വളർച്ചയിലാണ് പ്രതീക്ഷ. മേക്ക് ഇൻ കേരള ബ്രാൻഡടക്കം വലിയ

കുതിപ്പുണ്ടാകും.

അഭിമുഖത്തിന്റെ പൂർ‌ണരൂപം നാളെ രാത്രി എട്ടിന് കൗമുദി ടിവിയിൽ

ബോക്സ്

കേരളത്തിൽ പ്രായമുള്ളവരുടെ എണ്ണം കൂടുന്നു. പെൻഷൻ പ്രായം ഉയർത്തുമോ?

ഇപ്പോഴത്തെ വിരമിക്കൽപ്രായം വളരെ കുറ‌ഞ്ഞുപോയില്ലേ?

പഴയ ആയുർദൈർഘ്യം വച്ചുനോക്കിയാൽ അതൊരു ചെറിയ പ്രായമാണ്. പണ്ടൊക്കെ ശരാശരി ആയുർദൈർഘ്യം 56 മുതൽ 58 വയസായിരുന്നു. ഇന്ന് അതെത്രയോ മാറി. പക്ഷേ കേരളത്തിൽ പി.എസ്.സി വഴിയുള്ള നിയമനം ഡീസന്റായി നടക്കുന്നുണ്ട്. വിരമിക്കുന്നതനുസരിച്ചാണ് അത് ചെയ്യുന്നത്. എല്ലാ ആനുകൂല്യങ്ങളും നൽകുന്നുണ്ട്. അതിനാൽ പെൻഷൻപ്രായം ഉയർത്തുന്നതിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കാനാവില്ല.

ഞാൻ ബഡ്ജറ്റിൽ ഏറെ ചർച്ചചെയ്താണ് ഒരു കാര്യം പറഞ്ഞത്.1980 കളിൽ ആറരലക്ഷം കുട്ടികൾ ജനിച്ചെങ്കിൽ അതിപ്പോൾ 4.60 ലക്ഷമായി കുറഞ്ഞു. അടുത്ത പത്തുവർഷത്തിനകം മൂന്നരലക്ഷമായി കുറയും. പ്രായമുള്ള നാലുപേർക്ക് ഒരു ചെറുപ്പമുള്ളയാൾ എന്ന അവസ്ഥവരും. അപ്പോൾ വരുമാനം തന്നെ ഒരാൾക്കു മാത്രമാകും. അതൊരു വലിയ പ്രശ്നമാണ്. വർഷങ്ങൾ കഴിയുമ്പോൾ ഈ ജനസംഖ്യാശാസ്ത്രമൊക്കെ മാറും. ഇതാണ് ഞാൻ ഫോക്കസ് ചെയ്തത്. അതാരും ശ്രദ്ധിച്ചില്ല. അന്ന് ഈ പറഞ്ഞതൊക്കെ ചിന്തിക്കേണ്ടിവരും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K N BALAGOPAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.