SignIn
Kerala Kaumudi Online
Friday, 20 September 2024 10.11 PM IST

കോൺഗ്രസ് ഉണർന്നാൽ ഭരണമാറ്റം ഉറപ്പ്

Increase Font Size Decrease Font Size Print Page

sayyid-sadiq-ali-shihab

മുസ്ലിം ലീഗിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് ചെന്നൈയിൽ തുടക്കമാവുന്നു. മുസ്ലിം ലീഗ് രാഷ്ട്രീയകാര്യ സമിതി ചെയർമാനും സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിലപാടും പദ്ധതികളും വ്യക്തമാക്കുന്നു.

75 വർഷം പിന്നിട്ട മുസ്‌ലിം ലീഗിന്റെ ഇനിയുള്ള പ്രധാന കർമ്മ പദ്ധതികളെന്താണ് ?​

കേരളത്തിൽ ശക്തിപ്പെട്ട മുസ്‌ലിം ലീഗിനെ മറ്റ് സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങൾ ഉറ്റുനോക്കുന്നുണ്ട്. അവിടെ അവർ ഒറ്റപ്പെട്ട സ്ഥിതിയിലാണ്. ഇതര രാഷ്ട്രീയപാർട്ടികൾ ന്യൂനപക്ഷങ്ങളെ വിലയ്ക്കെടുക്കുകയോ പേടിപ്പിക്കുകയോ ചെയ്യുന്നുണ്ട്. രണ്ടായാലും അവർക്കൊന്നും ദീർഘകാലാടിസ്ഥാനത്തിൽ നേട്ടമുണ്ടാക്കാനാവില്ല. ദേശീയതലത്തിൽ ലീഗിന്റെ പ്രവർത്തനം വ്യാപിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ദേശീയതലത്തിൽ പാ‌ർട്ടിയുടെ ശബ്ദമെത്തിക്കാറുള്ളത് ലീഗിന്റെ നാല് എം.പിമാരിലൂടെയാണ് . ഇനിയത് പോര. മറ്റ് സംസ്ഥാനങ്ങളിൽ ലീഗിന് ശാഖകളുണ്ടാക്കും. ദേശീയതലത്തിൽ യു.പി.എയുടെ ഭാഗമാണെന്നത് അനുകൂല ഘടകമാണ്. യു.പി.എയിലെ സമാന ചിന്താഗതിക്കാരായ കക്ഷികളുമായി ചേർന്ന് ഇതര സംസ്ഥാനങ്ങളിൽ എങ്ങനെ കടന്നുചെല്ലാം എന്നതിനെക്കുറിച്ചാണ് ലീഗ് ആലോചിക്കുന്നത്. മലപ്പുറം, പൊന്നാനി പോലെ ന്യൂനപക്ഷങ്ങൾക്ക് ഭൂരിപക്ഷമുള്ള ലോക്‌സഭ മണ്ഡലങ്ങൾ കേരളത്തിന് പുറത്തുമുണ്ട്. അവിടെ കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ച് ലീഗിന്റെ ആശയങ്ങൾ എത്തിക്കാൻ കഴിയുന്ന പദ്ധതികൾ ആവിഷ്‌കരിക്കും. വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫ് അഞ്ച് വർഷമായി ദേശീയതലത്തിൽ സജീവമാണ്. ബംഗാൾ, മഹാരാഷ്ട്ര, കർണാടക, രാജസ്ഥാൻ എന്നിവിടങ്ങളിലെ ക്യാമ്പസുകൾ കേന്ദ്രീകരിച്ച് യൂണിറ്റുകൾ സ്ഥാപിച്ച് പ്രവർത്തനം ശക്തമാക്കിയിട്ടുണ്ട്. തമിഴ്നാട്ടിൽ നേരത്തെ തന്നെയുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുറമേ വർഗീയകലാപങ്ങളിലെ ഇരകൾക്ക് സാമ്പത്തിക, നിയമസഹായങ്ങളുമായി യൂത്ത് ലീഗ് ദേശീയകമ്മിറ്റിയും സജീവമാണ്. ദേശീയതലത്തിൽ എം.എസ്.എഫിനെയും യൂത്ത് ലീഗിനെയും ശക്തിപ്പെടുത്തി ലീഗിന്റെ രാഷ്ട്രീയ സന്ദേശമെത്തിക്കാനാണ് ആലോചന. ബംഗാളിൽ നിലവിൽ ലീഗിന് യൂണിറ്റുകളുണ്ട്. ബിഹാറിലും ജാർഖണ്ഡിലും ആസാമിലും പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തും. തമിഴ്നാട്ടിലെ ഡി.എം.കെ മുന്നണിയിലുൾപ്പെട്ടതു പോലെ മറ്റ് സംസ്ഥാനങ്ങളിലും വൈകാതെ ലീഗ് ഇടംപിടിക്കും.

ബംഗാളിലടക്കം മന്ത്രിമാരുണ്ടായിരുന്ന ലീഗ് എങ്ങനെയാണ് പിന്നാക്കം പോയത്?

മുസ്‌ലിം ലീഗ് പാകിസ്ഥാൻ വാദികളാണെന്നും രാജ്യവിഭജനത്തിന് കാരണക്കാരായവരുടെ തുടർച്ചയാണ് തുടങ്ങിയ അന്നത്തെ പ്രചാരണങ്ങൾ ദേശീയതലത്തിലെ വളർച്ചയ്‌ക്ക് ചില തടസങ്ങൾ സൃഷ്ടിച്ചിരുന്നു. എന്നാൽ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ഭരണഘടനയെയും ജനാധിപത്യത്തെയും മതേതത്വത്തെയും ശക്തിപ്പെടുത്തി വർഗീയ ഫാസിസത്തോട് സന്ധിചെയ്യാത്ത പാർട്ടിയാണെന്ന് എല്ലാവരും തിരിച്ചറിഞ്ഞു. കോൺഗ്രസ് അടക്കമുള്ള കക്ഷികൾ കേരളത്തിൽ ലീഗുമായി കൂട്ടുകൂടാനുള്ള കാരണവും ഇതാണ്. കേരളത്തിലെ ഈ സഖ്യത്തിന്റെ വികസിതരൂപമാണല്ലോ യു.പി.എ. മതേതര കക്ഷികളുമായി ചേർന്ന് ദേശീയതലത്തിൽ ലീഗിന് മുന്നേറാൻ സാധിക്കും. ഒരുവർഷം നീളുന്ന കർമ്മ പദ്ധതികളുടെ പ്രഖ്യാപനം ദേശീയ സമ്മേളനത്തിലുണ്ടാവും.


അസദുദ്ദീൻ ഉവൈസിയുടേത് പോലുള്ള പാർട്ടികളുടെ വളർച്ച ലീഗിനില്ല. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളുയർത്തുന്നതിൽ പിന്നാക്കം പോയതാണോ കാരണം ?

കോൺഗ്രസും മറ്റ് മതേതരകക്ഷികളും മത്സരിക്കുന്ന ഇടങ്ങളിൽ സ്ഥാനാർത്ഥികളെ നിറുത്തി മതേതരവോട്ടുകൾ ഭിന്നിപ്പിക്കുകയാണ് ഉവൈസിയെ പോലുള്ളവർ. മതേതരശക്തിയെ ചോർത്തി കളയുന്നതിന് തുല്യമാണിത്. ഇതൊരിക്കലും അംഗീകരിക്കാനാവില്ല. മതേരത കൂട്ടായ്മയ്ക്ക് ഭംഗം വരുത്തുന്നതൊന്നും ലീഗ് ചെയ്യില്ല.

കോൺഗ്രസ് ഈ നിലയ്ക്ക് മുന്നോട്ടുപോയാൽ യു.പി.എയുടെ മടങ്ങിവരവ് സാദ്ധ്യമാണോ ?

രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയോടെ കോൺഗ്രസിൽ കുറെയൊക്കെ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് മതേതരകക്ഷികളുടെ വിശാലസഖ്യം രൂപീകരിക്കുന്നതിൽ മുന്നിൽനിൽക്കാൻ കോൺഗ്രസ് തയ്യാറാവണം. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ കെട്ടിയിറക്കുന്ന ഒരുമുന്നണിക്ക് മുന്നേറ്റമുണ്ടാക്കാനാവില്ല. മുൻകൂട്ടി രാഷ്ട്രീയ സഖ്യമുണ്ടാക്കുന്നതിലൂടെ മതേതരകക്ഷികളെ ഒപ്പം കൂട്ടാനും അതുവഴി കോൺഗ്രസിന് ശക്തിപ്രാപിക്കാനും കഴിയും. ബി.ജെ.പിയുടെ പെട്ടിയിൽ വീഴുന്ന വോട്ടുകളേക്കാൾ കൂടുതൽ മതേതരകക്ഷികളുടെ പെട്ടികളിലുണ്ട്. ഇത് ഒരുമിപ്പിച്ചാൽ മതേതരകക്ഷികളുടെ ശക്തി തെളിയിക്കപ്പെടും. അതിനുള്ള സ്ട്രാറ്റജി ഉണ്ടാക്കേണ്ടത് കോൺഗ്രസ് തന്നെയാണ്. വിശാലമുന്നണി ഉണ്ടാക്കാനുള്ള സമയം അതിക്രമിച്ചിട്ടില്ല. ഇപ്പോഴെങ്കിലും ശ്രമിക്കണം.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ തങ്ങളെ കേൾക്കാൻ ആരുമില്ലെന്നത് ന്യൂനപക്ഷങ്ങൾ നേരിടുന്ന വലിയ വെല്ലുവിളിയാണ്. ഒറ്റപ്പെടലും അവകാശലംഘനങ്ങളും നേരിടുന്നു. ഭരണമാറ്റം മാത്രമാണ് ഇതിനുള്ള പരിഹാരം. ഇതിനായി ന്യൂനപക്ഷങ്ങളിൽ ആത്മവിശ്വാസമുണ്ടാക്കാൻ കോൺഗ്രസടക്കമുള്ള മതേതരകക്ഷികൾ മുന്നോട്ടുവരണം.

ലോക്‌സഭ മണ്ഡലങ്ങളിൽ വിജയ സാദ്ധ്യതയുള്ള മതേതര സ്ഥാനാർത്ഥികളെ ഒറ്റക്കെട്ടായി പിന്തുണയ്ക്കണമെന്ന വാദം സി.പി.എം മുന്നോട്ടുവയ്ക്കുന്നുണ്ട്

മതേതര കക്ഷികൾ കൂടിയിരുന്ന് തീരുമാനമെടുക്കേണ്ട വിഷയമാണിത്. ഒറ്റയ്ക്ക് തീരുമാനം പറയേണ്ട കാര്യമല്ല. സി.പി.എമ്മിന്റേത് സ്വാഗതാർഹമായ നിർദ്ദേശമാണ്.

മുസ്‌ലിം ലീഗിന്റെ പേര് നിരോധിക്കണമെന്ന ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ടല്ലോ

മുസ്‌ലിം ലീഗിന്റെ പേര് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മിഷന്റെ അഭിപ്രായം തേടിയിട്ടുണ്ട്. ലീഗിന്റെ പ്രവർത്തനം വിലയിരുത്തിയ തിരഞ്ഞെടുപ്പ് കമ്മിഷൻ, നിലവിലെ നിയമങ്ങളനുസരിച്ച് മുസ്‌ലിം ലീഗിനെതിരെ നടപടി സാദ്ധ്യമല്ലെന്നും ജനാധിപത്യവും മതേതരത്വവും ഉയർത്തി ജനങ്ങൾക്കിടയിൽ സൗഹാർദ്ദത്തോടെ പ്രവർത്തിക്കുന്ന പാർട്ടിയാണ് ലീഗെന്നുമുള്ള റിപ്പോർട്ടാണ് സുപ്രീംകോടതിയിൽ സമർപ്പിച്ചതെന്നാണ് അറിയുന്നത്. ഇതേപേര് ഉപയോഗിച്ചുതന്നെ കൂടുതൽ മികച്ച നിലയിൽ പ്രവർത്തിക്കാൻ കഴിയുമെന്ന ശുഭപ്രതീക്ഷയുണ്ട്. 75 വർഷമായി പ്രവർത്തിക്കുന്ന ലീഗിന് ഇന്നേവരെ ഒരുനിയമ നടപടിയും നേരിടേണ്ടി വന്നിട്ടില്ല. അതേസമയം മുസ്‌ളിങ്ങളുടെ പേരിൽ സംഘടിച്ച പലകക്ഷികളെയും പിരിച്ചുവിടേണ്ടി വന്നിട്ടുണ്ട്. ലീഗ് തുറന്ന പുസ്തകമാണ്.

സംസ്ഥാനത്തെ കോൺഗ്രസിൽ ഭിന്നത രൂക്ഷമാണ്. ഈ അവസ്ഥയിൽ യു.ഡി.എഫിന് ഭരണത്തിൽ തിരിച്ചുവരാൻ കഴിയുമോ ?
രണ്ടാം പിണറായി സർക്കാർ പരാജയമാണെന്ന വിലയിരുത്തലാണ് പൊതുവേയുള്ളത്. കൊവിഡുണ്ടാക്കിയ പ്രത്യേക സാഹചര്യങ്ങളാണ് അവർക്ക് വിജയമേകിയത്. സർക്കാരിന്റെ വിവിധ പ്രശ്നങ്ങൾ നിഴലിച്ചുനിൽക്കുന്നുണ്ട്. ഫണ്ടുകളുടെ വലിയ കുറവിൽ പുതിയ പദ്ധതികൾ ആവിഷ്‌കരിക്കാൻ കഴിയുന്നില്ല. വിലക്കയറ്റം തടയുന്നതിൽ തീർത്തും പരാജയപ്പെട്ടു. വരുന്ന തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി പരാജയം മുന്നിൽ കാണുന്നുണ്ട്. യു.ഡി.എഫ് ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ കേരളത്തിൽ ഭരണമാറ്റം തീ‌ർച്ചയാണ്. എല്ലാ സമുദായ സംഘടനകളുടെയും വോട്ടുകൂടിയാണ് യു.ഡി.എഫിന്റെ ശക്തി. ഏതെങ്കിലും ഒരുവിഭാഗത്തിന്റെ വോട്ടുകൾ നഷ്ടപ്പെട്ടാൽ ബാലൻസിംഗ് ഇല്ലാതാവും. ഇതൊഴിവാക്കാൻ ആവശ്യമായ തിരുത്തലുകൾക്കും നീക്കുപോക്കുകൾക്കും യു.ഡി.എഫ് തയ്യാറാവണം. കേരള കോൺഗ്രസിനെയും(എം)​ തിരിച്ചുകൊണ്ടുവരണം.


ലീഗ് യു.ഡി.എഫ് വിടുമെന്ന പ്രചാരണമുണ്ടല്ലോ. സി.പി.എം ലീഗിന് നിരന്തരം ഗുഡ് സർട്ടിഫിക്കറ്റും നൽകുന്നുണ്ട്?
ഗുഡ് സർട്ടിഫിക്കറ്റ് നൽകുന്നതിന്റെ ലക്ഷ്യമെന്തെന്ന് സി.പി.എം നേതൃത്വം പറയട്ടെ. നിലവിൽ യു.ഡി.എഫിലാണ് മുസ്‌ലിം ലീഗുള്ളത്. യു.ഡി.എഫിനെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ഇതിലൂടെത്തന്നെ അധികാരത്തിലേക്ക് തിരിച്ചുവരാൻ സാധിക്കുമെന്ന് ലീഗ് വിശ്വസിക്കുന്നു. സമുദായത്തിന്റെയും സമൂഹത്തിന്റെയും പൊതുവായ നേട്ടങ്ങൾ നോക്കിയാണ് ലീഗ് മുന്നണിയുണ്ടാക്കിയതും മാറിയതും. ഇരുട്ടിന്റെ മറവിൽ ആരെയും വഞ്ചിച്ച് പെട്ടെന്ന് മുന്നണി മാറുന്ന രീതി ലീഗിനില്ല. കേരളത്തെ കെട്ടിപ്പടുക്കുന്നതിൽ വലിയ പങ്കുവഹിച്ച പ്രസ്ഥാനമാണിത്. ജനാധിപത്യ സംവിധാനത്തിൽ അധികാരമുണ്ടെങ്കിൽ മാത്രമേ സമൂഹത്തിനും സമുദായത്തിനും നേട്ടങ്ങളുണ്ടാക്കാൻ കഴിയൂ.


സമസ്തയുമായുള്ള ഭിന്നതകൾ പരിഹരിച്ചോ?

സമസ്തയുമായി സ്ഥായിയായ അഭിപ്രായഭിന്നത ഉണ്ടായിട്ടില്ല. ചില പ്രശ്നങ്ങൾ ആരെങ്കിലും ചൂണ്ടിക്കാട്ടുമ്പോൾ ഉണ്ടാവുന്ന അസ്വസ്ഥതകൾ അപ്പോൾത്തന്നെ ചർച്ചചെയ്ത് പരിഹരിക്കുകയാണ് രീതി. ലീഗും സമസ്തയും തമ്മിൽ ഇഴപിരിയാത്ത ബന്ധമാണെന്ന് രണ്ട് കൂട്ടർക്കും വ്യക്തമായി അറിയാം. വഖഫ് നിയമന വിഷയത്തിൽ സർക്കാരിനെതിരെ ലീഗെടുത്തത് രാഷ്ട്രീയ തീരുമാനമാണ്. അതിലുറച്ച് നിന്നുള്ള ശക്തമായ സമരങ്ങളിലൂടെ സ‌ർക്കാരിനെ പിന്തിരിപ്പിക്കാനായി. വഖഫിൽ സമസ്തയുമായി യാതൊരു വിഭാഗീയതയും ഉണ്ടായിട്ടില്ല. സി.ഐ.സിക്ക് കീഴിലെ വിദ്യാ‌ർത്ഥികളുടെ പഠനത്തിന് ഒരു വിള്ളലും വരുത്താത്ത രീതിയിൽ ആ പ്രശ്നവും പരിഹരിക്കും.

ലീഗിന്റെ മെമ്പർഷിപ്പിൽ 51 ശതമാനം വനിതകളാണെങ്കിലും ലീഗിൽ ഭാരവാഹിത്വം നൽകുന്നില്ലല്ലോ ?

വനിതകൾക്ക് വനിതാലീഗ് എന്നതാണ് ലീഗിന്റെ കീഴ്‌വഴക്കം. മുസ്‌ലിം ലീഗിൽ വനിതകൾക്ക് സ്ഥാനം നൽകുന്നതിനെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല. വനിതകളെ ഒരുതരത്തിലും ലീഗ് അവഗണിച്ചിട്ടില്ല. തദ്ദേശസ്ഥാപനങ്ങളിൽ 2,000ത്തിൽപ്പരം വനിതാ ജനപ്രതിനിധികൾ ലീഗിനുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SADIQ ALI SHIHAB THANGAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.