SignIn
Kerala Kaumudi Online
Saturday, 02 August 2025 4.08 PM IST

നിറയെ ശത്രുക്കളുള്ള 'മഹാസാധു'

Increase Font Size Decrease Font Size Print Page

dronar

പിണറായി സഖാവ് ആൾ മഹാസാധു ആണെങ്കിലും മാവോയിസ്റ്റ് വേലായുധൻ തൊട്ട് മാവിലായി വേലപ്പൻ വരെയുള്ളവർ അദ്ദേഹത്തെ എങ്ങനെയും വകവരുത്താനുള്ള വഴി ആലോചിക്കുന്നതായാണ് ഇന്റലിജന്റ്സ് റിപ്പോർട്ട്. സംഗതി മാവോയിസ്റ്റ് വേലായുധനോ മാവിലായി വേലപ്പനോ അറിഞ്ഞിട്ടുണ്ടോ എന്ന് നിശ്ചയമില്ല. പക്ഷേ മഹാസാധു പിണറായി സഖാവിന് കാര്യം വളരെ നിശ്ചയമുണ്ട്. സഖാവ് സഞ്ചരിക്കുന്ന കട്ട്റോഡിലും മുടുക്കിലുമുള്ള സകല മുള്ളിലും മുരിക്കിലും സർവേക്കല്ലിനകത്തു പോലും വിധ്വംസകശക്തികളായ മാവോയിസ്റ്റ്- മാവിലായി സംഘാംഗങ്ങൾ ഒളിച്ചുപാർത്തിരിപ്പുണ്ടെന്നാണ് സഖാവിനുള്ള വിവരം. തൂണിനകത്ത് നിന്ന് നരസിംഹം പ്രത്യക്ഷപ്പെട്ട് പ്രഹ്ലാദനെ രക്ഷിച്ച കഥ പിണറായി സഖാവും കേട്ടിട്ടുണ്ട്. അതൊരു സന്ധ്യാനേരത്താണ്. ആ സന്ധ്യാനേരത്ത് ഹിരണ്യകശിപുവിനെ മാറ് പിളർത്തിക്കൊന്ന നരസിംഹം എവിടെ നിന്നാണ് വന്നത്? ഒരു തൂണിനകത്ത് നിന്ന്.

ഈ കഥ കേട്ടിട്ടാണ് തൂണിനെയും തുരുമ്പിനെയും പുല്ലിനെയും പുൽച്ചാടിയെയും പോലും സംശയിക്കണമെന്ന് പിണറായി സഖാവും ചിന്തിച്ച് തുടങ്ങിയത്. എന്നുവച്ച് ഹിരണ്യകശിപുവിനെ പോലെ ദുഷ്ടകഥാപാത്രമാണ് പിണറായി സഖാവ് എന്നാരും കരുതരുത്. അദ്ദേഹം അങ്ങനെയൊന്നുമല്ല. മഹാസാധുവാണെന്ന് അദ്ദേഹം തന്നെ നിയമസഭയിൽ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മഹാസാധുവായത് കൊണ്ട് ആളുകൾ വധിക്കാൻ വന്നുകൂടാ എന്നില്ലല്ലോ. ഒരു കരുതൽ എന്തിനും നല്ലതാണ്. അങ്ങനെയാണ് പിണറായി സഖാവ് സഞ്ചരിക്കുന്നിടത്തെല്ലാം പതിനെട്ട് അക്ഷൗഹിണിപ്പടയെ നിയോഗിക്കാൻ ഏർപ്പാടുണ്ടാക്കിയത്. ആലവട്ടം, വെഞ്ചാമരം, കുതിര, കാലാൾ, തേര്, കുന്തം, കൊടച്ചക്രം എന്നുവേണ്ട സകലതും മുന്നിലും പിന്നിലുമായി അണിനിരന്നാലേ പിണറായി സഖാവ് അതിന്റെ മദ്ധ്യത്തിൽ കൂടി നിരത്തായ നിരത്തുകളിൽ ചീറിപ്പായുകയുള്ളൂ. മാവോയിസ്റ്റ് വേലായുധനും മാവിലായി വേലപ്പനും അറിയാത്ത കഥയാണെങ്കിലും അവരുടെ വധഭീഷണി പിണറായി സഖാവ് അറിഞ്ഞുപോയതിന് നാട്ടുകാരെന്ത് പിഴച്ചെന്ന് ചോദിക്കുന്നവരുണ്ട്. അത് വിവരമില്ലാത്തത് കൊണ്ടാണ്.

പിണറായി സഖാവ് ഒന്ന് റോഡിലൂടെ കടന്നുപോയിക്കിട്ടുക എന്ന് പറഞ്ഞാൽ, ഒരുമാതിരി ഗുഡ്സ് തീവണ്ടി കടന്ന് പോകുന്നത് പോലെയുള്ള ഏർപ്പാടാണെന്ന് നാട്ടുകാർ പറയുന്നു. പതിനഞ്ച് മിനിറ്റ് മുമ്പേ റെയിൽവേ ഗേറ്റ് അടച്ചിടുന്നത് പോലെ നാട്ടുകാരെയെല്ലാം റോഡിന്റെ വശങ്ങളിൽനിന്ന് മാറ്റി ദൂരേക്ക് ആട്ടിപ്പായിച്ച ശേഷം പൊലീസുകാരങ്ങനെ നിരന്ന് നിൽക്കും. ഗുഡ്സ് തീവണ്ടിയുടെ പത്ത്- ഇരുപത്തെട്ട് ബോഗികൾ കടന്ന് പോയിക്കഴിഞ്ഞ് പിന്നെയും കാക്കണം അഞ്ചെട്ട് മിനിറ്റ്. എന്നാലേ ഗേറ്റ് തുറക്കൂ. അതുപോലെ പിണറായി സഖാവും പരിവാരങ്ങളും റോഡിനെ ഉഴുതുമറിച്ച് കടന്നുകഴിഞ്ഞ് പിന്നെയും അഞ്ചെട്ട് മിനിറ്റ് കഴിഞ്ഞാലേ നാട്ടുകാർക്ക് വെളിച്ചം കാണാൻ അനുവാദമുള്ളൂ. തിരുവനന്തപുരം വിട്ടാൽ വണ്ടി നാല്പതാണ്. അതിന്റെ ഒത്ത നടുക്ക് നാല്പത്തിയൊന്നാമത്തെ വണ്ടി എന്ന കണക്കിന് സഖാവിന്റെ വണ്ടി കാണും. തിരുവനന്തപുരത്ത് പതിനാറെണ്ണമാണ് വണ്ടി.

പിണറായി സഖാവിന് കിട്ടിയ അശരീരി അനുസരിച്ചാണ് മാവോയിസ്റ്റുകൾ പത്ത്-പന്ത്രണ്ട് പേരെ അവിടവിടെയായി വെടിവച്ചു കൊന്നിട്ടുള്ളത്. മാനായി വേഷം മാറിയ മാരീചനെ പോലെ വേഷംമാറിയ രണ്ട് കുഞ്ഞുമാവോയിസ്റ്റുകളെ പന്തീരാങ്കാവിൽ പിടിച്ച് ജയിലിട്ടതും ഇങ്ങനെയൊരു അശരീരിയെ തുടർന്നായിരുന്നു. ഈ മാവോയിസ്റ്റുകൾക്ക് വേറെ ഒരു പണിയുമില്ലേ എന്ന് ചിന്തിക്കുന്നവരുണ്ട്. പിണറായി സഖാവിന്റെ ഈ ദുഷ്കരം പിടിച്ച സഞ്ചാരം കണ്ടാൽ ആരും അങ്ങനെ ചിന്തിച്ചുപോകും.

സഖാവിനെ ആർക്കും വേണ്ടാ, പക്ഷേ പിടികൊടുക്കേണ്ട എന്നാണത്രെ തീരുമാനമെന്ന് ചിലരൊക്കെ പറയുന്നുണ്ട്. അങ്ങനെ പിടികൊടുക്കാതെ നടക്കാനാവുന്നതും വളരെ വലിയ കാര്യമാണ്.

  

പിണറായി സഖാവിന് മാവോയിസ്റ്റ് വേലായുധൻ തൊട്ട് മാവിലായി വേലപ്പൻ വരെയുള്ളവരിൽ നിന്നുള്ള വധഭീഷണി വേലപ്പനെയും വേലായുധനെയും പോലെ പെരുമ്പാവൂരിലെ മലമുറി യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിക്കാരും അറിഞ്ഞിട്ടില്ലായിരുന്നു. എം.സി റോഡിലൂടെ പിണറായി സഖാവ് നാല്പത് കാലാൾപ്പടകളുമായി ചീറിപ്പാഞ്ഞ് വരാൻ സാദ്ധ്യതയുള്ള സമയമാണ് ഇതെന്നതും മലമുറിക്കാരായ യൂത്ത് കോൺഗ്രസുകാർക്ക് നിശ്ചയമില്ലാതെ പോയി. നിശ്ചയമില്ലാതിരുന്നത് അവരുടെ മാത്രം വീഴ്ചയാണ്. അതുകൊണ്ടാണ് അന്നവിടെ അവർ മണ്ഡലം സമ്മേളനം നടത്താൻ ധൈര്യം കാണിച്ചത്.

പിണറായി സഖാവ് പാഞ്ഞുപോകുന്നത് എം.സി റോഡിൽകൂടി ആണെങ്കിലും അതിന്റെ സൈഡിൽ കുറച്ച് മാറിയൊരിടത്ത് മലമുറി യൂത്ത് കോൺഗ്രസുകാർ മണ്ഡലം സമ്മേളനം ആ സമയത്ത് തന്നെ നടത്താൻ പോയത് അല്പം ക്രൂരമായിപ്പോയി. മാവോയിസ്റ്റ്-മാവിലായി ഭീഷണിയുള്ള പിണറായി സഖാവ് ഈ വഴി കടന്നുപോകുന്നു എന്നുള്ള മൈക്ക് അനൗൺസ്‌മെന്റ് നടത്താത്തതാണ് യൂത്ത് കോൺഗ്രസുകാർ അറിയാതെ പോയതെന്ന് പറയുന്നവരുണ്ട്. അത് ശരിയോ തെറ്റോ എന്നറിയില്ല. എന്തായാലും ആ മണ്ഡലം സമ്മേളനത്തിന് പണികിട്ടി. എല്ലാ മണ്ഡലം കമ്മിറ്റിക്കാരെയും കരുതൽ തടങ്കലിലാക്കി. പിണറായി സഖാവ് കടന്നുപോകുന്ന വഴിക്ക് മണ്ഡലം സമ്മേളനം നടത്താൻ പാടില്ല എന്ന നഗ്നസത്യം മലമുറിയിലെ സകല കോൺഗ്രസുകാരും അന്നാണ് മനസിലാക്കിയത് എന്നാണ് ആ ഭാഗത്തുള്ളവർ പറയുന്നത്.

  

- മേരേ പ്യാരേ ദേശ് വാസിയോം എന്ന് ന.മോ.ജി നീട്ടി വിളിക്കുന്നത് കേൾക്കുന്ന പലരും ഐശ്വര്യത്തിന്റെ സൈറൺ മുഴങ്ങുന്നത് പോലെയാണ് അതിനെ ആസ്വദിക്കുന്നത്. കുറേ നാളായി ന.മോ.ജി നടത്തുന്ന കലാഭ്യാസങ്ങൾ കണ്ടാസ്വദിക്കുന്ന ജനത്തിന് ഐശ്വര്യം കുടുകുടാ ഒഴുകിവരുന്ന അനുഭൂതിയാണ്. അതിന്റെ ഒരു ഒഴുക്ക് തടയാനാണ് ബി.ബി.സിക്കാർ ഡോക്യുമെന്ററിയും കൊണ്ടുവന്നത് എന്നാരെങ്കിലും ചിന്തിച്ചാൽ കുറ്റം പറയാനാവില്ല.

ന.മോ.ജിയായ നമഹ എന്ന് ജപിക്കാത്തവർ ഇനി ബി.ബി.സിയല്ല, ആരായാലും കടുത്ത ദേശവിരുദ്ധരും രാജ്യദ്രോഹികളുമാണെ ന്ന് ആർക്കാണറിയാത്തത്.

ഇന്ദിരാഗാന്ധിക്ക് ന.മോ.ജിയുടെ ബുദ്ധിയില്ലാതെ പോയത് കൊണ്ടാണ് പണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കാതെ എങ്ങനെ അടിയന്തരാവസ്ഥ നടപ്പാക്കാമെന്ന് ഇന്ദിരാഗാന്ധി പഠിക്കേണ്ടിയിരുന്നു. അന്ന് ന.മോ.ജിയുടെ ഉപദേശം അവർ തേടിയിരുന്നെങ്കിൽ ഒരുപക്ഷേ അത് സാധിച്ചേനെ. ഭാരത് മാതാ കീ ജയ് !

ഇ-മെയിൽ: dronar.keralakaumudi@gmail.com

TAGS: PINARAYI VIJAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.