പത്തനംതിട്ട: കോട്ടാങ്ങൽ മഹാദേവീക്ഷേത്രത്തിലെ ചുറ്റമ്പലം ചെമ്പ് പൊതിയലും ചുറ്റുവിളക്ക് നിർമ്മാണവും പൂർത്തിയായി. സമർപ്പണവും നിർദ്ധനർക്ക് സഹായം നൽകുന്ന ദേവസാന്ത്വനം പദ്ധതിയുടെ ഉദ്ഘാടനവും 25ന് നടക്കും.
ഒന്നരക്കോടിയോളം രൂപ ചെലവിലാണ് കൃഷ്ണശിലയിലും തടിയിലും ചെമ്പ് പാളികളിലും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്.
കൊടുങ്ങല്ലൂർ ദിനേശ് ആചാരി ചെമ്പ് പണികൾക്കും മണിമല ജയൻ ആചാരി കൃഷ്ണശില പണികൾക്കും പൊൻകുന്നം സജി ആചാരി തടിപ്പണികൾക്കും നേതൃത്വം നൽകി. നാലുമാസം കൊണ്ടാണ് പണി പൂർത്തിയാക്കിയത്.
25ന് രാവിലെ എട്ടിന് കലാപീഠം അഖിൽ ചമ്പക്കരയും അറുപതിൽപരം കലാകാരൻമാരും അണിനിരക്കുന്ന ചെണ്ടമേളത്തോടെ ചടങ്ങുകൾ ആരംഭിക്കും. രാവിലെ 10ന് മിസോറാം ഗവർണർ പി.എസ്.ശ്രീധരൻപിളള സമർപ്പണം നിർവഹിക്കും.ദേവസ്വം ചെയർമാൻ മോഹൻ കെ.നായർ അദ്ധ്യക്ഷത വഹിക്കും. കുഴിക്കാട്ട് ഇല്ലം അഗ്നിശർമ്മൻ വാസുദേവൻ നമ്പൂതിരിപ്പാട് അനുഗ്രഹ പ്രഭാഷണം നടത്തും. ആന്റോ ആന്റണി എം.പി, എം.എൽ.എമാരായ രാജു ഏബ്രഹാം, ഡോ.എൻ.ജയരാജ്, ആർ.എസ്.എസ് വിഭാഗ് സംഘചാലക് പി.സി.മോഹനചന്ദ്രൻ തുടങ്ങിയവർ സംസാരിക്കും. തുടർന്ന് പിന്നണിഗായകൻ വിൽസ്വരാജ് നയിക്കുന്ന ഗന്ധർവഗീതങ്ങൾ.
ക്ഷേത്രവരുമാനത്തിന്റെ ഒരു വിഹിതം ഉപയോഗിച്ച് കോട്ടാങ്ങൽ ദേവസ്വവും സേവാഭാരതിയും ചേർന്ന് ചുങ്കപ്പാറ പാറേമാവിൽ കലേഷിന് വീട് നിർമ്മിച്ചു നൽകുന്ന സ്ഥലത്തിന്റെ താക്കോൽ ദാനം സമർപ്പണ നടക്കും.
പത്രസമ്മേളനത്തിൽ ദേവസ്വം സെക്രട്ടറി സുനിൽ താന്നിക്കപൊയ്കയിൽ, വൈസ് ചെയർമാൻ സുനിൽ വെളളിക്കര, ട്രഷറർ രാജീവ് ചളുക്കാട്ട് എന്നിവർ പരിപാടികൾ വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |