ആലുവ: സമയത്തെ ചൊല്ലിയുള്ള തർക്കത്തിന്റെ പേരിൽ ആലുവ - ഫോർട്ടുകൊച്ചി റൂട്ടിലോടുന്ന സ്വകാര്യ ബസുകൾ തുടർച്ചയായി നടുറോഡിൽ തടഞ്ഞിട്ട് ഭീഷണി. സംഭവമറിഞ്ഞെത്തിയ പൊലീസ് ബസ് ഉടമകൾ ഉൾപ്പെടെ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു.
സി.വി സൺസ് ബസിന്റെ ഉടമകളായ ശ്രീമൂലനഗരം ചൊവ്വര സ്വദേശി ദീപു (40), സുധീഷ് (35), മാനേജർ ഉണ്ണി (32) എന്നിവരെയാണ് ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രി 7.50ന് ആലുവ ജില്ലാ ആശുപത്രിക്ക് മുമ്പിലായിരുന്നു സംഭവം. യാത്രക്കാരുമായി ഫോർട്ട് കൊച്ചിയിലേക്ക് പോയ സെവൻസ് ബസ്, ജീപ്പ് കുറുകെ നിർത്തിയാണ് പ്രതികൾ തടഞ്ഞിട്ടത്. ഇരുബസിലെയും ജീവനക്കാരുമായി തർക്കം നടക്കുന്നതിനിടെ പൊലീസ് എത്തിയതിനാൽ സംഘർഷത്തിലേക്ക് നീങ്ങിയില്ല. ബസ് തടഞ്ഞവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കഴിഞ്ഞ 15ന് പാലാരിവട്ടം ഭാഗത്ത് വച്ച് ഇരുബസുകളും മത്സരിച്ചോടിയതിന് പാലാരിവട്ടം പൊലീസ് പിടികൂടിയിരുന്നു. അന്ന് 750 രൂപ വീതം പിഴയിടാക്കി താക്കീത് ചെയ്ത് വിട്ടയച്ചു. സി.വി സൺസിലെ സുധിയെന്ന ജോലിക്കാരനെ ഇന്നലെ പകൽ കാരോത്തുകുഴി കവലയിൽ വച്ച് സെവൻസിലെ തൊഴിലാളികൾ ആക്രമിച്ചെന്നും ഇല്ലെന്നും ഇരുകൂട്ടരും പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |