ചാവക്കാട്: ഹൈവേ പൊലീസ് ഉദ്യോഗസ്ഥനും പേരാമംഗലം എസ്.ഐയും ആയിരുന്ന എം.പി. വർഗീസിനെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി ദേഹോപദ്രവമേൽപ്പിച്ച കേസിലെ രണ്ടാം പ്രതിക്ക് 7 മാസം 15 ദിവസം തടവുശിക്ഷ. പുഴയ്ക്കൽ അമല നഗർ പുല്ലംപറമ്പിൽ വീട്ടിൽ രാമു മകൻ കൃഷ്ണകുമാറിനെ(40) ആണ് ചാവക്കാട് അസിസ്റ്റന്റ് സെഷൻസ് കോടതി ശിക്ഷിച്ചത്.
ഒന്നാംപ്രതി പ്രതി പാലയൂർ കറുപ്പം വീട്ടിൽ മുഹമ്മദ് മകൻ ഫവാദിനും 2023ൽ സമാനശിക്ഷ കിട്ടിയിരുന്നു. രണ്ടാം പ്രതിയായ കൃഷ്ണകുമാർ വിചാരണയ്ക്കിടെ ഒളിവിൽ പോവുകയായിരുന്നു. 2018 ഏപ്രിൽ 25ന് എരനെല്ലൂരിൽ വച്ച് വാഹനാപകടത്തെത്തുടർന്ന് നാട്ടുകാർ രണ്ടുപേരെ തടഞ്ഞുവച്ചെന്നറിഞ്ഞ് പേരാമംഗലം ഹൈവേയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പേരാമംഗലം എസ്.ഐ: എം.പി. വർഗീസും മറ്റു പൊലീസുകാരും ഇരുവരെയും വാഹനത്തിൽ കയറ്റാൻ ശ്രമിച്ചപ്പോഴായിരുന്നു പ്രകോപനം.
കുന്നംകുളം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ആയിരുന്ന സി. സുനിൽ മൊഴിയെടുത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കേസിൽ കുന്നംകുളം എസ്.എച്ച്.ഒ: യു.കെ. ഷാജഹാൻ പ്രതികൾക്കെതിരെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. പ്രോസിക്യൂഷനായി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.ആർ. രജിത് കുമാർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |