കോഴിക്കോട്: യുവാവിനെ ചിന്താവളപ്പിലെ ലോഡ്ജിൽ നിന്ന് ഇന്നലെ ചൊവ്വ പുലർച്ചെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതികളെ മണിക്കൂറുകൾക്കകം പിടികൂടി പൊലീസ്. മഞ്ചേരി സ്വദേശികളായ വക്കത്തടി മുഹമ്മദ് ഖൽസാഹ് (33), ഇരുവെട്ടി ചുങ്കത്തലങ്ങൽ വീട്ടിൽ അൽഫയാദ് (25), ചേളാരി സ്വദേശി പുളിമുക്ക് കോരൻ കണാരി വീട്ടിൽ ഷംസുദ്ദീൻ (39), അരക്കിണർ സ്വദേശി പുളിയഞ്ചേരി പറമ്പിൽ മുഹമ്മദ് നബീൽ (37), പുളിക്കൽ സ്വദേശി ചുണ്ടാബലത്ത് വീട്ടിൽ മുഹമ്മദ് നിഹാൽ (25), എന്നിവരെയാണ് കൊണ്ടോട്ടിയിൽ നിന്ന് കസബ പൊലീസ് പിടികൂടിയത്. യുവാവിനെ തോർത്തുകൊണ്ട് കെട്ടിയിട്ട നിലയിലാണ് കണ്ടെത്തിയത്. പ്രതികളുടെ പക്കൽ മാരകായുധങ്ങളുമുണ്ടായിരുന്നു.
22ന് പുലർച്ചെ കാരന്തൂർ സ്വദേശിയായ ഷാജിത്തിനെയാണ് ചിന്താവളപ്പിലെ നെക്സ്റ്റൽ ഇൻ ലോഡ്ജിലെ 302ാം നമ്പർ റൂമിൽ നിന്നുമാണ് ഇന്നോവ കാറിൽ തട്ടിക്കൊണ്ടുപോയത്. തടയാൻ ശ്രമിച്ച സുഹൃത്തുക്കളെ അടിച്ചുപരിക്കേല്പിക്കുകയും മൊബൈൽ ഫോൺ പിടിച്ചുപറിച്ചുക്കുകയും ചെയ്തു. ഉടൻ പൊലീസെത്തി സൈബർ സെല്ലിന്റെ സഹായത്തോടുകൂടി നടത്തിയ അന്വേഷണത്തിൽ പ്രതികളുടെ ലൊക്കേഷനും തിരിച്ചറിഞ്ഞു. കസബ ഇൻസ്പെക്ടർ ജിമ്മിയുടെ നേതൃത്വ ത്തിലുള്ള സംഘം ഉടൻ കൊണ്ടോട്ടിയിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവർ ഓടിച്ച വാഹനത്തിൽ നിന്നും മാരകായുധങ്ങൾ കണ്ടെടുത്തു. ഷാജിത്തിന്റെ മുഖത്തും കണ്ണിലും പരിക്കേറ്റത് പ്രതികളുടെ മർദ്ദനത്തിലാണെന്ന് പൊലീസ് പറയുന്നു.
കാരണം സാമ്പത്തിക തർക്കം
അനധികൃത പണമിടപാടുമായി ബന്ധപ്പെട്ടുള്ള വഴക്കാണ് തട്ടികൊണ്ട് പോകാൻ കാരണം. മുഹമ്മദ് നിഹാലിനു പുളിക്കൽ സ്വദേശിനിയെ വീട്ടിൽ കയറി അക്രമിച്ചതിന് കൊണ്ടോട്ടി സ്റ്റേഷനിലും മലപ്പുറം സ്വദേശിയെ കാറുകൊണ്ട് ഇടിച്ചു വീഴ്ത്തി കമ്പിപ്പാര കൊണ്ട് അടിച്ചതിന് ഷംസുദ്ദീന്നും തിരൂരങ്ങാടി സ്റ്റേഷനിലും തിരുവണ്ണൂർ സ്വദേശിയെ മാരകായുധം ഉപയോഗിച്ച് അക്രമിച്ചതിന് പ്രതികൾ തട്ടികൊണ്ട് പോയ ഷാജിത്തിനും കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |