ന്യൂഡൽഹി: കേരളത്തിൽ പ്രളയമുണ്ടായ സാഹചര്യം കണക്കിലെടുത്ത് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയാക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. കേരളവും തമിഴ്നാടും സഹകരിച്ച് മുന്നോട്ട് പോകണമെന്നും മേൽനോട്ട സമിതിയിലെ തീരുമാനം രണ്ട് സംസ്ഥാനങ്ങളും അംഗീകരിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. മുല്ലപ്പെരിയാർ മേൽനോട്ട സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് കോടതി ഉത്തരവിറക്കിയത്.
കേരളത്തിലെ പ്രളയത്തിന് കാരണമായത് മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കുന്നതിൽ തമിഴ്നാട് സർക്കാർ വരുത്തിയ വീഴ്‌ചയാണെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഇന്നലെ ആരോപിച്ചിരുന്നു.
നേരത്തെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയിലെത്തിയപ്പോൾ തന്നെ ഷട്ടറുകൾ തുറക്കണമെന്ന് സംസ്ഥാന സർക്കാർ തമിഴ്നാടിനോട് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജലനിരപ്പ് 142 അടിയിലെത്തിയതിന് ശേഷമാണ് തമിഴ്നാട് സർക്കാർ ഷട്ടറുകൾ തുറക്കാൻ തയ്യാറായത്. 13 ഷട്ടറുകളും ഒരുമിച്ച് തുറന്നത് പ്രളയത്തിന് കാരണമായെന്നും ചീഫ് സെക്രട്ടറി നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. സമാന സാഹചര്യം ആവർത്തിക്കാതിരിക്കാൻ ഉന്നതതല സമിതിയെ നിയോഗിക്കണമെന്നും സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |