കൊച്ചി: ശാരീരിക ബന്ധത്തിനു സാഹചര്യമില്ലെന്നു തെളിയാത്തിടത്തോളം, വിവാഹ ബന്ധത്തിൽ പിറക്കുന്നതോ, വേർപിരിഞ്ഞ് 280 ദിവസത്തിനകം ജനിക്കുന്നതോ ആയ കുട്ടി ഭർത്താവിന്റേതായി കണക്കാക്കുമെന്ന് ഹൈക്കോടതി. തെളിവു നിയമത്തിലെ 112-ാം വകുപ്പ് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സി.എസ്. ഡയസിന്റെ ഉത്തരവ്. കുട്ടിയുടെ പിതൃത്വം സംബന്ധിച്ചു തർക്കമോ കോടതി വിധികളോ ഇല്ലെങ്കിൽ നിയമപ്രകാരം അന്നത്തെ ഭർത്താവു തന്നെയാകും കുട്ടിയുടെ അച്ഛനെന്നും നീരീക്ഷിച്ചു.
മകന്റെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ സ്ഥാനത്തു നിന്ന് തന്റെ പേരു വെട്ടി മറ്റൊരാളുടെ പേരു ചേർത്തതിനെ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ഉത്തരവ്. 2010 മേയ് 26നായിരുന്നു വിവാഹമെന്നും 2011 മാർച്ച് 7നു മകൻ പിറന്ന ശേഷം പയ്യന്നൂർ മുനിസിപ്പാലിറ്റിയിൽ ജനനം രജിസ്റ്റർ ചെയ്‌തെന്നും പിതാവിന്റെ ഹർജിയിൽ പറയുന്നു. പ്രസവ ശേഷം സ്വന്തം വീട്ടിൽ പോയ ഭാര്യയെ കുഞ്ഞുമായി കാണാതായി. ഭർത്താവ് ഹേബിയസ് ഹർജി നൽകിയതിനെ തുടർന്നു കോടതിയിൽ ഹാജരായ ഭാര്യ കാമുകനൊപ്പം ജീവിക്കാനാണു താത്പര്യമെന്ന് അറിയിച്ചു. ഇക്കാര്യം രേഖപ്പെടുത്തി കേസ് തീർപ്പാക്കിയതോടെ ഇരുവരും വേർപിരിഞ്ഞു.
ജനന, മരണ രജിസ്റ്ററിലെ തെറ്റുകളും മറ്റും തിരുത്താനുള്ള അധികാരമേ
രജിസ്ട്രാർക്കുള്ളൂവെന്നു ഹൈക്കോടതി പറഞ്ഞു. ജനന സർട്ടിഫിക്കറ്റ് തിരുത്തണമെങ്കിൽ ഡി.എൻ.എ പരിശോധനാ റിപ്പോർട്ട്, നോട്ടറി സാക്ഷ്യപ്പെടുത്തിയ രേഖകൾ, കോടതി വിധി ഇതൊക്കെ ആവശ്യമാണെന്നും വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |