ന്യൂഡൽഹി: ലൈംഗിക ബന്ധത്തിന് അനുമതി നൽകേണ്ട കുറഞ്ഞ പ്രായം, 18ൽ നിന്ന് 16 ആക്കണമെന്ന് അമിക്കസ് ക്യൂറിയും മുതിർന്ന അഭിഭാഷകയുമായ ഇന്ദിരാസിംഗ് സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. ഇതിനായി പോക്‌സോ നിയമത്തിൽ ഭേദഗതി കൊണ്ടുവരണം. അതേസമയം, അനുമതിക്കുള്ള കുറഞ്ഞപ്രായം 18 തന്നെയായിരിക്കണമെന്ന് കേന്ദ്രസർക്കാർ നിലപാടെടുത്തു. നിയമപ്രകാരം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി പരസ്‌പര സമ്മതത്തോടെ ബന്ധത്തിലേർപ്പെടുന്ന ആൺകുട്ടിക്കെതിരെ പോക്‌സോ ചുമത്തുന്ന വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അതിലാണ് അമിക്കസ് ക്യൂറിയും കേന്ദ്രവും നിലപാടറിയിച്ചത്.
നിലവിലെ നിയമവ്യവസ്ഥ കൗമാരക്കാരിലെ പ്രണയബന്ധങ്ങളെ ക്രിമിനൽവത്കരിക്കുന്നതാണെന്ന് അമിക്കസ് ക്യൂറി പറയുന്നു. പരസ്‌പര സമ്മതത്തോടെ നടക്കുന്ന ലൈംഗിക ബന്ധങ്ങളെ ക്രിമിനൽവത്കരിക്കുന്നതിലൂടെ അവരുടെ ഭരണഘടനാ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു. ദുരുപയോഗത്തെയും പരസ്‌പര സമ്മതത്തെയും രണ്ടായിത്തന്നെ കാണണമെന്നും ചൂണ്ടിക്കാട്ടി. 16നും 18നുമിടയിൽ പ്രായമുള്ളവർ ഉൾപ്പെട്ട പോക്സോ കേസുകളിൽ 2017 മുതൽ 2021 വരെ 180ശതമാനം വർദ്ധനവാണുണ്ടായത്. 2013ലാണ് 18 ആക്കി കേന്ദ്രസർക്കാർ പോക്‌സോ നിയമത്തിൽ ഭേദഗതി കൊണ്ടുവന്നത്.
ശക്തമായി എതിർത്ത് കേന്ദ്രം
പോക്‌സോ നിയമത്തിലെ വ്യവസ്ഥയിൽ മാറ്റം വരുത്താനുള്ള ഒരു നീക്കവും അനുവദിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. അങ്ങനെയുണ്ടായാൽ, പ്രായപൂർത്തിയാകാത്ത കുട്ടികളെ നിയമപരമായി സംരക്ഷിക്കുന്ന കവചം ഇല്ലാതാകും. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യാനുള്ള വാതിൽ തുറന്നിടുന്നതാകുമെന്നും വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |