ന്യൂഡൽഹി: കനാലിൽ നിന്ന് 14കാരന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ആറുപേർ അറസ്റ്റിൽ. ഡൽഹിയിലെ സിറാസ്പൂരിലുള്ള ജീവൻ പാർക്കിൽ താമസിക്കുന്ന 14കാരനെയാണ് എട്ടു പേരടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോയി കുത്തി കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം നഗ്നമാക്കി കനാലിൽ തള്ളുകയായിരുന്നു. പ്രതികാരത്തിന്റെ ഭാഗമായാണ് കൊലനടത്തിയത്.
നാല് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ എട്ട് പേരാണ് കൊലപാതകത്തിൽ പങ്കാളികളായതെന്ന് പൊലീസ് പറയുന്നു. ഇതിൽ ആറുപേരെ പിടികൂടി. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇവരെ പൊലീസിന് കുടുക്കാനായത്. ഒട്ടേറെ തവണ കുത്തി പരിക്കേൽപ്പിച്ച ശേഷം പ്രദേശത്തെ കനാലിലേക്ക് കുട്ടിയെ സംഘം തള്ളുകയായിരുന്നു.ഡൽഹി ജലബോർഡിന്റെ ജലശുദ്ധീകരണ പ്ലാന്റിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
ദിവസങ്ങളോളം ആസൂത്രണം ചെയ്താണ് പ്രതികൾ കൊലപാതകം നടപ്പിലാക്കിയതെന്നാണ് പൊലീസ് വ്യത്തങ്ങൾ സൂചിപ്പിക്കുന്നത്. ജൂൺ 29, 30 തീയതികളിൽ രാത്രിയിൽ പ്രതികൾ വീർ ചൗക്ക് ബസാറിനടുത്ത് കുട്ടിയെ തടഞ്ഞുനിർത്തി സുഹൃത്തുക്കളുടെ മുന്നിൽ വച്ച് തട്ടിക്കൊണ്ടു പോകുകയായിരുന്നു. കനാലിനടുത്ത് വച്ച് വായിൽ തുണി തിരുകി വസ്ത്രം അഴിച്ചുമാറ്റി ഓരോരുത്തരും മാറിമാറി കുത്തിയ ശേഷമാണ് മൃതദേഹം കനാലിലേക്ക് തള്ളിയത്.
മറ്റ് മൂന്ന് പ്രായപൂർത്തിയാകാത്തവരെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച ഒരു ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. ഹരിദ്വാറിലേക്ക് രക്ഷപ്പെട്ട രണ്ട് പ്രതികളെക്കൂടി പിടികൂടാൻ അന്വേഷണം ആരംഭിച്ചു. ഇവരെ കണ്ടെത്താൻ ഉത്തരാഖണ്ഡിലേക്ക് പ്രത്യക സംഘത്തെ അയച്ചിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |