കണ്ണൂർ: കല്യാട് വീട്ടിൽ നിന്നും 30 പവൻ സ്വർണവും പണവും മോഷണം പോയ സംഭവത്തിന് പിന്നാലെ വീട്ടുടമസ്ഥയുടെ മരുമകളെ കർണാടകയിൽ കൊലപ്പെടുത്തിയ പ്രതി പിടിയിൽ. ഇരിക്കൂർ പുള്ളി വേട്ടയ്ക്കൊരു മകൻ ക്ഷേത്രത്തിനടുത്ത് അഞ്ചാംപുര വീട്ടിൽ കെ.സി സുമതയുടെ വീട്ടിലായിരുന്നു വെള്ളിയാഴ്‌ച മോഷണം നടന്നത്. അന്വേഷണത്തിന്റെ ഭാഗമായി സുമതയുടെ മരുമകൾ ദർശിതയെ(24) പൊലീസ് വിവരങ്ങളറിയാൻ വിളിച്ചെങ്കിലും ലഭ്യമായിരുന്നില്ല. ഇതിനുപിന്നാലെയാണ് കർണാടക സ്വദേശിയായ ദർശിതയെ സാലിഗ്രാമിലെ ലോഡ്‌ജിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഈ സംഭവത്തിൽ പ്രതിയായ, ദർശിതയുടെ സുഹൃത്ത് സിദ്ധരാജു കർണാടക പൊലീസിന്റെ പിടിയിലായി.
കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് ദർശിത കൊല്ലപ്പെട്ടു എന്ന വിവരം ഇരിട്ടി പൊലീസിന് ലഭിക്കുന്നത്. മോഷണത്തിൽ ദർശിതയ്‌ക്കും സുഹൃത്തിനും പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.അതിക്രൂരമായാണ് സിദ്ധരാജു, ദർശിതയെ കൊലപ്പെടുത്തിയത്.
സ്‌ഫോടകവസ്‌തു വായിൽ തിരുകി പൊട്ടിച്ചായിരുന്നു കൊലപാതകം. ക്വാറികളിൽ സ്‌ഫോടനത്തിനുപയോഗിക്കുന്ന ഇലക്‌ട്രോണിക് ഡിറ്റനേറ്റർ ആണ് ഇതിനുപയോഗിച്ചതെന്നാണ് വിവരം. കൊല്ലപ്പെട്ട ദർശിതയുടെ ഭർത്താവ് സുഭാഷ് വിദേശത്താണുള്ളത്.
സുമതയും മറ്റൊരു മകൻ സൂരജും വെള്ളിയാഴ്ച രാവിലെ ചെങ്കൽപണയിൽ ജോലിക്ക് പോയതായിരുന്നു. ഇവർ പോയതിനു പിന്നാലെ ദർശിത രണ്ടര വയസ്സുള്ള മകളോടൊപ്പം വീട് പൂട്ടി കർണാടകയിലെ സ്വന്തം വീട്ടിലേക്ക് പോയി. സുമത വൈകീട്ട് 4.30ന് തിരിച്ചെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. 30 പവൻ സ്വർണവും നാല് ലക്ഷം രൂപയുമാണ് മോഷണം പോയത്. ഈ സംഭവത്തിന്റെ അന്വേഷണത്തിനിടെയാണ് മരുമകൾ കൊല്ലപ്പെട്ടിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |