കാസർകോട്: പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് ഉപേക്ഷിച്ചു കടന്നുകളഞ്ഞ കേസിൽ പ്രതിക്ക് മരണംവരെ തടവ് ശിക്ഷ. കുടക് നപ്പോക്ക് സ്വദേശി പി.എ.സലിം (40) നെയാണ് കോടതി മരണം വരെ തടവിന് ശിക്ഷിച്ചത്. കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാനായി പുറത്തുപോയ സമയത്താണ് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയി അടുത്തുള്ള വയലിൽ വച്ച് ബലാത്സംഗം ചെയ്യുകയും സ്വർണ്ണ കമ്മലുകൾ മോഷ്ടിക്കുകയും ചെയ്തത്. ഇതിനു പിന്നാലെ പെൺകുട്ടിയെ വഴിയിൽ ഉപേക്ഷിച്ച് പ്രതി കടന്നുകളയുകയായിരുന്നു. 2024 മേയിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്.
പെൺകുട്ടി പേടിച്ചു വിറച്ച് അടുത്തുള്ള വീട്ടിലെത്തി വിവരം അറയിച്ചതിനെ തുടർന്ന് പൊലീസ് എത്തുകയും തുടർനടപടി സ്വീകരിക്കുകയുമായിരുന്നു. സലിമിനെ സൈക്കിളിൽ റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുവിട്ട ഒരാൾ തിരിച്ചറിഞ്ഞത് പ്രതിയെ പിടികൂടാൻ പൊലീസിനെ സഹായിച്ചു.
പിന്നീട് സലിം തലശ്ശേരിയിലെത്തി, അവിടെ നിന്ന് സഹോദരിയോടൊപ്പം ചെറുവന്നൂരിലേക്ക് പോയി കൂത്തുപറമ്പിൽ സ്വർണം പണയം വച്ചു. സഹോദരിയെ വീട്ടിലേക്ക് പറഞ്ഞയച്ച ശേഷം സലിം വിരാജ്പേട്ടിലേക്ക് ബസ്സിൽ കയറി. ഇവിടെ നിന്ന് മൈസൂരിലേക്കും ബംഗളൂരുവിലേക്കും അവിടെ നിന്ന് മുംബൈയിലേക്കും പോയി. മുംബയിൽ ജോലി ലഭിക്കാതെയായപ്പോൾ സുഹൃത്തിന്റെ സഹായത്തോടെ റായിച്ചൂരിലെ ഒരു പൂന്തോട്ടത്തിൽ ജോലി തേടി. ഇതിനായി ബംഗളൂരുവിൽ എത്തിയപ്പോഴാണ് പൊലീസ് സലിമിനെ പിടികൂടിയത്. രണ്ട് മോഷണ കേസിലും സലിമിനെതിരെ പൊലീസ് കേസെടുത്തു.മോഷ്ടിച്ച സ്വർണ്ണം പണയം വച്ചതിന് കൂട്ടുനിന്നതിന് സലിമിന്റെ സഹോദരി സുഹൈബയെയും കോടതി ശിക്ഷിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |