മുംബയ്: സ്വവർഗ പങ്കാളിയെ വിഷം കലർത്തിയ ശീതളപാനീയം കുടിപ്പിച്ച് കൊലപ്പെടുത്തിയ 19കാരൻ അറസ്റ്റിൽ. കൊല്ലപ്പെട്ട 16കാരൻ പ്രതിയുടെ വീട്ടിലെത്തിയതോടെയാണ് സംഭവം നടന്നത്. കുട്ടിക്ക് 19കാരൻ ശീതളപാനീയം നൽകുകയായിരുന്നു. സംഭവത്തിൽ മരിച്ച കുട്ടിയുടെ അച്ഛൻ പൊലീസിൽ പരാതി നൽകിയിരുന്നു. ജൂൺ 29നാണ് മകൻ 19കാരന്റെ വീട്ടിലേക്ക് പോയതെന്നാണ് പരാതിയിലുളളത്.
നേരം വൈകിയിട്ടും കുട്ടി വീട്ടിലെത്തിയിരുന്നില്ല. തുടർന്ന് കുടുംബം കുട്ടി പോകാൻ സാദ്ധ്യതയുളള പല സ്ഥലങ്ങളിലും അന്വേഷിച്ചിരുന്നു. ചിലപ്പോൾ പ്രതിയുടെ വീട്ടിലേക്ക് പോയിരിക്കാമെന്ന് 16കാരന്റെ സുഹൃത്താണ് കുടുംബത്തെ അറിയിച്ചത്. അപ്പോൾ തന്നെ കുട്ടിയുടെ കുടുംബം 19കാരന്റെ വീട്ടിൽ പോയിരുന്നു. മകനെ കട്ടിലിൽ ബോധമില്ലാതെ കിടക്കുന്ന നിലയിലാണ് പിതാവ് കണ്ടത്. തൊട്ടടുത്തുത്തന്നെ പ്രതിയും ഇരിക്കുന്നുണ്ടായിരുന്നു. തുടർന്ന് ഡോക്ടർമാർ വീട്ടിലെത്തി കുട്ടിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
പങ്കാളിക്ക് കുടിക്കാനായി ശീതള പാനീയം നൽകിയിരുന്നുവെന്നും അതിനുശേഷം ഛർദ്ദിച്ചെന്നും പിന്നാലെ മരണം സംഭവിക്കുകയായിരുന്നുവെന്നുമാണ് പ്രതി പറഞ്ഞത്. 19കാരൻ നാല് മാസം മുൻപ് 16കാരനെ വീട്ടുകാരുടെ അറിവില്ലാതെ നാഗ്പൂരിലേക്ക് കൊണ്ടുപോയിരുന്നതായും പരാതിയിലുണ്ട്. 19കാരനുമായി ഇനി സൗഹൃദത്തിന് പോകരുതെന്ന് കുടുംബം കൊല്ലപ്പെട്ട കുട്ടിയോട് ആവശ്യപ്പെട്ടിരുന്നു. ഇതാണ് പ്രതിയെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. ഫോറൻസിക് പരിശോധനയും നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |