ലക്നൗ: കുട്ടികളുണ്ടാകാൻ ആഭിചാരക്രിയ നടത്തിയ 35കാരി മരിച്ചു. ഉത്തർപ്രദേശിലെ അസംഗഡ് സ്വദേശി അനുരാധയാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് ദാരുണമായ സംഭവം. വിവാഹിതയായി 10വർഷമായിട്ടും കുട്ടികളില്ലാത്തതിനാൽ അനുരാധ മാനസികമായ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. ഇതിനെത്തുടർന്ന് കുടുംബത്തിന്റെ സഹായത്തോടെ അടുത്തുള്ള ദുർമന്ത്രവാദി ചന്തുവിനെ ബന്ധപ്പെടുകയായിരുന്നു.
ആഭിചാരക്രിയയ്ക്ക് ശേഷം കുട്ടികളുണ്ടാകുമെന്ന് ചന്തു അനുരാധയുടെ കുടുംബത്തെ വിശ്വസിപ്പിച്ചു. ഇതിനായി യുവതിയുടെ കുടുംബത്തിനോട് ഒരു ലക്ഷം രൂപ നൽകണമെന്നും ഇയാൾ ആവശ്യപ്പെട്ടിരുന്നു . അതിൽ അഡ്വാൻസായി 2200രൂപയാണ് കുടുംബം നൽകിയത്. പിന്നീട് ജൂലായ് ആറിന് അനുരാധ ഭർതൃവീട്ടിൽ നിന്നും ക്രിയകൾക്കായി സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു.
അനുരാധ അമാനുഷിക ശക്തിയുടെ പിടിയിലാണെന്നാണ് മന്ത്രവാദിയുടെ ഭാര്യയുടെയും സഹായികളുടെയും കണ്ടെത്തൽ. ക്രിയകൾക്കിടെ മന്ത്രവാദിയും സഹായികളും അനുരാധയുടെ തലമുടി വലിച്ചു പിടിക്കുകയും കഴുത്തും വായും പിന്നിലേക്ക് തള്ളി ശ്വാസംമുട്ടിക്കുകയും ചെയ്തു. ഓടയിലെയും ടോയ്‌ലറ്റിലെയും മലിനജലം കുടിക്കാൻ നിർബന്ധിച്ചു. മകളുടെ നില മോശമാകുന്നത് കണ്ട കുടംബം ക്രിയകൾ നിർത്താൻ കരഞ്ഞ് പറഞ്ഞിട്ടും ഇവർ ചടങ്ങു തുടരുകയായിരുന്നു.
താമസിയാതെ അനുരാധയുടെ നിലവഷളായെന്ന് മനസിലാക്കിയ മന്ത്രവാദിയും സഹായികളും ഇവരെ ജില്ലാ ആശുപത്രിയിലേക്ക്കൊണ്ടുപോയി. എന്നാൽ ആശുപത്രിയിൽ എത്തുന്നതിനു മുമ്പ് തന്നെ യുവതി മരണപ്പെട്ടുവെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. യുവതി മരിച്ചെന്ന് അറിഞ്ഞതോടെ സംഘം സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
അനുരാധയുടെ മൃതദേഹം തിരികെ കൊണ്ടുവന്ന കുടുംബം കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി. ഉദ്യോഗസ്ഥർ കേസ് രജിസ്റ്റർ ചെയ്ത് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് അയച്ചു. മന്ത്രവാദിക്കും സഹായികൾക്കും വേണ്ടി പൊലീസ് തിരച്ചിൽ നടത്തുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |