ബംഗളൂരു: രാമമൂർത്തി നഗറിൽ ചിട്ടിക്കമ്പനി നടത്തി കോടികളുമായി മുങ്ങിയ മലയാളി ദമ്പതികളെക്കുറിച്ച് അന്വേഷണം. രാമമൂർത്തി നഗറിലെ എ ആന്റ് എ ചിറ്റ് ഫണ്ട് ആന്റ് ഫൈനാൻസ് നടത്തുന്ന ആലപ്പുഴ രാമങ്കര സ്വദേശി എ വി ടോമി, ഭാര്യ ഷൈനി എന്നിവർക്കെതിരെയാണ് തട്ടിപ്പിനിരയാവർ പരാതി നൽകിയത്. 100 കോടിയോളം രൂപയുമായി ഇവർ മുങ്ങിയെന്നാണ് സൂചന.
കഴിഞ്ഞ ബുധനാഴ്‌ച മുതലാണ് ടോമിയെയും ഷൈനിയെയും കാണാതായത്. ഇരുവർക്കുമെതിരെ രാമമൂർത്തി നഗർ പൊലീസ് കേസെടുത്തു. വീടും വാഹനവും വിറ്റശേഷം ഫോൺ ഓഫ് ചെയ്‌ത് ഇവർ മുങ്ങിയതായാണ് സൂചന. ഇവരുടെ ഓഫീസ് പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇവിടുത്തെ ജീവനക്കാർക്ക് ഇരുവരെ കുറിച്ചും യാതൊരു സൂചനയുമില്ല.
രാമമൂർത്തി നഗർ സ്വദേശിയായ ഒരാളാണ് ഇവർക്കെതിരെ ആദ്യം പരാതിയുമായെത്തിയത്. വിരമിക്കൽ ആനുകൂല്യമായി തനിക്കും ഭാര്യക്കും കൂടി ലഭിച്ച 70 ലക്ഷം രൂപ ചിട്ടിക്കമ്പനിയിൽ നിക്ഷേപിച്ചെന്നും ഇപ്പോൾ അത് ലഭിക്കുന്നില്ലെന്നും കാട്ടിയായിരുന്നു പരാതി. കഴിഞ്ഞ 25 വർഷങ്ങളായി സ്ഥലത്ത് പ്രവർത്തിക്കുന്ന കമ്പനിയിൽ നിക്ഷേപകരായി ധാരാളം മലയാളികളുണ്ട്. ഇക്കാരണത്താൽ മലയാളികളും പറ്റിക്കപ്പെട്ടു എന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |