
ബംഗളൂരു: 21 കാരിയായ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ബംഗളൂരു തമ്മനഹള്ളിയിലാണ് സംഭവം. ആന്ധ്രാപ്രദേശ് സ്വദേശിയായ ദേവിശ്രീയാണ് മരിച്ചത്. പെൺകുട്ടിയുടെ ആൺസുഹൃത്ത് പ്രേംവർധനായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. ബിബിഎം വിദ്യാർത്ഥിനിയായ ദേവിശ്രീ പ്രേംവർധനൊപ്പമാണ് ഫ്ലാറ്റിലെത്തിയത്.
തന്റെ സുഹൃത്ത് മാനസ വാടകയ്‌ക്കു താമസിക്കുന്ന ഫ്ലാറ്റിലേക്കാണ് പ്രേംവർധൻ ദേവിശ്രീയുമായി എത്തിയത്. ഈ സമയം മാനസ ജോലിക്ക് പോയിരുന്നതിനാൽ ഫ്ലാറ്റിൽ മറ്രാരും ഉണ്ടായിരുന്നില്ല. ഏകദേശം 11മണിക്കൂർ ചെലവിട്ടശേഷം പ്രേംവർധൻ ഫ്ലാറ്റ് പൂട്ടി സ്ഥലം വിട്ടു. ഇന്ന് രാവിലെ ഫ്ലാറ്രിലേക്ക് മടങ്ങിയെത്തിയ മാനസയാണ് മുറിക്കുള്ളിൽ മരിച്ച നിലയിൽ ദേവിശ്രീയെ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെയും ദേവിശ്രീയുടെ മാതാപിതാക്കളെയും മാനസ വിവരമറിയിച്ചു.
മതനായ്‌ക്കനഹള്ളി പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി. കൊലപാതകം ആണെന്നാണ് പ്രാഥമിക നിഗമനം. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാകാമെന്ന് പൊലീസ് സംശയിക്കുന്നു. ദേവിശ്രീയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. പോസ്‌റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.
പ്രേംവർധനു വേണ്ടി വിപുലമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്. നിലവിൽ ഇയാളെക്കുറിച്ച് വിവരം ഒന്നും ലഭിച്ചിട്ടില്ല. പ്രേംവർധനെ കണ്ടെത്തുന്നതിലൂടെ കൊലപാതകത്തിലേക്ക് നയിച്ച കാരണം കൂടി കണ്ടെത്താനാകുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |