
ബംഗളുരു: ലൈംഗിക പ്രശ്നങ്ങൾക്ക് ചികിത്സ തേടിയ യുവാവിന് നഷ്ടമായത് 48 ലക്ഷം രൂപയും സ്വന്തം ആരോഗ്യവും. ബംഗളുരുവിൽ സോഫ്ട്‌വെയർ എൻജിനിയറായ ശിവമോഗ സ്വദേശിയിൽ നിന്നാണ് വ്യാജ ആയുർവേദ ചികിത്സാ കേന്ദ്രം മരുന്നുകളുടെ പേരിൽ 48 ലക്ഷം രൂപയോളം തട്ടിയെടുത്തത്. ഈ മരുന്നുകൾ കഴിച്ച് വൃക്കകളുട പ്രവർത്തനം തകരാറിലായെന്നും ആരോഗ്യ നില മോശമായെന്നും 29കാരൻ നൽകിയ പരാതിയിൽ പറയുന്നു.
2023 മാർച്ചിലായിരുന്നു യുവാവിന്റെ വിവാഹം. ലൈംഗികാരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആദ്യം കെങ്കേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് യുവാവ് ചികിത്സ തേടിയത്. ഇത്തരത്തിൽ ഒരു ദിവസം ആശുപത്രിയിൽ പോയ സമയത്താണ് റോഡരികിൽ ലൈംഗിക പ്രശ്നങ്ങൾക്ക് പരിഹാരം വാഗ്ദാനം ചെയ്യുന്ന ആയുർവേദ ചികിത്സാ കേന്ദ്രം കാണുന്നത്. ഇവിടെ ചികിത്സ തേടിയെത്തിയ യുവാവിന് വിജയ് ഗുരുജി എന്നയാൾ വില കൂടിയ വിവിധയിനം മരുന്നുകൾ നിർദ്ദേശിച്ചു. ഇയാൾ പറഞ്ഞ മരുന്ന് കടയിൽ നിന്ന് മാത്രമേ മരുന്നുകൾ വാങ്ങാവു എന്നും നിർദ്ദേശമുണ്ടായിരുന്നു. ദേവരാജ് ഭൂതി എന്ന അപൂർവ മരുന്ന് ഹരിദ്വാറിൽ നിന്നാണ് കൊണ്ടുവരുന്നതെന്നും ഒരു ഗ്രാമിന് 1.6 ലക്ഷം രൂപയാണെന്നും യുവാവിന് വിശ്വസിപ്പിച്ചു. കൂടാതെ ഇതിനൊപ്പം ഒരു ഗ്രാമിന് 75000 രൂപ വിലവരുന്ന ഭാവനഭൂതി തൈലവും പുരട്ടണമെന്നും നിർദ്ദേശിച്ചു. ഇത്തരത്തിൽ പലതവണകളിലായി 48 ലക്ഷം രൂപയാണ് മരുന്നിന്റെ പേരിൽ തട്ടിയെടുത്തതെന്ന് പരാതിയിൽ പറയുന്നു.
ഭാര്യയിൽ നിന്നു് മാതാപിതാക്കളിൽ നിന്നും പണം കടംവാങ്ങിയാണ് യുവാവ് മരുന്ന് വാങ്ങിയത്. തുടർന്നും മരുന്ന് വാങ്ങാൻ നിർബന്ധിച്ചപ്പോൾ ബാങ്കിൽ നിന്ന് 20 ലക്ഷം രൂപ വായ്പയെടുത്തും മരുന്ന് വാങ്ങിച്ചു. പിന്നീട് ഗ്രാമിന് 2.6 ലക്ഷം വിലവരുന്ന ദേവരാജ രസഭൂതി മരുന്ന് വാങ്ങാൻ 10 ലക്ഷം രൂപ സുഹൃത്തിൽ നിന്നും കടംവാങ്ങി. ഏറെ നാളായി മരുന്ന് കഴിച്ചിട്ടും മാറ്റമൊന്നും ഇല്ലാത്തതിനാൽ സംശയം തോന്നിയ യുവാവ് മറ്റൊരു ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് വൃക്കയുടെ പ്രവർത്തനം ഉൾപ്പെടെ തകരാറിലായതായി കണ്ടെത്തിയത്. സംഭവത്തിൽ ബംഗളുരു ജ്ഞാനഭാരതി പൊലീ്സ് കേസെടുത്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |