
കൊച്ചി: എറണാകുളം നഗരത്തിലെ സ്പായിൽ തിരുമലിന് എത്തിയ പൊലീസുകാരനെ ഭീഷണിപ്പെടുത്തി 4 ലക്ഷം തട്ടിയെടുത്ത കേസിൽ സ്പാ ജീവനക്കാരി അറസ്റ്റിൽ. ഒളിവിലായിരുന്ന മൂന്നാംപ്രതി വൈക്കം സ്വദേശി രമ്യയാണ് (39) പിടിയിലായത്. പാലാരിവട്ടം പൊലീസാണ് ഇവരെ അറസ്റ്റുചെയ്തത്. പ്രതികൾക്കൊപ്പം ചേർന്ന് പൊലീസുകാരനിൽനിന്ന് പണം വാങ്ങിയെടുത്ത എസ്.ഐ കെ.കെ. ബൈജു ഒളിവിലാണ്. പൊലീസ് ഇയാൾ താമസിക്കുന്ന വീട്ടിലെത്തി അന്വേഷണം നടത്തിയിരുന്നു. മൊബൈൽ ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇയാൾ ഉടൻ പിടിയിലായേക്കും. ബൈജുവിനെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു.
തൈക്കൂടം ചമ്പക്കര ഭാഗത്തെ ലോഡ്ജിൽനിന്ന് ഇന്ന് വൈകിട്ട് അഞ്ചിനാണ് രമ്യയെ പിടികൂടിയത്. കഴിഞ്ഞ എട്ടിന് വൈകിട്ട് സ്പായിലെത്തിയ കൊച്ചി സിറ്റി എ.ആർ ക്യാമ്പിലെ പൊലീസുകാരനെയാണ് രമ്യയും പാലാരിവട്ടം സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ബൈജുവും ചേർന്ന് ഭീഷണിപ്പെടുത്തി പണംതട്ടിയത്. സ്പായിൽ പോയ പൊലീസുകാരനെ അവിടുത്തെ ജീവനക്കാരിയുടെ സ്വർണമാല മോഷ്ടിച്ചെന്ന് ഭീഷണിപ്പെടുത്തിയാണ് നാലു ലക്ഷം രൂപ തട്ടിയെടുത്തത്. ഇതിൽ ഒരുലക്ഷംരൂപ ക്വട്ടേഷൻ ടീമിലെ ഷിഹാബിന് നൽകി. രണ്ടുലക്ഷം രൂപ ബൈജുവും ഒരുലക്ഷം രമ്യയും കൈക്കലാക്കി. ഷിഹാബിനെ ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |