
ഗാന്ധിനഗർ: വിവാഹത്തിന് മണിക്കൂറുകൾക്കു മുൻപ് വധുവിനെ കൊലപ്പെടുത്തി പ്രതിശ്രുതവരൻ. ഗുജറാത്തിലെ ഭാവ്നഗറിൽ ടെക്രി ചൗക്കിലുള്ള വീട്ടിൽ വച്ചായിരുന്നു സംഭവം. സോണി ഹിമ്മത് റാത്തോഡ് എന്ന യുവതിയെ സാജൻ ബരായ എന്ന 26 കാരൻ വാക്കുതർക്കത്തെ തുടർന്ന് കൊലപ്പെടുത്തുകയായിരുന്നു. യുവതിയുടെ വീട്ടിൽ വിവാഹ ദിവസം രാവിലെ പ്രതി എത്തുകയും ഇരുവർക്കുമിടയിൽ സാരിയുടെയും പണത്തിന്റെയും പേരിൽ തർക്കമുണ്ടാവുകയും ചെയ്‌തു. ദേഷ്യത്തിൽ നിയന്ത്രണം വിട്ട സാജൻ യുവതിയെ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചു. കൂടാതെ തല ചുമരിലും ഇടിച്ചു. ബഹളംകേട്ട് വീട്ടുകാർ ഉണർന്നപ്പോഴേക്കും പ്രതി സ്ഥലം വിട്ടിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും വീട്ടിൽ വച്ച് തന്നെ മരണം സംഭവിച്ചിരുന്നു.
വിവരം അറിഞ്ഞ് പൊലീസ് സംഘം സ്ഥലത്തെത്തുകയും വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു. വീട്ടുകാരുടെ എതിർപ്പ് വകവയ്‌ക്കാതെ ഇരുവരും കഴിഞ്ഞ ഒന്നരവർഷമായി ഒന്നിച്ച് താമസിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. പിന്നീട് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നിശ്ചയിച്ചതിനെത്തുടർന്ന് യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങി വന്നു.
'കഴിഞ്ഞ ഒന്നരവർഷമായി സോണിയും സാജനും ഒരുമിച്ചായിരുന്നു. എന്നാൽ, ഇരുവരുടെയും കുടുംബം ഇതിനെ അനുകൂലിച്ചിരുന്നില്ല. സമൂഹത്തിന്റെ പിന്തുണ കാരണമാണ് കുടുംബം ഇരുവരുടെയും വിവാഹം നടത്താൻ തീരുമാനിച്ചത്. വെള്ളിയാഴ്ച വിവാഹവുമായി ബന്ധപ്പെട്ട ചില ചടങ്ങുകൾ നടന്നിരുന്നു. ശനിയാഴ്ചയായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത് '- ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ആർ ആർ സിംഗാർ പറഞ്ഞു. സോണിയുടെ മൃതദേഹം പോസ്‌റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. വിശദമായ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |