കൊച്ചി: സംസ്ഥാനത്ത് ടൂറിസം സീസൺ ആരംഭിച്ചതിനു പിന്നാലെ, ഹോട്ടലുകളിൽ ഓൺലൈൻ പോർട്ടൽ വഴി മുറികൾ ബുക്ക് ചെയ്യുന്നവർ സാമ്പത്തിക തട്ടിപ്പിനിരയാകുന്നു. ഒട്ടേറെ വിദേശികൾക്കും സ്വദേശികൾക്കും പണം നഷ്‌ടപ്പെട്ടു.
പ്രമുഖ പോർട്ടലുകൾ വഴി ബുക്കിംഗ് പൂർത്തിയാക്കിയവരെ, ഹോട്ടലിന്റെ റിസർവേഷൻ വിഭാഗത്തിൽ നിന്നെന്ന പേരിൽ തട്ടിപ്പുകാർ ഫോൺ, ഇ മെയിൽ, വാട്സാപ് സന്ദേശങ്ങൾ വഴി ബന്ധപ്പെടും. മുൻകൂർതുക അടച്ചില്ലെങ്കിൽ ബുക്കിംഗ് റദ്ദാകുമെന്ന് അറിയിക്കും. ഹോട്ടൽ ജീവനക്കാരനെന്ന വ്യാജ തിരിച്ചറിയൽ കാർഡ് അയച്ചുനൽകി വിശ്വാസം നേടിയശേഷം ക്യു.ആർ. കോഡ് വഴിയോ പേയ്‌മെന്റ് ലിങ്കുകൾ വഴിയോ പണം തട്ടിയെടുക്കുകയാണ് രീതി. ഹോട്ടലിൽ എത്തുമ്പോഴാണ് തട്ടിപ്പ് മനസിലാകുന്നത്. അവിടെ മുഴുവൻ പണവും വീണ്ടും നൽകേണ്ടി വരും. ഓൺലൈൻ ബുക്കിംഗിന്റെ വിവരങ്ങൾ ചോർത്തിയാണ് തട്ടിപ്പുകാർപ്രവർത്തിക്കുന്നതെന്നാണ് സൂചന. തട്ടിപ്പിനു പിന്നിൽ ഹോട്ടലുകളുമായി ബന്ധപ്പെട്ട ഏതെങ്കിലും ഗൂഢസംഘം ഉണ്ടോ എന്നും സംശയിക്കുന്നുണ്ട്.
കൊച്ചി, കുമരകം ഉൾപ്പെടെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തട്ടിപ്പ് സംഘങ്ങൾ സജീവമാണെന്ന് കേരള ട്രാവൽ മാർട്ട് സൊസൈറ്റി (കെ.ടി.എം.) അറിയിച്ചു.
മുൻകൂർ പണം:
സ്ഥിരീകരിക്കണം
ഹോട്ടലുകൾ ബുക്ക് ചെയ്തശേഷം മുൻകൂർ പണം ആവശ്യപ്പെട്ട് വിളികളോ ഇ-മെയിൽ, വാട്സാപ്പ് സന്ദേശങ്ങളോ ലഭിച്ചാൽ ജാഗ്രത പാലിക്കണമെന്ന് കേരള ട്രാവൽ മാർട്ട് സൊസൈറ്റി (കെ.ടി.എം.) അറിയിച്ചു. പണമടയ്‌ക്കും മുമ്പ് ബുക്ക് ചെയ്ത ഹോട്ടലിന്റെ ഔദ്യോഗിക ഫോൺ നമ്പറിൽ വിളിച്ച് സ്ഥിരീകരിക്കണം. തട്ടിപ്പുകളെക്കുറിച്ച് കെ.ടി.എം അംഗങ്ങളായ ഹോട്ടലുകൾ വെബ്‌സൈറ്റുകളിലും വൗച്ചറുകളിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും കെ.ടി.എം പ്രസിഡന്റ് ജോസ് പ്രദീപ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |