ശക്തമായി എതിർത്തത് കെ.കെ. രമ
ന്യൂഡൽഹി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ജയിലിൽ കഴിയുന്ന പ്രതിയും സി.പി.എം കുന്നോത്തുപറമ്പ് മുൻ ലോക്കൽ കമ്മിറ്റിയംഗവുമായ ജ്യോതിബാബുവിന് അടിയന്തരമായി ജാമ്യം അനുവദിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. കൊലപാതക കേസായതിനാൽ വസ്‌തുതകൾ അറിയണമെന്നും മെരിറ്റ് നോക്കി തീരുമാനിക്കാമെന്നും ജസ്റ്റിസുമാരായ സഞ്ജയ് കരോൽ, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. വിചാരണക്കോടതിയിലെ യഥാർത്ഥ രേഖകളും അവയുടെ ഇംഗ്ലീഷ് പരിഭാഷയും ഹാജരാക്കണം. അവ ലഭിച്ചശേഷം വീണ്ടും വാദം കേൾക്കും. ആയിരക്കണക്കിന് പേജുകളുള്ള രേഖകൾ പരിഭാഷപ്പെടുത്തി കൈമാറാൻ മാസങ്ങളെടുക്കും.
ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലൂടെ കടന്നുപോകുകയാണെന്നും ഡയാലിസിസിന് വിധേയനാകണമെന്നും ചൂണ്ടിക്കാട്ടിയാണ് ജ്യോതി ബാബുവിന്റെ ജാമ്യാപേക്ഷ. ടി.പിയുടെ ഭാര്യ കെ.കെ. രമ എം.എൽ.എ ശക്തമായി എതിർത്തു. നീതിന്യായ വ്യവസ്ഥയോടുള്ള പൊതുജനങ്ങളുടെ വിശ്വാസത്തെ ബാധിക്കുന്ന വിഷയമാണെന്ന് അറിയിച്ചു. ജ്യോതിബാബുവിന് പരിയാരം സർക്കാർ മെഡിക്കൽ കോളേജിൽ മികച്ച ചികിത്സയാണ് ലഭിക്കുന്നത്. സർക്കാരും പ്രതികളുമായി ഒത്തുകളിക്കുന്നുവെന്ന് രമയുടെ അഭിഭാഷകനായ ആർ. ബസന്ത് പറഞ്ഞു. ഇതോടെ സംസ്ഥാന സർക്കാരിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ പി.വി. ദിനേശുമായി വാക്കുതർക്കമായി. അസാധാരണമായ വിധത്തിൽ പരോൾ ലഭിക്കുന്നുവെന്ന് രമ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. നിയമസഭയിൽ തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ ചോദ്യത്തിന് സർക്കാർ നൽകിയ മറുപടിയും അറിയിച്ചു. 12 വർഷത്തിനിടെ മൂന്ന് കുറ്റവാളികൾക്ക് 1000ലേറെ ദിവസവും ആറു പേർക്ക് 500 ദിവസത്തിലധികവും പരോൾ അനുവദിച്ചെന്നായിരുന്നു സർക്കാർ മറുപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |