
തൃശൂർ: നഗരത്തിലെ പ്രമുഖ ഷോപ്പിൽ നിന്നും ലക്ഷങ്ങളുടെ ക്യാമറകൾ മോഷ്ടിച്ച മാനന്തവാടി സ്വദേശിയും വല്ലാർപാടത്തെ താമസക്കാരനുമായ കുളത്തിങ്കൽ വീട്ടിൽ ഫൈസൽ എന്ന ക്യാമറ ഫൈസൽ (35) പിടിയിൽ. ഈ മാസം പത്തിന് രാത്രിയായിരുന്നു 14 ലക്ഷത്തോളം രൂപ വിലയുള്ള സാധനങ്ങൾ മോഷണം പോയത്. പുലർച്ചെ സി.സി.ടി.വി ക്യാമറ കണക്ഷൻ വിച്ഛേദിച്ചത് ശ്രദ്ധയിൽപെട്ട കടയുടമ സെക്യൂരിറ്റി ജീവനക്കാരനെ വിളിച്ച് പരിസരം വീക്ഷിക്കാൻ പറഞ്ഞെങ്കിലും യാതൊന്നും കണ്ടെത്താനായില്ല. തുടർന്ന് രാവിലെ കട തുറക്കാൻ വന്ന സമയത്താണ് കടയുടെ ഷട്ടർ പൊളിച്ചതായി കണ്ടത്. തുടർന്ന് ഈസ്റ്റ് സ്റ്റേഷനിൽ പരാതി നൽകി. സമാന കുറ്റകൃത്യം നടത്തിയവരുടെ വിവരം ശേഖരിച്ചാണ് പ്രതിയിലേക്ക് എത്തിയത്.
കായംകുളത്ത് കഴിഞ്ഞമാസം മോഷണം നടത്തിയതും ഫൈസലാണെന്ന് സമ്മതിച്ചിട്ടുണ്ട്. ക്യാമറയും കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സിറ്റി പൊലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ് മുഖിന്റെ നിർദേശപ്രകാരം എ.സി.പി: കെ.ജി.സുരേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിച്ചത്. ഈസ്റ്റ് സി.ഐ: ജിജോ, എസ്.ഐ: ബിബിൻ ബി.നായർ, പ്രത്യേക സംഘത്തിലെ എ.എസ്.ഐ: പി.കെ.പഴനി സ്വാമി, സീനിയർ സി.പി.ഒമാരായ സജി ചന്ദ്രൻ, കൃഷ്ണപ്രസാദ്, റെജിൻ എന്നിവരും സി.പി.ഒമാരായ സുനീബ് സിംസൺ, ശ്രീജിത്ത്, നൈജോൺ, അരുൺ എന്നിവരും ഈസ്റ്റ് എസ്.ഐ: ബാലസുബ്രഹ്മണ്യം തുടങ്ങിയവരും ഉൾപ്പെട്ടതാണ് അന്വേഷണ സംഘം.
വിൽക്കും, മോഷ്ടിക്കും
ഗൂഗിളിൽ സെർച്ച് ചെയ്ത് കടകൾ കണ്ടെത്തി മോഷണം നടത്തുന്നതാണ് രീതി. മോഷ്ടിച്ച ക്യാമറകൾ മറ്റൊരു കടയിൽ കൊണ്ടുപോയി വിൽക്കുകയും പിന്നീട് അതേകടയിൽ മോഷണം ആസൂത്രണം ചെയ്യും. കായംകുളത്ത് നിന്നും മോഷ്ടിച്ച ക്യാമറ തൃശൂരിലെ കടയിലാണ് വിറ്റത്. പിന്നീട് തൃശൂരിലെ കടയിൽ നിന്നും മോഷ്ടിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |