നാഗ്പൂർ: സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വിവാഹ വാർഷിക പാർട്ടി നടത്തിയതിനുശേഷം അർദ്ധരാത്രിയോടെ ദമ്പതികൾ ജീവനൊടുക്കി. നാഗ്പൂർ മാർട്ടിൻ നഗർ സ്വദേശികളായ അമ്പത്തേഴുകാരൻ ജെറിൽ ഡാംസൺ, ഭാര്യ നാൽപ്പത്താറുകാരി ആനി എന്നിവരെയാണ് ഇരുപത്തിയാറാം വിവാഹ വാർഷികാഘോഷങ്ങൾക്ക് ശേഷം മരിച്ചനിലയൽ കണ്ടെത്തിയത്. ആനിയുടെ മൃതദേഹം വീട്ടിനുളളിലെ കട്ടിലിൽ വിവാഹവസ്ത്രം ധരിച്ച നിലയിലായിരുന്നു. മൃതദേഹത്തിൽ വെളുത്ത പൂക്കൾ വിതറുകയും ചെയ്തിരുന്നു. ജെറിലിനെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ആനിയെ കൊലപ്പെടുത്തിയശേഷം ജെറിൽ ജീവനൊടുക്കിയതാണെന്നാണ് കരുതുന്നത്.
മുദ്രപ്പത്രത്തിൽ തയ്യാറാക്കിയ അനൗപചാരിക വിൽപ്പത്രവും സോഷ്യൽ മീഡിയ സ്റ്റാറ്റസും ഉൾപ്പെടെ രണ്ട് ആത്മഹത്യാകുറിപ്പുകൾ ഇവർ സോഷ്യൽമീഡിയയിൽ അപ്‌ലോഡുചെയ്തിട്ടുണ്ട്. തങ്ങളുടെ മരണത്തിൽ മറ്റാരും ഉത്തരവാദികളല്ലെന്നാണ് കുറിപ്പിൽ വ്യക്തമാക്കുന്നത്. എന്നാൽ ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമല്ലെന്നാണ് പൊലീസ് നൽകുന്ന സൂചന. ദമ്പതികൾക്ക് കുട്ടികൾ ഇല്ലായിരുന്നു. തങ്ങളുടെ സ്വത്തുക്കൾ ഒരു പ്രശ്നവുമില്ലാതെ വിതരണം ചെയ്യണമെന്നും കുറിപ്പിൽ ഇവർ മുതിർന്ന ബന്ധുക്കളോട് ആവശ്യപ്പെടുന്നുണ്ട്. പൊലീസ് നടപടികൾക്ക് ശേഷം ഇവരുടെ ആഗ്രഹപ്രകാരം ഒരേ ശവപ്പെട്ടിയിൽ ഒന്നിച്ച് സംസ്കരിച്ചു.
ആനിയുടെ സോഷ്യൽമീഡിയ സ്റ്റാറ്റസ് കണ്ട ഒരു ബന്ധുവാണ് മറ്റുള്ളവരെ വിവരമറിയിച്ചത്. ബന്ധുക്കൾ എത്തി നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയില്ലെന്നും ആത്മഹത്യയാണെന്നുമാണ് പൊലീസിന്റെ നിഗമനം. അന്വേഷണത്തിന്റെ ഭാഗമായി ഇരുവരുടെയും ഫോണുകൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൊവിഡിന് മുൻപ് ജെറിൽ പ്രമുഖ ഹോട്ടലുകളിൽ ഷെഫായി ജോലിനോക്കിയിരുന്നു. കൊവിഡിനുശേഷം ആവശ്യക്കാർക്ക് പലിശയ്ക്ക് പണം നൽകി വരികയായിരുന്നു. വീട്ടമ്മയായിരുന്നു ആനി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |