
തിരുച്ചിറപ്പള്ളി: 53 കേസുകളിൽ പ്രതിയായ കൊടുംകുറ്റവാളി ബാലമുരുകൻ ഒടുവിൽ പൊലീസ് പിടിയിലായി. നവംബർ മൂന്നിന് വിയ്യൂർ ജയിലിലേക്ക് കൊണ്ടുവരുമ്പോൾ തമിഴ്‌നാട് പൊലീസിന്റെ കസ്റ്റഡിയിൽ നിന്നാണ് ഇയാൾ രക്ഷപ്പെട്ടത്. തിരുച്ചിറപ്പള്ളിയിൽ വാഹനപരിശോധന നടത്തവേ ബൈക്കിലെത്തിയ ബാലമുരുകനെ പൊലീസ് പിടികൂടുകയായിരുന്നു. തെങ്കാശി കോടതിയിൽ ഹാജരാക്കിയ ഇയാളെ ഞായറാഴ്‌ച ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്‌തു.
കവർച്ച, കൊലപാതകശ്രമം ഉൾപ്പെടെ 53 കേസുകളിലെ പ്രതിയാണ് തമിഴ്നാട് കടയം സ്വദേശിയായ ബാലമുരുകൻ (44). നേരത്തെയും തമിഴ്നാട് പൊലീസ് വാഹനത്തിൽ നിന്ന് സമാനമായ രീതിയിൽ രക്ഷപ്പെട്ടിട്ടുണ്ട്. മോഷ്ടിച്ച ബൈക്കിലാണ് അന്ന് രക്ഷപ്പെട്ടത്. തമിഴ്നാട്ടിലെ കവർച്ചാകേസിൽ 2021ൽ മറയൂരിൽ നിന്നാണ് കേരള പൊലീസ് ബാലമുരുകനെ പിടിച്ചു നൽകിയത്. പുറത്തിറങ്ങിയശേഷം മറയൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ തുടർച്ചയായി മോഷണങ്ങൾ നടത്തിയാണ് ബാലമുരുകൻ പ്രതികാരം ചെയ്തത്. കേരള പൊലീസ് പിടികൂടിയതിനെ തുടർന്ന് ഇയാൾ വിയ്യൂർ ജയിലിലായിരുന്നു. ഇതിനിടെയാണ് തമിഴ്നാട്ടിലെ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കുന്നതിനായി കൊണ്ടുപോയത്.
ബാലമുരുകൻ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ സസ്‌പെൻഷൻ നടപടിയെടുത്തിരുന്നു. തമിഴ്‌നാട് വിരുതനഗർ ജില്ലയിലെ ബന്ദൽക്കുടി സ്റ്റേഷനിലെ എസ് ഐ നാഗരാജൻ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥരെയാണ് സസ്‌പെൻഡ് ചെയ്തത്. പിന്നാലെ ബാലമുരുകനെ കണ്ടെത്താനുള്ള അന്വേഷണം ക്യൂ ബ്രാഞ്ച് ഏറ്റെടുക്കുകയും ചെയ്‌തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |