ദർഭംഗ(ബീഹാർ): ഭാര്യയുടെ കൺമുമ്പിലിട്ട് യുവാവിനെ ഭാര്യാപിതാവ് വെടിവച്ചുകൊന്നു. ദർഭംഗ മെഡിക്കൽ കോളേജ് ആശുപത്രിയിലെ രണ്ടാം വർഷ നഴ്സിംഗ് വിദ്യാർത്ഥിയായ രാഹുൽ കുമാറിനെയാണ് ഭാര്യാപിതാവ് പ്രേംശങ്കർ ത്സാ കൊലപ്പെടുത്തിയത്. ഇന്നലെ വൈകുന്നേരം ആശുപത്രി പരിസരത്തായിരുന്നു സംഭവം. നാല് മാസങ്ങൾക്ക് മുൻപാണ് യുവാവ് മെഡിക്കൽ കോളേജിലെ ഒന്നാം വർഷ നഴസിംഗ് വിദ്യാർത്ഥിനിയായ തന്നു പ്രിയയെ വിവാഹം ചെയ്തത്. അന്യജാതിയിൽപ്പെട്ട രാഹുൽ മകളെ വിവാഹം കഴിച്ചതിൽ തന്നു പ്രിയയുടെ രക്ഷിതാക്കൾ എതിർത്തിരുന്നതായും വിവരമുണ്ട്.
കൊലപാതകം നടത്തിയ പ്രേംശങ്കറിനെ രാഹുലിന്റെ സുഹൃത്തുക്കൾ മർദ്ദിച്ചിരുന്നു. ഗുരുതര പരിക്കേറ്റ പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇയാളെ കൂടുതൽ ചികിത്സയ്ക്കായി പാട്നയിലെ ആശുപത്രിയിലേക്ക് മാറ്റുമെന്നും പൊലീസ് അറിയിച്ചു. രാഹുലും തന്നുവും വിവാഹിതരായിട്ടും ഒരേ ഹോസ്റ്റലിലെ വ്യത്യസ്ത കെട്ടിടങ്ങളിലായിരുന്നു താമസിച്ചിരുന്നത്. ഹുഡി ധരിച്ച ഒരാൾ രാഹുലിന്റെ അടുത്തേക്ക് വരുന്നത് കണ്ടെന്നും സൂക്ഷിച്ചുനോക്കിയപ്പോഴാണ് പിതാവാണെന്ന് മനസിലായതെന്നും തന്നു പ്രിയ പൊലീസിനോട് പറഞ്ഞു.
തന്റെ മുൻപിൽ വച്ചാണ് പിതാവ് രാഹുലിന്റെ നെഞ്ചിൽ വെടിവച്ചത്. തന്നെ വിവാഹം കഴിച്ചതിനാൽ പിതാവും സഹോദരൻമാരും രാഹുലിനെ അപായപ്പെടുത്തുമെന്ന് മുൻപേ സംശയമുണ്ടായിരുന്നു. പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി നിയമസഹായവും തേടിയിരുന്നതായി യുവതി പറഞ്ഞു. ഇതിനിടയിൽ പ്രേംശങ്കറിനെ ദർഭംഗ മെഡിക്കൽ കോളേജിൽ ചികിത്സയിൽ പ്രവേശിപ്പിച്ചതിനെതിരെ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. സംഘർഷം വഷളായതോടെ ദർഭംഗ ജില്ലാ മജിസ്ട്രേറ്റ് കൗശൽ കുമാറും സീനിയർ പൊലീസ് സൂപ്രണ്ട് ജഗൻനാഥ് റെഡ്ഡിയും ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |