SignIn
Kerala Kaumudi Online
Thursday, 21 August 2025 1.11 AM IST

പ്രസിഡന്റ് പുട്ടിന്റെ മലമൂത്രത്തിലുള്ളത് നിർണായക വിവരങ്ങൾ, അധികാരത്തിലെത്തിയതുമുതൽ പാലിക്കുന്ന 'പൂപ്പ് പ്രോട്ടോക്കോൾ'

Increase Font Size Decrease Font Size Print Page
putin

വാഷിംഗ്‌ടൺ: റഷ്യ-യുക്രെയിൻ സംഘർഷത്തിന് പരിഹാരം ലക്ഷ്യമിട്ട് യു.എസ് പ്രസിഡന്റ് ഡൊണാൾ‌ഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയെ ലോകം അതീവ പ്രാധാന്യത്തോടെയാണ് ഉറ്റുനോക്കിയത്. കഴിഞ്ഞ ശനിയാഴ്ച അലാസ്‌കയിൽ പുട്ടിനുമായി മൂന്ന് മണിക്കൂർ നീണ്ട ചർച്ചയ്ക്ക് 'പത്തിൽ പത്ത് " മാർക്ക് നൽകിയ ട്രംപ്, കാര്യമായ പുരോഗതിയുണ്ടായെന്നും വ്യക്തമാക്കിയിരുന്നു. ഇതിനിടെ ലോകം മറ്റൊരു അസാധാരണ കാര്യത്തിന് കൂടി സാക്ഷിയായിരുന്നു, പുട്ടിന്റെ അംഗരക്ഷകരുടെ പക്കലുണ്ടായിരുന്ന 'പൂപ്പ് സ്യൂട്ട്‌കേസ്' അഥവാ വിസർജ്യം സൂക്ഷിക്കുന്ന ബാഗ്. 'പൂപ്പ് പ്രോട്ടോക്കോൾ' (വിസർജ്യ നിയമം) പ്രകാരം പുട്ടിന്റെ മലമൂത്ര വിസർജ്യം ശേഖരിച്ച് റഷ്യയിൽ തിരിച്ചെത്തിക്കുകയെന്ന ചുമതല കൂടി ഈ അംഗരക്ഷകർക്കുണ്ടായിരുന്നു.

പുട്ടിൻ വിദേശ സന്ദ‌ർശനം നടത്തുമ്പോഴെല്ലാം അംഗരക്ഷകർ ഇത്തരത്തിൽ മലമൂത്ര വിസർജ്യം ശേഖരിച്ച് തിരിച്ച് റഷ്യയിൽ എത്തിക്കാറുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇത്തരത്തിലെ റിപ്പോർട്ടുകൾ 2022ലാണ് ആദ്യം പുറത്തുവന്നത്. പ്രമുഖ ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റുകളായ റെഗിസ് ജെന്റെ, മിഖായിൽ റൂബിൻ എന്നിവരുടെ റിപ്പോർട്ട് ഫ്രഞ്ച് പ്രസിദ്ധീകരണമായ പാരിസ് മാച്ചിൽ പ്രസിദ്ധീകരിച്ചതാണ് ആദ്യം ലോകശ്രദ്ധ നേടിയത്. റഷ്യൻ പ്രസിഡന്റിന്റെ ഫെഡറൽ പ്രൊട്ടക്ഷൻ സർവീസ് (എഫ് പി എസ്) അംഗങ്ങളാണ് മലമൂത്ര വിസർജ്യം ശേഖരിക്കുന്നതെന്നായിരുന്നു റിപ്പോർട്ടിലുണ്ടായിരുന്നത്.

പുട്ടിന്റെ മലമൂത്രത്തിൽ പ്രധാനപ്പെട്ട വിവരങ്ങൾ ഉണ്ടെന്നും ഇവ വിദേശ രഹസ്യാന്വേഷണ വിഭാഗങ്ങളോ ചാര ഏജൻസികളോ പരിശോധന നടത്തി കണ്ടെത്താമെന്നും അതിനാലാണ് വിസർജ്യം റഷ്യയിലല്ലാതെ മറ്റൊരിടത്തും ഉപേക്ഷിക്കാത്തതെന്നുമാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. മലമൂത്ര പരിശോധനയിലൂടെ പുട്ടിന്റെ ആരോഗ്യവിവരങ്ങൾ ചോരാതിരിക്കാനാണ് ഈ പ്രത്യേക സുരക്ഷാ മുൻകരുതലുകളെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പുട്ടിൻ 2019ൽ നടത്തിയ സൗദി സന്ദർശനത്തിലാണ് ഇതിനെക്കുറിച്ച് ആദ്യമായി വിവരം ലഭിച്ചതെന്നും പാരിസ് മാച്ചിലെ ആർട്ടിക്കിളിൽ വെളിപ്പെടുത്തുന്നു.

ഫെഡറൽ പ്രൊട്ടക്ഷൻ സർവീസിന്റെ (എഫ് എസ് ഒ) മേൽനോട്ടത്തിലാണ് പുട്ടിന്റെ മലമൂത്ര വിസർജ്യം അതീവ സുരക്ഷിതമായി ശേഖരിക്കുന്ന മിഷൻ നടപ്പിലാക്കുന്നത്. റഷ്യൻ ഉന്നത നേതാക്കളുടെ സുരക്ഷാച്ചുമതല എഫ് എസ് ഒയ്ക്കാണ്. പ്രത്യേകം ഡിസൈൻ ചെയ്ത പൗച്ചുകളിലാണ് റഷ്യൻ പ്രസിഡന്റിന്റെ മലമൂത്രം ശേഖരിക്കുന്നത്. ഇത് പിന്നാലെ ഒരു പ്രത്യേക സ്യൂട്ട്‌കേസിലേയ്ക്ക് മാറ്റും. അതീവ രഹസ്യമായി മിഷൻ നടപ്പിലാക്കുന്നത്. ഇതേക്കുറിച്ച് പുറത്തുപറയാതിരിക്കാൻ റഷ്യൻ എംബസി ജീവനക്കാർക്കുമേൽ കർശന മുന്നറിയിപ്പുമുണ്ട്.

മുൻ ബിബിസി റിപ്പോർട്ടർ ഫരീദ റുസ്തമോവയും പുട്ടിന്റെ വിസർജ്യ ശേഖര നിയമം സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്. വിയന്ന സന്ദർശന വേളയിൽ പുട്ടിൻ പോർട്ടബിൾ ടോയ്‌ലറ്റ് ഉപയോഗിച്ചതായാണ് റിപ്പോർട്ടിൽ പരാമർശിച്ചത്. 1999ൽ പ്രസിഡന്റ് സ്ഥാനത്തിലേറിയതുമുതൽ പുട്ടിൻ ഈ രീതി പിന്തുടരുന്നുണ്ടെന്ന് ഒരു സ്രോതസ് വെളിപ്പെടുത്തിയതായും അവർ വ്യക്തമാക്കിയിരുന്നു.

പുട്ടിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും അതുസംബന്ധിച്ച് പുറംലോകമറിയാതിരിക്കാൻ സ്വീകരിക്കുന്ന മാർഗങ്ങളെക്കുറിച്ചും നേരത്തെയും അനവധി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 72 വയസുള്ള റഷ്യൻ പ്രസിഡന്റിന്റെ ആരോഗ്യത്തെക്കുറിച്ച് പല ഊഹാപോഹങ്ങളും ശക്തമാകുന്നതിനിടെയാണ് പൂപ്പ് സ്യൂട്ട്‌കേസിനെക്കുറിച്ചുള്ള റിപ്പോ‌ർട്ടുകൾ ഉയർന്നുവരുന്നത്.

പുട്ടിന് കാൻസർ ആണെന്നും പാർക്കിൻസൺസ് രോഗമുണ്ടെന്നുവരെ വിവിധ തരത്തിൽ കിംവദന്തികൾ വ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ അസ്താനയിൽ നടന്ന പത്രസമ്മേളനത്തിനിലെ പുട്ടിൻ അപ്രതീക്ഷിതമായി കാലുകൾ കുലുക്കിയതാണ് ചർച്ചകൾക്ക് വഴിവച്ചത്. പാർക്കിൻസൺസ് രോഗത്തിന്റെ ലക്ഷണമാണിതെന്നാണ് പലരും ചൂണ്ടിക്കാട്ടിയത്. 2023ൽ ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെങ്കോയുമായുള്ള കൂടിക്കാഴ്‌ചക്കിടെ പുട്ടിൻ തന്റെ ഇരിപ്പിടത്തിൽ ഇടയ്ക്കിടെ ഇളകിയിരുന്നതും പലരും ശ്രദ്ധിച്ചിരുന്നു. 2022ൽ ഉണ്ടായ വീഴ്ചയ്ക്ക് ശേഷം പുട്ടിന്റെ ആരോഗ്യസ്ഥിതി മോശമായതായി ജനറൽ എസ്‌വിആർ ടെലിഗ്രാം ചാനൽ പ്രചരിപ്പിച്ചിരുന്നു. എന്നാൽ പുട്ടിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ഇത്തരം കിംവദന്തികൾ ക്രെംലിൻ തള്ളിക്കളയുകയാണ് പതിവ്.

TAGS: VLADIMIR PUTIN, POOP SUITCASE, POOP PROTOCOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.