ലക്‌നൗ: സഹപ്രവർത്തകരുടെ മുൻപിൽ വച്ച് മേലധികാരിയെ പ്രധാന അദ്ധ്യാപകൻ ബെൽറ്റൂരി മർദ്ദിച്ചു. ഉത്തർപ്രദേശിലെ സീതാപൂരിലുളള ബേസിക് ശിക്ഷ അധികാരി (ബിഎസ്എ) ഓഫീസിലായിരുന്നു സംഘർഷം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മഹ്മൂദാബാദിലെ നദ്‌വ പ്രൈമറി സ്‌കൂളിലെ പ്രധാന അദ്ധ്യാപകനായ ബ്രിജേന്ദ്ര കുമാർ വർമ്മയാണ് ബിഎസ്എ ഓഫീസറായ അഖിലേഷ് പ്രതാപ് സിംഗിനെ ക്രൂരമായി മർദ്ദിച്ചത്.
ഇയാൾക്കെതിരെ ഉയർന്ന ചില പരാതികളെക്കുറിച്ചുളള വിശദീകരണം നൽകാനായി കഴിഞ്ഞ ദിവസം ബിഎസ്എ ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. ചർച്ച ആരംഭിച്ച് നിമിഷങ്ങൾക്കുളളിൽത്തന്നെ ബ്രിജേന്ദ്ര കുമാർ പ്രകോപിതനായി. അഖിലേഷ് പ്രതാപ് സിംഗുമായുളള സംസാരത്തിനിടയിലാണ് പ്രധാന അദ്ധ്യാപകൻ ദേഷ്യപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. സംസാരിക്കുന്നതിടയിൽ ബ്രിജേന്ദ്ര കുമാർ കൈവശമുണ്ടായിരുന്ന ഫയൽ ദേഷ്യത്തോടെ മേശയിൽ വയ്ക്കുകയും തുടർന്ന് ബെൽറ്റ് ഊരുകയുമായിരുന്നു. തൊട്ടടുത്തുനിന്ന മറ്റൊരു ഉദ്യോഗസ്ഥൻ ഇതുകണ്ട് പിറകിലോട്ട് മാറി. തുടർന്ന് ബ്രിജേന്ദ്ര കുമാർ അഖിലേഷ് പ്രതാപ് സിംഗിനെ ബെൽറ്റുപയോഗിച്ച് ആഞ്ഞടിക്കുകയായിരുന്നു.
ഒരു ഉദ്യോഗസ്ഥൻ ഇടപെട്ട് തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവിൽ കൂടുതൽ ഉദ്യോഗസ്ഥർ എത്തിയാണ് ഇയാളെ ശാന്തനാക്കിയത്. സംഭവത്തിനിടയിൽ അടിയേറ്റ ഉദ്യോഗസ്ഥൻ പൊലീസിനെ വിളിക്കാൻ ശ്രമിച്ചെങ്കിലും ബ്രിജേന്ദ്ര കുമാർ ഫോൺ എറിഞ്ഞുപൊട്ടിച്ചു.
അശ്രദ്ധമായി പെരുമാറിയതിന് തന്റെ സ്‌കൂളിലെ ഒരു അദ്ധ്യാപകന് ബ്രിജേന്ദ്ര കുമാർ നോട്ടീസ് നൽകിയിരുന്നു. ഈ നോട്ടീസ് രാഷ്ട്രീയ ഗ്രൂപ്പുകളിൽ ആരോ പങ്കുവച്ചതോടെ ബ്രിജേന്ദ്ര കുമാറിനെതിരെ നടപടി വേണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇതിൽ വിശദീകരണം നൽകാനാണ് ബിഎസ്എ ഓഫീസിലേക്ക് വിളിപ്പിച്ചത്. ഇനി ഇത്തരം പ്രവൃത്തികൾ ആവർത്തിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയതോടെയാണ് ബ്രിജേന്ദ്ര കുമാർ ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.
സംഭവത്തിൽ പ്രധാന അദ്ധ്യാപകനെതിരെ ഉദ്യോഗസ്ഥൻ കോട്‌വാലി നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇയാളെ സംഭവസ്ഥലത്തുവച്ചുതന്നെ അറസ്റ്റ് ചെയ്തതായാണ് വിവരം. ബ്രിജേന്ദ്ര കുമാറിനെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്തിട്ടുണ്ടെന്ന് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. പ്രതി നടത്തിയത് ഗുരുതര അച്ചടക്കലംഘനമാണെന്നും അതിനാൽ ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്ന ആവശ്യത്തിൽ ബിഎസ്എ വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |