
ഹൈദരാബാദ്: വിവാഹത്തിലും പ്രസവത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാതെ സ്ത്രീകൾ കരിയറിൽ ശ്രദ്ധിക്കൂയെന്ന നടൻ രാംചരണിന്റെ ഭാര്യ ഉപാസന കാമിനേനി കൊനിഡേലയുടെ ഉപദേശം ചർച്ചയാകുന്നു. ഹൈദരാബാദിൽ ഐഐടി വിദ്യാർത്ഥികൾക്കായി അവർ നടത്തിയ കരിയർ കൗൺസിലിംഗിനിടയിലാണ് ഇക്കാര്യങ്ങൾ പരാമർശിച്ചത്. നിലവിൽ സ്ത്രീകൾ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഭാവിയിൽ കുട്ടികളുണ്ടാകാൻ അണ്ഡം ശീതീകരിച്ച് സൂക്ഷിക്കണമെന്ന ഉപാസനയുടെ ഉപദേശമാണ് ചർച്ചയ്ക്ക് തുടക്കം കുറിച്ചത്.
സ്ത്രീകൾക്കുള്ള ഏറ്റവും വലിയ ഇൻഷുറൻസ് അവരുടെ അണ്ഡങ്ങൾ മരവിപ്പിക്കുകയെന്നതാണ്. കാരണം നിങ്ങൾ സാമ്പത്തികമായി സ്വതന്ത്രയാകുമ്പോഴാണ് എപ്പോൾ വിവാഹം കഴിക്കണം, എപ്പോൾ കുട്ടികൾ വേണം എന്ന് തീരുമാനിക്കേണ്ടതെന്ന് ഉപാസന വീഡിയോയിൽ പറഞ്ഞു. വിദ്യാർത്ഥികളോട് എത്ര പേർ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ചോദിച്ചപ്പോൾ പെൺകുട്ടികളെക്കാൾ കൂടുതൽ ആൺകുട്ടികളാണ് കൈകൾ ഉയർത്തിയതെന്ന് അവർ പറഞ്ഞു. സ്ത്രീകൾ കൂടുതൽ കരിയറിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെന്നും ഇതാണ് പുരോഗമന ഇന്ത്യയെന്നും അവർ കൂട്ടിച്ചേർത്തു.
ഉപാസനയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ തരത്തിലുളള ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. നിരവധി വിമർശനങ്ങളും ലഭിക്കുന്നുണ്ട്. ബാങ്കിൽ കോടിക്കണക്കിന് നിക്ഷേപമുള്ളപ്പോൾ അണ്ഡം മരവിപ്പിക്കുന്നതിനെക്കുറിച്ച് ഉപദേശം നൽകുന്നത് വളരെ എളുപ്പമാണെന്നു ഐവിഎഫിന് ലക്ഷങ്ങൾ ചെലവാകുമെന്നുമാണ് ഉയരുന്ന വിമർശനങ്ങൾ.
എന്നാൽ ഇത്തരം വിമർശനങ്ങളെ ആരോഗ്യകരമായ ചർച്ചയെന്നാണ് ഉപാസന വിശേഷിപ്പിച്ചത്. വിദ്യാർത്ഥികൾക്ക് ഉപദേശം നൽകിയതിനുപിന്നിലെ ലക്ഷ്യവും അവർ എക്സിലൂടെ വിശദീകരിച്ചിട്ടുണ്ട്. അപ്പോളോ ഹോസ്പിറ്റൽസ് സ്ഥാപകൻ പ്രതാപ് സി റെഡ്ഡിയുടെ ചെറുമകളാണ് ഉപാസന കാമിനേനി കൊനിഡേല. അപ്പോളോ ഹോസ്പിറ്റൽസിൽ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്ആർ) വൈസ് ചെയർപേഴ്‌സൺ സ്ഥാനവും വഹിക്കുന്നുണ്ട്. 2012ലായിരുന്നു ഉപാസനയും രാംചരണുമായുളള വിവാഹം. ഇരുവർക്കും ഒരു മകളുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |