
മൂവാറ്റുപുഴ: വില്പനയ്ക്ക് എത്തിച്ച ഒന്നേകാൽ കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പൊലീസിന്റെ പിടിയിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് ബോർഡർപ്പറയിൽ ഇന്ദ്രജിത് മണ്ഡലിനെയാണ് (20) മൂവാറ്റുപുഴ പൊലീസ് ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
മൂവാറ്റുപുഴ മാർക്കറ്റിന് സമീപമുള്ള ചന്തക്കടവിന് അടുത്ത് അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഡിവൈ.എസ്.പി പി.എം ബൈജുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാൾ നിരീക്ഷണത്തിലായിരുന്നു. ബംഗാളിൽ നിന്ന് മൊത്തമായി കഞ്ചാവ് എത്തിച്ച് മൂവാറ്റുപുഴയിലും പരിസരപ്രദേശങ്ങളിലുമുള്ള അന്യസംസ്ഥാന തൊഴിലാളികൾക്ക് ചില്ലറയായി വിൽക്കുന്നതാണ് ഇയാളുടെ രീതി. പൈനാപ്പിൾ കൃഷിപ്പണിക്കായിട്ടാണ് ഇയാൾ മൂവാറ്റുപുഴയിൽ എത്തിയത്.
സബ് ഇൻസ്‌പെക്ടർമാരായ അതുൽ പ്രേമം ഉണ്ണി, പി.സി ജയകുമാർ, പി.വി എൽദോസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അബ്ദുൽ റഹീം, ബിബിൽ മോഹൻ, സി.പി.ഒമാരായ സിജോ തങ്കപ്പൻ, ബിനിൽ എൽദോസ്, സന്ദീപ് ടി. പ്രഭാകർ എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്ന് വിൽപ്പനക്കാരനെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |