
ബംഗളൂരു: കടം നൽകിയ പണം തിരികെ ചോദിച്ചതിന് ബംഗളൂരുവിലെ ഐടി തൊഴിലാളിയായ യുവാവിനെ കൊന്ന് വീട്ടിനുള്ളിൽ കുഴിച്ചുമൂടി. ആന്ധ്രാ കുപ്പം സ്വദേശിയായ ശ്രീനാഥിനെ ബന്ധുവും സുഹൃത്തുക്കളും ചേർന്നാണ് കൊലപ്പെടുത്തിയത്. ദൃശ്യം മോഡലിലാണ് കൊലനടത്തിയതെന്ന് പൊലീസ് പറയുന്നു.
അമ്മാവന്റെ മകനായ പ്രഭാകറിന് ഇയാൾ 40 ലക്ഷം രൂപ കടം നൽകിയിരുന്നു. ഇരട്ടിപ്പിക്കാനായി കടം കൊടുത്ത ഈ പണം പല പ്രാവശ്യം തിരികെ തരാൻ ആവശ്യപ്പെട്ടിട്ടും പ്രഭാകർ അത് അവഗണിക്കുകയായിരുന്നു. കുപ്പം എന്ന സ്ഥലത്ത് എത്തിയാൽ പണം കൈമാറാമെന്ന് അറിയിച്ചതിനെത്തുടർന്നാണ് ഇയാൾ വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് ഇയാൾ തിരികെ വീട്ടിലെത്തിയില്ല. എന്നാൽ, ശ്രീനാഥ് കുപ്പത്ത് എത്തിയിട്ടില്ലെന്ന് പ്രഭാകർ അറിയിച്ചതോടെ ഭാര്യ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പൊലീസ് കേസെടുത്ത് പ്രഭാകറിനെ ചോദ്യം ചെയ്‌തെങ്കിലും അയാൾ തന്റെ വാദത്തിൽ ഉറച്ച് നിൽക്കുകയായിരുന്നു. മൊബൈൽ ടവർ ലൊക്കേഷനിൽ രണ്ടുമാസമായി ഫോൺ കുപ്പം ടവറിന് കീഴിലെത്തിയിട്ടില്ലെന്നാണ് കണ്ടെത്തിയത്. ഇതോടെ അന്വേഷണം വഴിമുട്ടി. എന്നാൽ, പ്രഭാകറിന്റെ സുഹൃത്തായ ജഗദീഷിനെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. വലിയ തുകയുടെ ഇടപാടായതിനാൽ ആദായനികുതി വകുപ്പ് അന്വേഷിക്കുമെന്നതിനാൽ ഫോണുമായി വരരുതെന്ന് പറഞ്ഞതിനെത്തുടർന്നാണ് യുവാവ് ഫോണില്ലാതെ യാത്രപുറപ്പെട്ടതെന്ന് പൊലീസ് പിന്നീട് കണ്ടെത്തി.
പണം വാങ്ങാനായെത്തിയ ശ്രീനാഥിന്റെ തലയിൽ ചുറ്റിക കൊണ്ടടിച്ചാണ് പ്രതികൾ കൊലപ്പെടുത്തിയത്. പ്രഭാകറും സുഹൃത്തുക്കളും ചേർന്നാണ് കൃത്യം ചെയ്‌തത്. ശേഷം മുറിയിൽ കുഴിയെടുത്ത് മൃതദേഹം അതിനടിയിൽ കുഴിച്ചുമൂടി. പൊലീസ് തിരച്ചിലിൽ മൃതദേഹം കണ്ടെത്തി. പണം നൽകാത്തതിന് സ്വന്തം ഭാര്യയെ കൊന്ന കേസിൽ ജയിൽശിക്ഷ അനുഭവിച്ചയാളാണ് പ്രതിയായ പ്രഭാകർ. ഇയാളുടെ കൂട്ടാളിയായ ജഗദീഷും കാമുകിയെ കൊന്ന കേസിൽ ജയിലിൽ കിടന്നിട്ടുണ്ട്. എന്നാൽ പണം ഇരട്ടിയാക്കി കിട്ടുമെന്ന പ്രതീക്ഷയിൽ ഇതെല്ലാം മറന്നുകൊണ്ടാണ് ശ്രീനാഥ് ഇയാൾക്ക് പണം നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |