
ഭോപ്പാൽ: അവിഹിത ബന്ധം കണ്ടുപിടിച്ചതിനെത്തുടർന്ന് അഞ്ചു വയസുകാരനെ കെട്ടിടത്തിന് മുകളിൽ നിന്ന് തള്ളിയിട്ടു കൊന്ന അമ്മയ്ക്ക് ജീവപര്യന്തം തടവുശിക്ഷ. മദ്ധ്യപ്രദേശിലെ ഗ്വാളിയോറിൽ 2023 ഏപ്രിൽ 28നാണ് കേസിനാസ്പദമായ സംഭവം. പൊലീസ് കോൺസ്റ്റബിളായ ധ്യാൻ സിംഗ് റാത്തോഡിന്റെ ഭാര്യ ജ്യോതി റാത്തോഡിനെയാണ് കോടതി ശിക്ഷിച്ചത്.
ജ്യോതിക്ക് അയൽവാസിയായ ഉദയ് ഇൻഡോലിയ എന്ന യുവാവുമായി അവിഹിത ബന്ധമുണ്ടായിരുന്നു. സംഭവ ദിവസം ഇരുവരും തമ്മിലുള്ള സ്വകാര്യ നിമിഷങ്ങൾ മകൻ ജതിൻ കാണാനിടയായി. ഇക്കാര്യം മകൻ ഭർത്താവിനോട് പറയുമെന്ന് ഭയന്ന ജ്യോതി, വീടിന്റെ രണ്ടാം നിലയിലെ മേൽക്കൂരയിൽ കൊണ്ടുപോയി താഴേക്ക് തള്ളിയിടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജതിൻ 24 മണിക്കൂറിനുള്ളിൽ മരണപ്പെട്ടു. ആദ്യഘട്ടത്തിൽ കുട്ടി മേൽക്കൂരയിൽ നിന്ന് അബദ്ധത്തിൽ വീണതാണെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ മകന്റെ മരണത്തിൽ സംശയം തോന്നിയ ഭർത്താവ് ധ്യാൻ സിംഗ് രഹസ്യമായി അന്വേഷണം തുടങ്ങി.
മകൻ മരിച്ച് 15 ദിവസത്തിന് ശേഷം കുറ്റബോധം സഹിക്കാൻ കഴിയാതെ ജ്യോതി ഭർത്താവിനോട് സത്യം തുറന്നുപറഞ്ഞു. ഭാര്യ കുറ്റസമ്മതം നടത്തിയ സംഭാഷണങ്ങൾ ധ്യാൻ സിംഗ് വീഡിയോയിലും ഓഡിയോയിലും റെക്കാർഡ് ചെയ്തു. കൂടാതെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. കൃത്യമായ തെളിവുകളുമായി ധ്യാൻ സിംഗ് പൊലീസിനെ സമീപിച്ചതോടെയാണ് കൊലപാതക വിവരം പുറംലോകമറിഞ്ഞത്.
ഭർത്താവ് നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ജ്യോതി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. എന്നാൽ തെളിവുകളുടെ അഭാവത്തിൽ ജ്യോതിയുടെ കാമുകനായ ഉദയിനെ വെറുതെ വിട്ടു. സിസിടിവി ദൃശ്യങ്ങളും ഭർത്താവ് ഹാജരാക്കിയ ഡിജിറ്റൽ തെളിവുകളുമാണ് കേസിൽ നിർണായകമായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |