
ലക്‌നൗ: മുഖത്ത് കേക്ക് തേച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം മൂന്ന് പേരുടെ കൊലപാതകത്തിൽ കലാശിച്ചു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ഇന്നലെ രാത്രിയോടെയാണ് സംഭവം. അമർദീപ്, മനീഷ്, ആകാശ് എന്നിവരാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ജിം ഉടമയായ ജീതു സൈനിയുടെ ജന്മദിനാഘോഷത്തിനിടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ആഘോഷങ്ങൾക്കിടെ സുഹൃത്തായ അമർദീപ് സൈനി തമാശരൂപേണ ജീതുവിന്റെ മുഖത്ത് കേക്ക് തേച്ചു. ഇതിൽ പ്രകോപിതനായ ജീതു അമർദീപുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടു.
തർക്കം മൂർച്ഛിച്ചതോടെ അമർദീപിന്റെ ബന്ധുക്കളായ മനീഷ് സൈനിയും ആകാശ് സൈനിയും ഇടപെട്ടു. ഇതോടെ പ്രകോപിതനായ ജീതു സൈനി ആഘോഷം നടക്കുന്ന സ്ഥലത്തുനിന്ന് മടങ്ങുകയും അല്പസമയത്തിനകം തോക്കുമായി തിരിച്ചെത്തി മൂവരെയും തുരുതുരാ വെടിവച്ച് കൊലപ്പെടുത്തുകയുമായിരുന്നു. വെടിയേറ്റ ഉടനെ മൂവരെയും അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. കൃത്യത്തിന് ശേഷം പ്രതിയായ ജീതു സൈനിയും കൂട്ടാളികളും സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
സംഭവം നടന്ന ജിമ്മിൽ ഫോറൻസിക് സംഘം പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട് . കൊലപാതകത്തിന് പിന്നിൽ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിച്ചു വരികയാണ്. പ്രതികളെ പിടികൂടാൻ ആറ് പേരടങ്ങുന്ന പ്രത്യേക സംഘത്തെ പൊലീസ് രൂപീകരിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |