കൊച്ചി: ആലുവയിൽ സ്വകാര്യ ബസ് സ്റ്റാൻഡിനുള്ളിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് വെട്ടേറ്റു. തിരുവനന്തപുരം സ്വദേശിയും ആലുവയിൽ ബസ് ഡ്രൈവറുമായ അൻഷാദിനാണ് വടിവാൾ കൊണ്ട് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ അൻഷാദിനെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ആലുവ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് സ്ഥിരമായി വന്നിരിക്കുന്നവരുണ്ട്. ഇവർ തമ്മിൽ വാക്കുതർക്കത്തിലേർപ്പെടുന്നതും പതിവാണ്. എന്നാൽ, ഇത്തവണ വാക്കുതർക്കം അക്രമത്തിൽ കലാശിക്കുകയായിരുന്നു. നാലുപേർ ചേർന്നാണ് അൻഷാദിനെ ആക്രമിച്ചതെന്നാണ് വിവരം. വടിവാൾ കൊണ്ടുള്ള ആക്രമണത്തിൽ അൻഷാദിന്റെ കയ്യിലും കാലിലും കഴുത്തിന്റെ വശത്തും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ആലുവ പ്രൈവറ്റ് ബസ് സ്റ്റാൻഡിനുള്ളിൽ ഇത്തരത്തിലുള്ള സംഘർഷങ്ങൾ ആവർത്തിക്കുന്നതിൽ പൊലീസിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |