
കൊയിലാണ്ടി: സി പി എം കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി പി.വി. സത്യനാഥനെ (66) കൊലപ്പെടുത്തിയ കേസിൽ പ്രതി അഭിലാഷിന്റെ മൊഴി പുറത്ത്. സത്യനാഥൻ തന്നെ മന:പ്പൂർവം അവഗണിച്ചെന്ന് പ്രതി പൊലീസിന് മൊഴി നൽകി.
മറ്റ് പാർട്ടിക്കാർ തന്നെ മർദിച്ചപ്പോൾ സംരക്ഷിച്ചില്ല. പകരം കുറ്റപ്പെടുത്തുകയാണ് ചെയ്തത്. പാർട്ടി പ്രവർത്തനത്തിൽ നിന്ന് മാറ്റിനിർത്തി. ഇതെല്ലാം വൈരാഗ്യത്തിന് കാരണമായെന്ന് അഭിലാഷ് പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. അഭിലാഷിനായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ.അർവിന്ദ് സുകുമാറിനാണ് അന്വേഷണ ചുമതല.
വ്യാഴാഴ്ച ചെറിയപ്പുറം പരദേവതാ ക്ഷേത്രോത്സവത്തിലെ ഗാനമേളയ്ക്കിടെ രാത്രി പത്ത് മണിയോടെയായിരുന്നു കൊലപാതകം നടന്നത്. ഉത്സവത്തിന് സത്യനാഥൻ കുടുംബസമേതം എത്തിയിരുന്നു. പേരക്കിടാവ് ഉറങ്ങിയതോടെ മകളെ ഏൽപ്പിച്ച് ആൾക്കൂട്ടത്തിലേക്ക് നീങ്ങിയ ഉടനെ സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് അഭിലാഷ് തുരുതുരാ കുത്തുകയായിരുന്നു.
കഴുത്തിലും നെഞ്ചിലും കുത്തേറ്റ സത്യനാഥനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. കൃത്യം നടത്തിയ ശേഷം ഓടി രക്ഷപ്പെട്ട അഭിലാഷ് പിന്നീട് കൊയിലാണ്ടി പൊലീസിൽ കീഴടങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |