
കൊച്ചി: മാലപൊട്ടിക്കൽ കേസിൽ പ്രതിയായ അന്യസംസ്ഥാനക്കാരനെ ട്രെയിനിൽ നിന്ന് കവർന്ന മൊബൈൽ ഫോണുകളുമായി പൊലീസ് അറസ്റ്റ് ചെയ്തു, അസം മാരിഗാവോൺ സ്വദേശി മൊയിനുൾ ഹക്കാണ് (25) റെയിൽവേ സംരക്ഷണ സേനയും റെയിൽവേ പൊലീസും നടത്തിയ നീക്കത്തിൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്ന് പിടിയിലായത്.
പൂണെയിൽ നിന്ന് കന്യാകുമാരിയിലേക്ക് പോയ എക്സ്‌പ്രസ് ട്രെയിനിലെ റിസർവേഷൻ കോച്ചിൽ ഉറങ്ങിക്കിടന്ന യാത്രക്കാരുടെ ഫോണുകളാണ് പ്രതി കവർന്നത്. ശനിയാഴ്ച അർദ്ധരാത്രി ട്രെയിൻ ആലുവ വിട്ട ശേഷമായിരുന്നു മോഷണം. ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്ന് കയറിയ മൊയിനുൾ ഹക്ക് എസ് നാല് കോച്ചിലെ യാത്രക്കാരൻ കോയമ്പത്തൂർ വെട്രിവേൽ സ്വദേശി ഗുരുബാബുവിന്റെയും ശബരിമല ദർശനത്തിന് പോകുന്ന തെലുങ്കാന സ്വദേശിയുടെയും മൊബൈൽ ഫോണുകളാണ് കവർന്നത്. തുടർന്ന് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ പ്രതി അവിടെ നിന്ന് സൗത്ത് റെയിൽവേ സ്റ്റേഷനിലെത്തി.
ഇവിടെ ഓപ്പറേഷൻ യാത്രി സുരക്ഷയുടെ ഭാഗമായി പരിശോധന നടത്തിയ ആർ.പി.എഫ് ക്രൈം പ്രിവൻഷൻ ആൻഡ് ഡിറ്റക്ഷൻ സ്ക്വാഡും സേനാംഗങ്ങളും ചേർന്ന് കസ്റ്റഡിയിലെടുത്താണ് കൈമാറിയത്. എറണാകുളം റെയിൽവേ എസ്.എച്ച്.ഒ എ. നിസാറുദ്ദീന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഫോണുകൾ കണ്ടെടുത്തത്. ഇതിനിടെ ഗുരുബാബു കൊല്ലം റെയിൽവേ സ്റ്റേഷനിലിറങ്ങി പരാതി നൽകിയിരുന്നു. പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ മാല പൊട്ടിക്കലിന് കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സൗത്ത് സ്റ്റേഷനിൽ നിരീക്ഷണം തുടരുകയാണെന്ന് ആർ.പി.എഫ് സൗത്ത് ഇൻസ്പെക്ടർ ബിനോയ് ആന്റണി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |